പ്രശസ്ത ഛായാഗ്രഹകൻ പി.എസ് നിവാസ് അന്തരിച്ചു
എഴുപതുകളിലെ വിഖ്യാത നവതരംഗ സിനിമകൾക്ക് ക്യാമറ ചലിപ്പിച്ചിരുന്ന പി എസ് നിവാസ് എൺപതുകളിലും ഏറ്റവും തിരക്കുള്ള ക്യാമറാമാനായിരുന്നു.

ദേശീയ സംസ്ഥാന അവാർഡ് ജേതാവായ പി.എസ് നിവാസ് അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിനടുത്തുള്ള പെയിൻ & പാലിയേറ്റിവ് കെയറിൽ വെച്ചാണ് മരണപ്പെട്ടത്. 73 വയസ്സായിരുന്നു. മലയാളം, തമിഴ്, തെലുഗ് ഭാഷകളിലായി നിരവധി സിനിമകൾക്ക് ഛായാഗ്രഹണം നിർവഹിച്ചിട്ടുണ്ട്. ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത മോഹിനിയാട്ടത്തിന്റെ ഛായാഗ്രഹണത്തിന് ( black & white ) നിവാസിന് മികച്ച ഛായാഗ്രാഹകനുള്ള ദേശീയ അവാർഡ് ലഭിച്ചു. ഈ ചിത്രം കണ്ടതിനു ശേഷമാണ് തമിഴ് സംവിധായകനായ ഭാരതിരാജാ തന്റെ 'പതിനാറു വയതിനിലെ' എന്ന ചിത്രത്തിലെ ക്യാമറാമാനായി നിവാസിനെ നിശ്ചയിച്ചത്. തമിഴിൽ ഭാരതിരാജയുടെ സിനിമകളുടെ ക്യാമറ സ്ഥിരം ചലിപ്പിച്ചത് നിവാസായിരുന്നു.
എഴുപതുകളിലെ വിഖ്യാത നവതരംഗ സിനിമകൾക്ക് ക്യാമറ ചലിപ്പിച്ചിരുന്ന പി.എസ് നിവാസ് എൺപതുകളിലെ ഏറ്റവും തിരക്കുള്ള ക്യാമറാമാനായിരുന്നു.
കോഴിക്കോട് ജനിച്ച നിവാസ് ദേവഗിരി സെന്റ് ജോസഫ് കോളേജിൽ നിന്നും ബിരുദം നേടി. മദ്രാസിലെ അടയാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ടെക്നോളജിയിൽ നിന്നും ഫിലിം ടെക്നോളജിയിൽ ബിരുദം നേടി. 1977ൽ മികച്ച ഛായാഗ്രാഹകനുള്ള ദേശീയപുരസ്കാരം മലയാളചലച്ചിത്രമായ മോഹിനിയാട്ടത്തിന് ലഭിച്ചു. ആ ചലച്ചിത്രത്തിനു തന്നെ മികച്ച ഛായാഗ്രാഹകനുള്ള കേരള ഫിലിം അസോസിയേഷൻ പുരസ്കാരം ലഭിച്ചു. ആന്ധ്രാപ്രദേശ് സംസ്ഥാന സർക്കാരിന്റെ നന്ദി പുരസ്കാരവും 1979ൽ ലഭിച്ചു. സത്യത്തിന്റെ നിഴലിൽ ആണ് ആദ്യ ചിത്രം. 'ആയുഷ്മാൻഭവ'യാണ് മലയാളത്തിലിറങ്ങിയ അവസാന ചിത്രം. തമിഴിൽ കല്ലുക്കുൾ ഈറം, നിഴൽ തേടും നെഞ്ചങ്ങൾ, സെവന്തി എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു. രാജ രാജാതാൻ, സെവന്തി എന്നീ ചിത്രങ്ങൾ നിർമ്മിച്ചു.
സത്യത്തിന്റെ നിഴലിൽ, മധുരം തിരുമധുരം, മോഹിനിയാട്ടം, സിന്ദൂരം, ശംഖുപുഷ്പം, രാജപരമ്പര, സൂര്യകാന്തി, പല്ലവി, രാജൻ പറഞ്ഞ കഥ, വെല്ലുവിളി, ലിസ, സർപ്പം, പദ്മതീർത്ഥം, മാന്യമഹാജനങ്ങളെ, വീണ്ടും ലിസ, ആയുഷ്മാൻഭവ എന്നിവ നിവാസ് ഛായാഗ്രാഹകനായി പ്രവര്‍ത്തിച്ച മലയാളചലച്ചിത്രങ്ങളാണ്. ഓപ്പറേറ്റിവ് ക്യാമറമാനായി കുട്ടിയേടത്തി, മാപ്പുസാക്ഷി, ചെമ്പരുത്തി, സ്വപ്നം എന്നീ ചിത്രങ്ങളിലും പ്രവര്‍ത്തിച്ചു.
പതിനാറു വയതിനിലേ, കിഴക്കേ പോകും റെയിൽ, സികപ്പു റോജാക്കൾ, ഇളമൈ ഊഞ്ചൽ ആടുകിറത്, നിറം മാറാത പൂക്കൾ, തനിക്കാട്ട് രാജ, കൊക്കരക്കോ, സെലങ്കെ ഒലി, മൈ ഡിയർ ലിസ, ചെമ്പകമേ ചെമ്പകമേ, പാസ് മാർക്ക്, കല്ലുക്കുൾ ഈറം, സെവന്തി എന്നീ ചിത്രങ്ങള്‍ നിയാസ് ഛായാഗ്രാഹകനായി പ്രവര്‍ത്തിച്ച തമിഴ് ചലച്ചിത്രങ്ങൾ ആണ്.
വയസു പിലിച്ചിന്തി, നിമജ്ജാനം, യേറ ഗുലാബി, സാഗര സംഗമം, സംഗീർത്തന, നാനി എന്നിവ നിയാസിന്റെ തെലുഗു ഛായാഗ്രാഹക ചലച്ചിത്രങ്ങളാണ്. സോൽവ സാവൻ, റെഡ് റോസ്, ആജ് കാ ദാദ, ഭയാനക് മഹാൽ എന്നിവ നിവാസിന്റെ ഹിന്ദി ഛായാഗ്രഹക ചിത്രങ്ങളാണ്.