''മാസ്ക് ഒന്ന് മാറ്റാമോ, ആ മുഖമൊന്ന് ഇവര്‍ കണ്ടോട്ടെ...'' ചിരി പടര്‍ത്തി മമ്മൂട്ടിയോടുള്ള സിദ്ദിഖിന്റെ ചോദ്യം, വീഡിയോ
താരസംഘടനയായ അമ്മയുടെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനത്തിനിടെയാണ് സംഭവം

അമ്മ സംഘടനയുടെ പുതിയ മന്ദിരം ഉദ്ഘാടനം ഇന്ന് കൊച്ചിയില്‍ നടന്നിരുന്നു. മലയാളത്തിലെ പ്രമുഖ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലുമെല്ലാം ചടങ്ങില്‍ സന്നിഹിതരായിരുന്നു. ചടങ്ങിനിടയില്‍ പ്രസംഗിക്കാനെത്തിയ മമ്മൂട്ടിയോട് നടന് സിദ്ദിഖ് നടത്തിയ അഭ്യര്‍ത്ഥനയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്റിങ്.
കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മാസ്ക് ധരിച്ച് സംസാരിക്കാനെത്തിയ മമ്മൂട്ടിയോട് ''മാസ്ക് ഒന്ന് മാറ്റാമോ, ആ മുഖമൊന്ന് ഇവര്‍ കണ്ടോട്ടെ '' എന്നാണ് സിദ്ദിഖ് പറഞ്ഞത്. ഇതിന് ഒരു ചിരി മറുപടി നല്കി മാസ്ക് മാറ്റി മമ്മൂട്ടി പ്രസംഗം തുടര്‍ന്നു. എനിക്ക് രോഗം ഉണ്ടെങ്കില്‍ മറ്റാര്‍ക്കും അത് പകരാതിരിക്കാനാണ് മാസ്ക് വച്ചതെന്നും മമ്മൂട്ടി പറഞ്ഞു.
10 കോടി മുതല്‍ മുടക്കില്‍ എല്ലാവിധ അത്യാധുനിക സംവിധാനങ്ങളോട് കൂടിയാണ് അമ്മയുടെ പുതിയ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. കലൂര്‍ ദേശാഭിമാനി റോഡില്‍ നിര്‍മ്മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തത് മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്നായിരുന്നു.
കോവിഡിന്റെ പശ്ചാത്തലത്തില്‍ സിനിമ ഇന്‍ഡസ്ട്രിക്കുണ്ടായ സാമ്പത്തിക നഷ്ടം മറികടക്കാന്‍ പുതിയ സിനിമ നിര്‍മ്മിക്കുമെന്ന പ്രഖ്യാപനവും അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ നടത്തി. ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടു. സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം ടി.കെ രാജീവ് കുമാര്‍ ആണ്. പ്രിയദര്‍ശനും ടി.കെ രാജീവ് കുമാറും ചേര്‍ന്നായിരിക്കും ചിത്രം സംവിധാനം ചെയ്യുക. സിനിമയുടെ പേര് പുറത്തുവിട്ടിട്ടില്ല. ചിത്രത്തിന്റെ പേര് നിര്‍ദേശിക്കാന്‍ പ്രേക്ഷകര്‍ക്കാണ് അവസരം.