'കേന്ദ്രം 20 കൂട്ടിയാല്‍ കേരളം 25 കൂട്ടുവല്ലേ, ഇത് ചോദ്യം ചെയ്യണം'; ഇന്ധന വിലവര്‍ധനയില്‍ മേജര്‍ രവി
'സംസ്ഥാന സര്‍ക്കാരിന് നമ്മളോട് അത്രയും ഇഷ്ടമുണ്ടെങ്കില്‍ സര്‍ക്കാരിനുള്ള ടാക്സ് വേണ്ടായെന്ന് പറയട്ടെ'

തുടര്‍ച്ചയായ പെട്രോൾ, ഡീസല്‍ വില വര്‍ധനയില്‍ പ്രതികരണവുമായി സംവിധായകന് മേജര്‍ രവി. കേന്ദ്രം 20 കൂട്ടിയാല്‍ കേരളം 25 കൂട്ടുകല്ലേയെന്നും ഈ സിസ്റ്റമാണ് ജനം ചോദ്യം ചെയ്യേണ്ടതെന്നും മേജര്‍ രവി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന് നമ്മളോട് അത്രയും ഇഷ്ടമുണ്ടെങ്കില്‍ സര്‍ക്കാരിനുള്ള ടാക്സ് വേണ്ടായെന്ന് പറയട്ടെയെന്നും അത് പറയുന്ന പാര്‍ട്ടിക്കാരനെ താന്‍ ഇന്നേ വരെ കണ്ടിട്ടില്ലായെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് ലൈവിലാണ് മേജര്‍ രവി പ്രതികരിച്ചത്. കഴിഞ്ഞ ദിവസമാണ് മേജര്‍ രവി ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. പ്രതിപക്ഷ നേതാവ് നയിക്കുന്ന ഐശ്വര്യ കേരള യാത്രാ വേദിയില്‍ തൃപ്പുണിത്തുറയിൽ വെച്ച് അദ്ദേഹം മുഖ്യാതിഥിയായിരുന്നു.
അതെ സമയം ചരിത്രത്തില്‍ ആദ്യമായി രാജ്യത്ത് പെട്രോൾ വില 100 രൂപ തൊട്ടു. മധ്യപ്രദേശിലെ ഭോപാൽ, അനുപ്പൂർ, ഷഹ്ദോൽ ജില്ലകളിലും മഹാരാഷ്ട്രയിലെ പർഭനി ജില്ലയിലുമാണ് എണ്ണവില ചരിത്രത്തിലാദ്യമായി മൂന്നക്കം കടന്നത്. പ്രീമിയം പെട്രോളിനാണ് ഈ വില. എണ്ണക്കമ്പനികളുടെ സംഘടനയായ ഒ.എം.സി തുടർച്ചയായ അഞ്ചാം ദിവസവും പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർധിപ്പിച്ചിരുന്നു.
മേജര്‍ രവിയുടെ വാക്കുകള്‍:
കേന്ദ്രം 20 കൂട്ടിയാല്‍ കേരളം 25 കൂട്ടുവല്ലേ. ഈ സിസ്റ്റമാണ് ജനം ചോദ്യം ചെയ്യേണ്ടത്. എന്തിനാണ് അവിടെ 20 കൂട്ടുമ്പോള്‍ 5 കൂടി ഇവിടെ കൂട്ടുന്നത്. എനിക്ക് അതാണ് കണ്ഫ്യൂഷന്. എവിടെയെങ്കിലും ഒരു സംഭവം കിട്ടുമ്പോള്‍ അതിന്റെ കൂട്ടത്തിലങ്ങ് കൂട്ടിയിട്ട്, എന്നിട്ട് ഇതെല്ലാം ജനങ്ങളെയടുത്ത് നിന്ന് പിടിച്ചുവാങ്ങിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന് നമ്മളോട് അത്രയും ഇഷ്ടമുണ്ടെങ്കില്‍ ഞങ്ങള്‍ക്ക് ആ ടാക്സ് വേണ്ടായെന്ന് പറയട്ടെ. അത് പറയുന്ന ഏതെങ്കിലും ഒരു പാര്‍ട്ടിക്കാരനെ ഞാന്‍ ഇന്നേ വരെ കണ്ടിട്ടില്ല. എവിടെയൊക്കെ കൈയ്യിട്ടുവാരാം പറ്റുമെന്ന് നോക്കി.... ഒന്നുമില്ലേല്‍ പൊലീസുക്കാരോട് പറയും ഇത്ര പെറ്റിയടിച്ചിട്ട് വായെന്ന്. ആ പാവങ്ങള്‍ മനസ്സിലാമനസ്സോടെ പെറ്റിയടിക്കും. അവര്‍ക്കുമുണ്ടാകും സങ്കടം. എങ്ങനെ ഞാനീ പാവപ്പെട്ടവരെ കൈയ്യിന്ന് പിടിച്ചുപറിക്കും. ഇതില്‍ ഒരു ചേഞ്ച് വരുത്തണമെന്ന് എന്താണെന്ന് എനിക്ക് നിങ്ങളുടെ അഭിപ്രായം അറിയണം.