'അഭിപ്രായം പറഞ്ഞതിന് ആരും എന്നെ അന്ന് ആക്രമിച്ചില്ല, രാജ്യം മാറിയത് പെട്ടെന്ന്'; നടന് സിദ്ധാര്‍ത്ഥ്
2009ല്‍ ഇന്ത്യന്‍ ബിസിനസ് സ്ക്കൂളില്‍ വെച്ച് സംസാരിക്കുന്ന വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചാണ് സിദ്ധാര്‍ത്ഥ് പ്രതികരിച്ചത്.

2009ല്‍ അഭിപ്രായം പറഞ്ഞ് സംസാരിച്ചപ്പോള്‍ തനിക്കെതിരെ ആരും പരാതിയോ ഭീഷണിയോ ആയി രംഗത്തുവന്നില്ലെന്നും ആക്രമിച്ചില്ലെന്നും നടന് സിദ്ധാര്‍ത്ഥ്. ഇന്ത്യ ഒരുപാട് മാറിപോയെന്നും നമ്മുടെയെല്ലാം കണ്മുന്നില് വെച്ചാണ് എല്ലാം മാറിമറിഞ്ഞതെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു. 2009ല്‍ ഇന്ത്യന്‍ ബിസിനസ് സ്ക്കൂളില്‍ വെച്ച് സംസാരിക്കുന്ന വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചാണ് സിദ്ധാര്‍ത്ഥ് ഇന്ത്യയുടെ സമകാലിക രാഷ്ട്രീയ സാഹചര്യം വിമര്‍ശനവിധേയമാക്കിയത്. ജനാധിപത്യത്തില്‍ മാധ്യമങ്ങളുടെ പങ്കിനെക്കുറിച്ചാണ് സിദ്ധാര്‍ത്ഥ് വീഡിയോയില്‍ സംസാരിക്കുന്നത്.
ആന്ധ്രയില്‍ പ്രളയം വന്നപ്പോള്‍ ആന്ധ്ര മുഖ്യമന്ത്രി പ്രളയ സഹായം നല്‍കിയിട്ടും സെലിബ്രിറ്റി ആയി താന്‍ പോലും ആ വാര്‍ത്ത അറിഞ്ഞില്ലെന്ന് സിദ്ധാര്‍ത്ഥ് പ്രസംഗത്തില്‍ പറയുന്നു. മുംബൈ ഭീകരാക്രമണത്തെ മാധ്യമങ്ങള്‍ കൈകാര്യം ചെയ്ത രീതിയെയും സിദ്ധാര്‍ത്ഥ് വിമര്‍ശിച്ചു. 'മൂന്ന് ദിവസം നീണ്ട സര്‍ക്കസ്' എന്നാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിങ്ങിനെ സിദ്ധാര്‍ത്ഥ് പരിഹസിച്ചത്. ഒരു മാസം കഴിഞ്ഞപ്പോള്‍ തന്നെ ജനം ആക്രമണം മറന്നെന്നും വളരെ കുറഞ്ഞ കാലയളവേ അതിന് ആയുസ്സുണ്ടായിരുന്നുവെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു. സിദ്ധാര്‍ത്ഥിന്റെ 2009ലെ പ്രസംഗത്തെ പ്രശംസിച്ച് നിരവധി പേരാണ് ട്വിറ്ററില്‍ പ്രതികരണം അറിയിച്ചിരിക്കുന്നത്.
'2009ല്‍ രാഷ്ട്രീയ സാമൂഹിക സാഹചര്യത്തെ വിമര്‍ശിച്ച് എന്റെതായ ശൈലിയില്‍ പ്രസംഗിച്ചപ്പോള്‍ ആരും പരാതി നല്‍കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തില്ല. അഭിപ്രായം പറഞ്ഞതിന് ആരും ആക്രമിച്ചില്ല. ഇന്ത്യ ഒരുപാട് മാറിപോയിരിക്കുന്നു. നമ്മുടെ കണ്മുന്നില് വെച്ചാണ് എല്ലാം മാറിമറിഞ്ഞത്. ഇതിനെ കുറിച്ച് എന്താണ് ചെയ്യാന്‍ പോകുന്നതെന്നാണ് എന്റെ ചോദ്യം'; നടന് സിദ്ധാര്‍ത്ഥ് ട്വറ്ററില്‍ കുറിച്ചു.
ടൂൾകിറ്റ് കേസിൽ ദിശ രവിയെ അറസ്റ്റ് ചെയ്തതിനെതിരെ തുടര്‍ച്ചയായി സിദ്ധാര്‍ത്ഥ് ട്വിറ്ററില്‍ വിമര്‍ശനമുന്നയിച്ചിരുന്നു.