പകൽ പഠനം, വൈകിട്ട് ഹോട്ടലിൽ പാത്രം കഴുകൽ, രാത്രി കോൾ സെന്ററിൽ; ഓട്ടോ ഡ്രൈവറുടെ മകൾ മിസ് ഇന്ത്യ റണ്ണറപ്പ്
ഉത്തർപ്രദേശിലെ കുഷിനഗറിൽ നിന്നുള്ള ഓട്ടോ ഡ്രൈവറുടെ മകളാണ് മന്യ സിങ്

ഫെമിന മിസ് ഇന്ത്യ 2020ലെ വിജയിയായി തെരഞ്ഞെടുക്കപ്പെട്ടത് മാനസ വാരാണസി എന്ന തെലങ്കാന എഞ്ചിനീയറാണ്. എന്നാൽ വാർത്തകളിൽ നിറഞ്ഞത് റണ്ണറപ്പായ മന്യ സിങ് എന്ന ഉത്തർപ്രദേശുകാരിയും. അതിന് ഒരേയൊരു കാരണമേയുള്ളൂ. സൗന്ദര്യവേദികളിൽ കണ്ടുപരിചയിച്ച ജീവിതമായിരുന്നില്ല മന്യയുടേത്. മത്സരത്തിലെ കിരീടധാരണത്തേക്കാൾ തിളക്കമുണ്ടായിരുന്നു അവരുടെ ജീവിതത്തിന്.

പകൽ മുഴുവൻ നീണ്ട പഠനം. അതിനു ശേഷം വൈകിട്ട് ഹോട്ടലിൽ പാത്രം കഴുകൽ. രാത്രി കോൾ സെന്ററിൽ ജോലി.... ഇങ്ങനെ പ്രാരാബ്ധങ്ങൾ നിറഞ്ഞ ജീവിതപ്പടവുകൾ കയറിയാണ് മന്യ സിങ് സൗന്ദര്യകിരീടം സ്വന്തമാക്കുന്നത്.
ഇതേക്കുറിച്ച് മന്യ പറയുന്നത് ഇങ്ങനെ;
'ഉറക്കവും ഭക്ഷണവുമില്ലാത്ത നിരവധി രാത്രികളിലൂടെ ഞാൻ കടന്നു പോയിട്ടുണ്ട്. ഭക്ഷണത്തിനായി മൈലുകൾ നടന്നിട്ടുണ്ട്. എന്റെ രക്തവും വിയർപ്പും കണ്ണീരുമാണ് സ്വപ്നത്തിലേക്കുള്ള ധൈര്യം പകർന്നത്. ഒരു ഓട്ടോ ഡ്രൈവറുടെ മകൾ എന്ന നിലയിൽ സ്കൂളിൽ പോകാൻ അവസരം കിട്ടിയിട്ടില്ല. ചെറുപ്പത്തിലേ തൊഴിലെടുത്തു തുടങ്ങി. പുസ്തകങ്ങൾക്കു വേണ്ടി കൊതിച്ചിരുന്നു. എന്നാൽ ഭാഗ്യമുണ്ടായില്ല. ഒരു ഡിഗ്രി സമ്പാദിക്കാൻ, അതിനുള്ള പരീക്ഷയ്ക്കായി അമ്മയുടെ ഒരുതരി പൊന്നു പോലും പണയം വയ്ക്കേണ്ടി വന്നു. അമ്മ ഒരുപാട് യാതനകൾ എനിക്കായി സഹിച്ചിട്ടുണ്ട്. പതിനാനാലാം വയസ്സിൽ വീട്ടിൽ നിന്ന് പുറത്തു പോയി. പകലായിരുന്നു പഠനം. വൈകിട്ട് ഹോട്ടലിൽ പാത്രങ്ങൾ കഴുകി. രാത്രി കോൾ സെന്ററിൽ ജോലി ചെയ്തു. ഓട്ടോയ്ക്ക് പൈസയില്ലാത്തതിനാൽ കിലോമീറ്ററുകൾ നടന്നു. സ്വപ്നങ്ങൾക്കു പിറകെ പോയാൽ എല്ലാം സാധ്യമാണ് എന്ന് ലോകത്തെ കാണിക്കാനാണ് ഞാൻ ഇവിടെ നിൽക്കുന്നത്' - അവർ കുറിച്ചു.
ഉത്തർപ്രദേശിലെ കുഷിനഗറിൽ നിന്നുള്ള ഓട്ടോ ഡ്രൈവറുടെ മകളാണ് ഇവർ. ജീവിതത്തിൽ കടന്നുപോയ പ്രതിസന്ധികളെ കുറിച്ച് ഇവർ തന്നെയാണ് ഇൻസ്റ്റഗ്രാമിൽ കുറിപ്പിട്ടത്. നടി സാമന്ത അടക്കമുള്ള നിരവധി താരങ്ങളാണ് മന്യയെ അഭിനന്ദിച്ച് രംഗത്തെത്തിയത്.