ആദ്യ ഹിന്ദി ആൽബവുമായി ഒമർ ലുലു; 'തു ഹി ഹേ മേരി സിന്ദഗി' പുറത്തിറങ്ങി
മോഡലുകളായ അജ്മല്‍ ഖാനും ഭാര്യയും ഇന്‍ഫ്ലുവന്‍സറുമായ ജുമാന ഖാനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

ഒമർ ലുലുവിന്റെ ആദ്യ ഹിന്ദി ആൽബം 'തു ഹി ഹേ മേരി സിന്ദഗി' പുറത്തിറങ്ങി. സീ മ്യൂസിക്കിനു വേണ്ടി സംവിധായകൻ ഒമർ ലുലു സംവിധാനം ചെയ്ത ചിത്രത്തില്‍ മോഡലുകളായ അജ്മല്‍ ഖാനും ഭാര്യയും ഇന്‍ഫ്ലുവന്‍സറുമായ ജുമാന ഖാനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 'പെഹ്ലാ പ്യാർ' എന്ന പേരിൽ ആദ്യം അനൗൺസ് ചെയ്ത ആൽബം കോപ്പി റൈറ്റ് പ്രശ്നം കാരണം പിന്നീട് 'തു ഹി ഹേ മേരി സിന്ദഗി' എന്ന പേരില്‍ പുറത്തിറക്കുകയായിരുന്നു.
കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായ 'വാസ്തേ' പാടിയ നിഖിൽ ഡിസൂസയാണ് ഈ ആല്‍ബത്തിലെ ഗാനവും പാടിയിരിക്കുന്നത്. വാസ്തേക്ക് ഒരു ബില്യൺ യുട്യൂബ് കാഴ്ചക്കാരാണ് യൂ ട്യൂബിലുള്ളത്. അഭിഷേക് ടാലണ്ടഡിന്റെ വരികൾക്ക് ജുബൈർ മുഹമ്മദ് ആണ് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. അച്ചു വിജയൻ ആണ് ചിത്രസംയോജനം. ഛായാഗ്രഹണം മുസ്തഫ അബൂബക്കർ, കാസ്റ്റിംഗ് ഡയറക്ഷൻ വിശാഖ് പി.വി. വിർച്വൽ ഫിലിംസിന്റെ ബാനറിൽ രതീഷ് ആനേടത്താണ് ആൽബം നിർമ്മിച്ചിരിക്കുന്നത്.