LiveTV

Live

Entertainment

മെറിൽ സ്ട്രീപ്പിന് എത്ര ദേശീയ പുരസ്‌കാരം കിട്ടി? കങ്കണയുടെ ചോദ്യത്തിൽ വാ പൊളിച്ച് ആരാധകർ

യുഎസ് നടി മെറിൽ സ്ട്രീപ്പിന് എത്ര ദേശീയ,പത്മ പുരസ്‌കാരങ്ങൾ കിട്ടി എന്നാണ് കങ്കണയുടെ ചോദ്യം

മെറിൽ സ്ട്രീപ്പിന് എത്ര ദേശീയ പുരസ്‌കാരം കിട്ടി? കങ്കണയുടെ ചോദ്യത്തിൽ വാ പൊളിച്ച് ആരാധകർ

വിവാദ പരാമർശങ്ങൾ കൊണ്ട് സാമൂഹിക മാധ്യമങ്ങളിലെ എല്ലാകാലത്തെയും ട്രൻഡ് ആണ് ബോളിവുഡ് നടി കങ്കണ റണാവട്ട്. ഈ ഗ്രഹത്തിൽ തന്നെ വെല്ലാൻ ഏതു നടിയുണ്ട് എന്ന് ചോദിച്ച് വാർത്തകളിൽ നിറഞ്ഞ കങ്കണ ഇപ്പോഴിതാ മറ്റൊരു അന്തംവിട്ട പരാമർശം നടത്തിയിരിക്കുന്നു. യുഎസ് നടി മെറിൽ സ്ട്രീപ്പിന് എത്ര ദേശീയ,പത്മ പുരസ്‌കാരങ്ങൾ കിട്ടി എന്നാണ് കങ്കണയുടെ ചോദ്യം.

നേരത്തെ നടത്തിയ പരാമർശങ്ങളിൽ മെറിൽ സ്ട്രീപ്പിന് ലഭിച്ച ഓസ്‌കർ പുരസ്‌കാരങ്ങൾ ചൂണ്ടിക്കാട്ടി വിമർശകർ രംഗത്തെത്തിയിരുന്നു. ഇതിനാണ് താരം ആരാധകരെയും വിമർശകരെയും കുഴക്കുന്ന മറുപടി നൽകിയത്.

'എനിക്ക് എത്ര ഓസ്‌കർ ലഭിച്ചിട്ടുണ്ടെന്ന് ചോദിക്കുന്നവരോട്, എനിക്കും ഒരു ചോദ്യം ചോദിക്കാനുണ്ട്. എത്ര ദേശീയ, പത്മ പുരസ്‌കാരം മെറിൽ സ്ട്രീപ്പിനു ലഭിച്ചിട്ടുണ്ട്. ഒരെണ്ണം പോലുമില്ല. ഇതു നിങ്ങളുടെ അടിമ മനഃസ്ഥിതിയാണ് സൂചിപ്പിക്കുന്നത്. ആത്മാഭിമാനം കണ്ടെത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു'- എന്നാണ് കങ്കണയുടെ ട്വീറ്റ്.

മൂന്നു തവണ ദേശീയ പുരസ്‌കാരം നേടിയ അഭിനേത്രിയാണ് കങ്കണ. മെറിൽ സ്ട്രീപ്പ് 21 തവണ അക്കാദമി പുരസ്‌കാരത്തിനായി നാമനിർദേശം ചെയ്യപ്പെട്ടിട്ടുണ്ട്. മൂന്നു തവണ പുരസ്‌കാരം നേടുകയും ചെയ്തു. 32 ഗോൾഡൻ ഗ്ലോബ് നാമനിർദേശവും ഒമ്പത് പുരസ്‌കാരവും മെറിലിന്റെ പേരിലുണ്ട്.

ഈ പണി നിർത്തുമെന്ന് കങ്കണ

ഈ ലോകത്തിലെ തന്നെ ഏറ്റവും മികച്ച നടി താനാണെന്നാണ് കങ്കണ അവകാശപ്പെട്ടിരുന്നത്.

ഒരു നടിയെന്ന നിലയിൽ തന്നെക്കാൾ ബുദ്ധിയും അഭിനയശേഷിയും ഉള്ള നടിമാർ ഈ ഗ്രഹത്തിൽ ഉണ്ടെങ്കിൽ അവരുമായി ഒരു തുറന്ന സംവാദത്തിന് തയാറാണ്. അവരുടെ കഴിവ് തെളിയിക്കുവാൻ സാധിച്ചാൽ തന്റെ അഹങ്കാരം ഉപേക്ഷിക്കുമെന്നുമായിരുന്നു നടിയുടെ ആദ്യ ട്വീറ്റ്. ഈ ലോകത്തിൽ മറ്റൊരു നടിക്കും തന്നേക്കാൾ കഴിവില്ലെന്നും ഏത് വിധത്തിലുള്ള കഥാപാത്രങ്ങളും തനിക്കു വഴങ്ങുമെന്നുമാണ് അവർ അവകാശപ്പെട്ടിരുന്നത്.

മെറിൽ സ്ട്രീപ്പ്, ഗാൽ ഗോദോ തുടങ്ങിയ താരങ്ങളോടായിരുന്നു അവരുടെ താരതമ്യം. തന്റെ പുതിയ ചിത്രങ്ങളായ 'തലൈവി'യിലേയും 'ധാകടിലേയും' ചിത്രങ്ങൾ പങ്കുവെച്ചായിരുന്നു കങ്കണയുടെ വെല്ലുവിളി.