അങ്കത്തിനൊരുങ്ങി 'നെയ്യാറ്റിന്‍കര ഗോപന്'; ആറാട്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ആറാട്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്.

ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ആറാട്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. വില്ലന്‍ ശേഷം ബി ഉണ്ണികൃഷ്ണനും പുലിമുരുകന് ശേഷം ഉദയകൃഷ്ണയും മോഹൻലാലിനൊപ്പം വീണ്ടും കൈകോർക്കുന്ന ചിത്രമാണ് 'നെയ്യാറ്റിൻകര ഗോപൻ്റെ ആറാട്ട്'. മോഹൻലാലിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്തുവിട്ടത്. കളരി അടവിലുള്ള മോഹന്‍ലാലിന്റെ ചിത്രമാണ് പോസ്റ്ററില്‍ ഉള്ളത്. ബ്ലാക്ക് ഷർട്ടും മുണ്ടുമാണ് വേഷം. കറുത്ത നിറത്തിലുള്ള വിന്റേജ് ബെന്‍സ് കാറും ചിത്രത്തിലുണ്ട്. മികച്ച പ്രതികരണമാണ് പോസ്റ്ററിന് ലഭിക്കുന്നത്.
കോമഡിക്കു പ്രാധാന്യം നൽകി ഒരുക്കുന്ന സിനിമയിൽ മികച്ച ആക്ഷൻ രംഗങ്ങളും പ്രതീക്ഷിക്കാമെന്ന് സംവിധായകനും തിരക്കഥാകൃത്തും നേരത്തേ പറഞ്ഞിരുന്നു. ഒരു തികഞ്ഞ മാസ് മസാല പടമായിരിക്കും ആറാട്ടെന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപൻ നെയ്യാറ്റിൻകരയിൽ നിന്നു പാലക്കാട്ടെ ഒരു ഗ്രാമത്തിൽ എത്തുന്നതിനെ തുടർന്ന് നടക്കുന്ന സംഭവങ്ങളൊക്കെയാണ് ചിത്രത്തിൻ്റെ പ്രമേയമെന്നും നേരത്തേ തന്നെ സംവിധായകൻ സൂചിപ്പിച്ചിരുന്നു.
നെടുമുടി വേണു, സായ്കുമാർ, സിദ്ദിഖ്, വിജയരാഘവൻ, ജോണി ആന്റണി, ഇന്ദ്രൻസ്, രാഘവൻ, നന്ദു, ബിജു പപ്പൻ, ഷീല, സ്വാസിക, മാളവിക, രചന നാരായണൻകുട്ടി തുടങ്ങിയവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
