LiveTV

Live

Entertainment

ഷാറൂഖ് ചിത്രം പത്താന്റെ ക്ലൈമാക്‌സ് ബുര്‍ജ് ഖലീഫയില്‍; ഒപ്പം സല്‍മാന്‍ ഖാനും

സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ക്ലൈമാക്‌സ് സീന്‍ ബുര്‍ജ്ഖലീഫയിലാണ് ഒരുങ്ങുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ഷാറൂഖ് ചിത്രം പത്താന്റെ ക്ലൈമാക്‌സ് ബുര്‍ജ് ഖലീഫയില്‍; ഒപ്പം സല്‍മാന്‍ ഖാനും

ബോളിവുഡിലെ സൂപ്പര്‍താരങ്ങളായ ഷാറൂഖ് ഖാനും സല്‍മാന്‍ ഖാനും വീണ്ടും ഒന്നിക്കുന്നു. തുടര്‍ പരാജയങ്ങള്‍ക്ക് ശേഷം ഷാറൂഖ് ഖാന്റെ പുതിയ ചിത്രമായ പത്താനിലാണ് ബോളിവുഡിലെ സൂപ്പര്‍താരങ്ങള്‍ ഒന്നിക്കുന്നത്. സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗങ്ങള്‍ ബുര്‍ജ്ഖലീഫയിലാണ് ഒരുങ്ങുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ആദ്യമായിട്ടാണ് ഒരു ബോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിങ് ബുര്‍ജ്ഖലീഫയില്‍ നടക്കുന്നത്.

ജോണ്‍ എബ്രഹാം, ദീപിക പദുകോണ്‍ എന്നിവരും ചിത്രത്തിലുണ്ട്. ഇരുവരും ബുര്‍ജ് ഖലീഫയിലെ ചിത്രീകരണത്തിലുണ്ടാവും. ബോളിവുഡ് ഇതുവരെ കാണാത്ത ക്ലൈമാക്‌സ് രംഗങ്ങളാണ് പത്താനിലുള്ളതെന്നാണ് പറയപ്പെടുന്നത്. അബുദാബിയിലെ മരുഭൂമിയിലാണ് സിനിമയുടെ പല സീനുകളും ചിത്രീകരിച്ചിരിക്കുന്നത്. ബിഗ്ബജറ്റില്‍ തന്നെയാണ് ചിത്രമൊരുങ്ങുന്നത്. ചിത്രത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. റിലീസ് സംബന്ധിച്ചും തീരുമാനമായിട്ടില്ല.

2018ല്‍ പുറത്തിറങ്ങിയ സീറോയാണ് ഷാറൂഖിന്റെ അവസാനം റിലീസായ ചിത്രം. സീറോ ബോക്‌സ്ഓഫീസില്‍ തകര്‍ന്നടിയുകയായിരുന്നു. അന്ന് തുടങ്ങിയതാണ് ഷാറൂഖിന്റെ പുതിയ ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പ്. സ്‌ക്രിപ്റ്റുകളെല്ലാം സൂക്ഷ്മമായി പരിശോധിച്ചേ കിങ്ഖാന്‍ അടുത്ത ചിത്രത്തിന് ഡേറ്റ് കൊടുക്കുന്നുള്ളൂ എന്ന തരത്തിലുള്ള വാര്‍ത്തകളും സജീവമായിരുന്നു. സൗത്ത്ഇന്ത്യയില്‍നിന്നുള്‍പ്പെടെ പല പ്രമുഖരും കഥ പറയാനായി ഷാറൂഖ്ഖാന്റെ വീടായ മന്നത്തിലെത്തിയിരുന്നു. പിന്നാലെ കോവിഡും ലോക്ക്ഡൗണും വഴിമുടക്കിയതോടെ ആരാധകരുടെ കാത്തിരിപ്പ് നീളുകയായിരുന്നു.