ഇന്ത്യയൊരു വികാരമാണ്, പരമാധികാരത്തിൽ വിട്ടുവീഴ്ച ചെയ്യരുത്: ഉണ്ണി മുകുന്ദൻ
ട്വിറ്ററിലാണ് നടന്റെ അഭിപ്രായ പ്രകടനം.

കർഷക പ്രതിഷേധവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അഭിപ്രായ പ്രകടനവുമായി നടൻ ഉണ്ണി മുകുന്ദൻ. ഇന്ത്യയൊരു വികാരമാണ് എന്നും അതിന്റെ പരമാധികാരത്തിൽ വിട്ടുവീഴ്ച ചെയ്യരുത് എന്നും ഉണ്ണി മുകുന്ദൻ ട്വിറ്ററില്‍ കുറിച്ചു.
'ഇന്ത്യയൊരു വികാരമാണ്. നമ്മുടെ രാജ്യത്തിന്റെ പരമാധികാരത്തിൽ വിട്ടുവീഴ്ച ചെയ്യരുത്. നമ്മുടേതായ മാനദണ്ഡങ്ങളിൽ നാം വിഷയങ്ങൾ കൈകാര്യം ചെയ്യും. രമ്യമായ പരിഹാരം കാണുകയും ചെയ്യും' - എന്നാണ് ഉണ്ണി മുകുന്ദന്റെ ട്വീറ്റ്.
ഇന്ത്യ ടുഗദർ, ഇന്ത്യ എഗെയൻസ്റ്റ് പ്രൊപഗണ്ട ഹാഷ്ടാഗുകൾ ഉപയോഗിച്ചാണ് ട്വീറ്റ്. നേരത്തെ ഇതേ ഹാഷ്ടാഗുകളിൽ നിരവധി സെലിബ്രിറ്റികൾ കേന്ദ്രസർക്കാർ അനുകൂല കുറിപ്പുകൾ പോസ്റ്റ് ചെയ്തിരുന്നു.
കർഷക സമരത്തെ പിന്തുണച്ച് യുഎസ് പോപ്ഗായിക റിഹാന നടത്തിയ അഭിപ്രായ പ്രകടനത്തിന് പിന്നാലെയാണ് ട്വിറ്ററിൽ സർക്കാർ അനുകൂല കുറിപ്പുകളുമായി സെലിബ്രിറ്റികൾ രംഗത്തെത്തിയത്. കായിക താരങ്ങളായ സച്ചിൻ ടെണ്ടുൽക്കർ, വിരാട് കോലി, അനിൽ കുംബ്ലെ, പി.ടി ഉഷ, നടന്മാരായ അക്ഷയ് കുമാർ, അജയ് ദേവ്ഗൺ തുടങ്ങിയവരെല്ലാം സർക്കാറിന് ഐക്യദാർഢ്യം അറിയിച്ചിരുന്നു.