അഭിപ്രായ സ്വാതന്ത്ര്യം പരമമല്ലെന്ന് സുപ്രീം കോടതി; അറസ്റ്റ് തടയണമെന്ന 'താണ്ഡവ്' അണിയറ പ്രവർത്തകരുടെ ആവശ്യം തള്ളി
സംവിധായകനും അണിയറ പ്രവർത്തകരുമാണ് അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്

ഡൽഹി: മതവികാരം വൃണപ്പെടുത്തുകയും മതത്തെ പരിഹസിക്കുകയും ചെയ്തെന്ന പരാതിയിൽ 'താണ്ഡവ്' വെബ് സിരീസിന്റെ അണിയറ പ്രവർത്തകരുടെ അറസ്റ്റ് തടയണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. സംവിധായകനും അണിയറ പ്രവർത്തകരുമാണ് അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്.
ജനുവരി 15ന് ആമസോൺ പ്രൈം റിലീസ് ചെയ്ത പരമ്പരക്കെതിരെ സമൂഹ മാധ്യമങ്ങളിലും അല്ലാതെയും വിമർശനം ശക്തമായതോടെ നിർമാതാക്കൾ പരസ്യമായി മാപ്പപേക്ഷിച്ചിരുന്നു.
മതവികാരം വൃണപ്പെടുത്തിയെന്ന് കാണിച്ച് ഇവർക്കെതിരെ ഉത്തർപ്രദേശ്, മധ്യപ്രദേശ്, കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ കേസ് നിലനിൽക്കുന്നുണ്ട്. ഉത്തർ പ്രദേശിൽ മാത്രം മൂന്നു കേസുകളുണ്ട്. പിന്നാലെ അറസ്റ്റ് നടപടികളുമായി വിവിധ സംസ്ഥാനങ്ങൾ മുന്നോട്ടുപോകുന്നത് അവസാനിപ്പിക്കാനാണ് ബന്ധപ്പെട്ടവർ സുപ്രീം കോടതിയെ സമീപിച്ചത്.
അഭിപ്രായ സ്വാതന്ത്ര്യം ആത്യന്തികമല്ലെന്നും ഒരു സമുദായത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്താൻ സാധിക്കില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. മുൻകൂർ ജാമ്യം ലഭിക്കാൻ വേണമെങ്കിൽ അതത് ഹൈക്കോടതികളെ സമീപിക്കാമെന്നും ജസ്റ്റിസുമാരായ അശോക് ഭൂഷൺ, ആർ.എസ് റെഡ്ഡി, എം.ആർ ഷാ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
അലി അബ്ബാസ് സഫർ സംവിധാനം ചെയ്ത് ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത സീരിയിൽ സെയ്ഫ് അലിഖാൻ, ഡിംപിൾ കപാഡിയ, തിഗ്മാൻഷു ധൂലിയ, കുമുദ് മിശ്ര തുടങ്ങിയവരാണ് അഭിനയിച്ചത്.