LiveTV

Live

Entertainment

ദുല്‍ഖറിന്‍റെ 'കുറുപ്പ്' തിയറ്ററുകളിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുവാൻ റെക്കോർഡ് തുകയുടെ ഓഫറാണ് ചിത്രത്തിന് ലഭിച്ചത്

ദുല്‍ഖറിന്‍റെ 'കുറുപ്പ്' തിയറ്ററുകളിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

നീണ്ട കാത്തിരിപ്പിന് ശേഷം ദുൽഖർ സൽമാൻ-ശ്രീനാഥ് രാജേന്ദ്രന്‍ കൂട്ടുക്കെട്ടിലെ കുറുപ്പ് തിയറ്ററുകളിലേക്ക്. മലയാളം, തമിഴ്, തെലുഗ്, ഹിന്ദി, കന്നഡ എന്നിങ്ങനെ അഞ്ച് ഭാഷകളിലൊരുങ്ങുന്ന ചിത്രത്തിന്‍റെ റിലീസ് തിയതിയാണ് പ്രഖ്യാപിച്ചത്. ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുവാൻ റെക്കോർഡ് തുകയുടെ ഓഫറാണ് ചിത്രത്തിന് ലഭിച്ചത്. ആ ഓഫറുകളെ അവഗണിച്ചാണ് ചിത്രം മെയ് 28ന് തിയറ്ററുകളിൽ പ്രദർശനത്തിന് ഒരുങ്ങുന്നത്.

ദുൽഖറിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്‍റെ മുടക്കുമുതൽ 35 കോടിയാണ്. ദുൽഖർ സൽമാന്‍റെ ഉടമസ്ഥതയിലുള്ള വേഫെയറർ ഫിലിംസും എം സ്റ്റാർ എന്‍റർടൈൻമെന്‍റ്സും ചേർന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കേരളം, അഹമ്മദാബാദ്, ബോംബെ, ദുബൈ, മാംഗ്ളൂർ, മൈസൂർ എന്നിവിടങ്ങളിലായി ആറു മാസം നീണ്ടുനിന്ന ചിത്രീകരണമാണ് കുറുപ്പിന് വേണ്ടി നടത്തിയത്. 105 ദിവസങ്ങൾ പൂർണമായും ഷൂട്ടിങ്ങിനായി ചിലവഴിച്ചു.

കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്‍റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന്‍റെ ഡബ്ബിങെല്ലാം പൂർത്തിയായതാണ്. ജിതിൻ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ.എസ് അരവിന്ദും ചേർന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നു. ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വ ലാലും കുറുപ്പിന് പിന്നിലുണ്ട്. കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്ഷൻ ഡിസൈനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്‍റെ പ്രൊഡക്ഷൻ ഡിസൈനർ. മറ്റൊരു ദേശീയ അവാർഡ് ജേതാവായ വിവേക് ഹർഷനാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്.

മൂത്തോൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇവരെ കൂടാതെ ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചീഫ് അസോസിയേറ്റ് ഡയറക്ടർ - പ്രവീൺ ചന്ദ്രൻ, സൗണ്ട് ഡിസൈൻ - വിഘ്‌നേഷ് കിഷൻ രജീഷ്, മേക്കപ്പ് - റോണെക്സ് സേവ്യർ, കോസ്റ്റ്യൂംസ് - പ്രവീൺ വർമ്മ, പ്രൊഡക്ഷൻ കൺട്രോളർ - ദീപക് പരമേശ്വരൻ, പി.ആർ.ഒ - ആതിര ദിൽജിത്, സ്റ്റിൽസ് - ഷുഹൈബ് എസ്.ബി.കെ, പോസ്റ്റർ ഡിസൈൻ-ആനന്ദ് രാജേന്ദ്രൻ.