വിജയ്യുടെ കുട്ടിഡാന്സുമായി 'കുട്ടിസ്റ്റോറി' വീഡിയോ ഗാനം; യൂ ട്യൂബില്‍ ഹിറ്റ്...
വിജയ്യുടെ നിഷ്കളങ്കത കലര്‍ന്ന അഭിനയവും ഡാന്‍സുമാണ് കുട്ടിസ്റ്റോറി വീഡിയോ ഗാനത്തിന്റെ ഹൈലൈറ്റ്

കോവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം തിയേറ്ററുകളിലെത്തിയ ആദ്യ ചിത്രം വിജയ്യുടെ മാസ്റ്ററിലെ വീഡിയോ ഗാനം പുറത്തിറങ്ങി. കുട്ടിസ്റ്റോറി എന്ന് പേരുള്ള വീഡിയോ ഗാനമാണ് പുറത്തിറക്കിയിരിക്കുന്നത്. നിരവധി കുട്ടിതാരങ്ങള്‍ ഭാഗമായ ഗാനം യൂ ട്യൂബ് ട്രെന്‍ഡിംഗില്‍ ഇടം പിടിച്ചു. വിജയ്യുടെ നിഷ്കളങ്കത കലര്‍ന്ന അഭിനയവും ഡാന്‍സുമാണ് കുട്ടിസ്റ്റോറി വീഡിയോ ഗാനത്തിന്റെ ഹൈലൈറ്റ്.
നേരത്തെ വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെ പുറത്തുവന്ന കുട്ടിസ്റ്റോറിയുടെ ലിറിക്കല്‍ വീഡിയോ വലിയ രീതിയിലാണ് ഏറ്റെടുക്കപ്പെട്ടത്. കത്തിക്ക് ശേഷം അനിരുദ്ധ് രവിചന്ദര്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനം എഴുതിയിരിക്കുന്നത് അരുൺരാജ കാമരാജാണ്. നടന് വിജയ്യും അനിരുദ്ധും ചേര്‍ന്നാണ് ഗാനം കുട്ടികള്‍ക്ക് രസകരമായി പാടി കൊടുക്കുന്നത്.
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്റര്‍ പൊങ്കല്‍ റിലീസ് ആയാണ് തിയറ്ററുകളിലെത്തിയത്. നാല് ഭാഷകളിലാണ് വിജയ് പ്രൊഫസര്‍ വേഷത്തിലെത്തുന്ന മാസ്റ്റര്‍ പുറത്തിറങ്ങിയത്. തമിഴ്, ഹിന്ദി, തെലുഗു, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങിയത്. വിജയ് സേതുപതിയാണ് മാസ്റ്ററില്‍ വില്ലന്‍. മലയാളിയായ മാളവികാ മോഹനൻ ആണ് ചിത്രത്തിലെ നായിക. അർജുൻ ദാസ്, ആൻഡ്രിയ, ശന്തനു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സേവ്യര്‍ ബ്രിട്ടോയാണ് ദളപതി ചിത്രത്തിന്റെ നിര്‍മ്മാണം.