'കർഷകർക്കൊപ്പം'; ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സണ്ണി വെയ്ന്‍
കര്‍ഷകര്‍ക്കൊപ്പം എന്ന് കുറിച്ച താരം #StandWithFarmers എന്ന ട്രെന്‍ഡിംഗ് ഹാഷ് ടാഗും ഫേസ്ബുക്കില്‍ കുറിച്ചു.

കേന്ദ്ര സര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ചലച്ചിത്ര നടന് സണ്ണി വെയ്ന്‍. കര്‍ഷകര്‍ക്കൊപ്പം എന്ന് കുറിച്ച താരം #StandWithFarmers എന്ന ട്രെന്‍ഡിംഗ് ഹാഷ് ടാഗും ഫേസ്ബുക്കില്‍ കുറിച്ചു.
ഇതിന് മുമ്പും സണ്ണി വെയ്ന്‍ കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ പരസ്യമായ വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ 1945ൽ പുറത്തിറങ്ങിയ ‘ഡോണ്ട് ബി എ സക്കർ’ എന്ന ഹൃസ്വചിത്രത്തിലെ രംഗം ഫേസ്ബുക്കില്‍ പങ്കുവെച്ചാണ് സണ്ണി വെയ്ൻ പ്രതിഷേധം അറിയിച്ചത്. ജെ.എന്‍.യുവില്‍ നടന്ന പ്രതിഷേധ സമരങ്ങള്‍ക്കും നേരത്തെ സണ്ണി വെയ്ന്‍ പരസ്യ പിന്തുണ അറിയിച്ചിരുന്നു.
അതെ സമയം റിപ്പബ്ലിക് ദിനത്തില്‍ രാജ്യതലസ്ഥാനത്ത് കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലിയെ പിന്തുണച്ച് ബോക്സിംഗ് താരം വിജേന്ദര്‍ സിംഗും ടെന്നീസ് താരം സോംദേവ് ദേവ്വര്മനും രംഗത്തുവന്നു. ട്വിറ്ററിലൂടെയാണ് ഇരുവരും പിന്തുണ അറിയിച്ചത്. ‘ജയ് കിസാന്‍’ എന്ന് ട്വീറ്റ് ചെയ്തുകൊണ്ടാണ് വിജേന്ദര്‍ കര്‍ഷക പ്രക്ഷോഭത്തെ അഭിവാദ്യം ചെയ്തത്. റിപ്പബ്ലിക് ദിനാശംസകള്‍ അറിയിച്ച് ചെയ്ത ട്വീറ്റിനൊപ്പം ഇന്ത്യന്‍ കര്‍ഷകരുടെ സമരത്തെ സംബന്ധിച്ച് വോക്സ് ചെയ്ത റിപ്പോര്‍ട്ട് പങ്കുവെച്ചുകൊണ്ടാണ് സോംദേവ് പിന്തുണയറിയിച്ചത്.
അതിനിടെ കർഷകരും പൊലീസും തമ്മിൽ ഏറ്റുമുട്ടിയ ഡൽഹി തെരുവുകൾ ശാന്തമായി. സംഘർഷ സാധ്യതയുള്ള സ്ഥലങ്ങളിൽ അർദ്ധ സൈനിക വിഭാഗത്തെ നിയോഗിച്ചു. ഭാവി പരിപാടികൾ നിശ്ചയിക്കാൻ ഇന്ന് കർഷക സംഘടനകൾ യോഗം ചേരും. കർഷകരുടെ ട്രാക്ടർ പരേഡ് ഐ.ടി.ഒയിലും ചെങ്കോട്ടയിലും എത്തിയതോടെയാണ് വലിയ സംഘർഷം ഉണ്ടായത്. പൊലീസും കർഷകരും നേർക്കുനേർ നിന്നപ്പോൾ പൊലീസ് ആസ്ഥാനം നിലകൊള്ളുന്ന ഐ.ടി.ഒ പരിസരം അക്ഷരാർത്ഥത്തിൽ യുദ്ധക്കളമായി. കർഷകരിൽ ഒരാൾ ട്രാക്ടർ മറിഞ്ഞു കൊല്ലപ്പെട്ടതോടെ പ്രതിഷേധം ആളിക്കത്തി.
കർഷക സംഘടനാ നേതാക്കളുടെ അഭ്യർഥന മാനിച്ച് കർഷകർ നഗരത്തിൽ നിന്ന് പിന്മാറുകയായിരുന്നു. സംഘർഷത്തിൽ 83 പൊലീസുകാർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. സംഘർഷത്തിന് പിന്നിൽ പുറത്ത് നിന്നുള്ള ആളുകൾ ആണെന്ന നിലപാടിലാണ് കർഷക സംഘടനകൾ. ഭാവി സമര പരിപാടികൾ സംബന്ധിച്ച് സംയുക്ത കർഷക സമര സമിതി യോഗം ചേർന്ന് തീരുമാനം എടുക്കും.