വിജയ്യുടെ 'മാസ്'-റ്റര്‍ ഇനി ആമസോണ്‍ പ്രൈമില്‍; റിലീസ് തിയതി പ്രഖ്യാപിച്ചു, പുതിയ ട്രെയ്ലര് കാണാം
ആമസോണ്‍ പ്രൈമില്‍ സെന്‍സര്‍ ചെയ്യാത്ത മുഴുവന്‍ രൂപത്തിലാകും ചിത്രം പുറത്തിറക്കുകയെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍

വിജയ്യുടെ മാസ്റ്റര്‍ സിനിമയുടെ തിയറ്റര്‍ റിലീസിന് പിന്നാലെ ഒ.ടി.ടി റിലീസ് തിയതി പ്രഖ്യാപിച്ചു. പുതിയ ട്രെയിലര്‍ പുറത്തുവിട്ടു കൊണ്ടാണ് ചിത്രത്തിന്റെ ആമസോണ്‍ പ്രൈം റിലീസ് തിയതി അറിയിച്ചത്. ജനുവരി 29നാണ് മാസ്റ്റര്‍ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുക. ചിത്രം തിയേറ്ററുകളിലെത്തി 17 ദിവസത്തിന് ശേഷമാണ് ഒ.ടി.ടിയില്‍ റിലീസ് ചെയ്യുന്നത്. ആമസോണ്‍ പ്രൈമില്‍ സെന്‍സര്‍ ചെയ്യാത്ത മുഴുവന്‍ രൂപത്തിലാകും ചിത്രം പുറത്തിറക്കുകയെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്റര്‍ പൊങ്കല്‍ റിലീസ് ആയി ജനുവരി 13-നാണ് തിയറ്ററുകളിലെത്തിയത്. നാല് ഭാഷകളിലാണ് വിജയ് പ്രൊഫസര്‍ വേഷത്തിലെത്തുന്ന മാസ്റ്റര്‍ പുറത്തിറങ്ങിയത്. തമിഴ്, ഹിന്ദി, തെലുഗു, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങിയത്. വിജയ് സേതുപതിയാണ് ചിത്രത്തിലെ വില്ലന്‍. മലയാളിയായ മാളവികാ മോഹനൻ ആണ് നായിക. അർജുൻ ദാസ്, ആൻഡ്രിയ, ശന്തനു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സേവ്യര്‍ ബ്രിട്ടോയാണ് ദളപതി ചിത്രത്തിന്റെ നിര്‍മ്മാണം.
കോവിഡ് പ്രതിസന്ധി മൂലം അടഞ്ഞുകിടന്ന തിയറ്റര്‍ വ്യവസായത്തിന് ഉണര്‍വു നല്‍കുന്നതായിരുന്നു മാസ്റ്ററിന്റെ റിലീസ്. 220 കോടി രൂപയാണ് മാസ്റ്ററിന് ആഗോള വിപണിയില്‍ ലഭിച്ചത്.