നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് കടക്കല്‍ ചന്ദ്രനെത്തും
കോവിഡ് പ്രതിസന്ധിക്കിടെ വണിന്റെ ചിത്രീകരണം നീണ്ടുപോയിരുന്നു. ചില ഭാഗങ്ങള്‍ ഇനിയും ഷൂട്ട് ചെയ്യാനുണ്ട്.

മമ്മൂട്ടി കേരളത്തിന്റെ മുഖ്യമന്ത്രിയായെത്തുന്ന വണ്‍ എന്ന സിനിമ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് റിലീസ് ചെയ്യുമെന്ന് സംവിധായകന് സന്തോഷ് വിശ്വനാഥ്. ഏപ്രില്‍ അവസാനത്തോടെ ചിത്രം തിയറ്ററുകളിലെത്തിക്കുമെന്ന് സംവിധായകന് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

കോവിഡ് പ്രതിസന്ധിക്കിടെ വണിന്റെ ചിത്രീകരണം നീണ്ടുപോയിരുന്നു. ചില ഭാഗങ്ങള്‍ ഇനിയും ഷൂട്ട് ചെയ്യാനുണ്ട്. ക്ലൈമാക്സില്‍ മമ്മൂട്ടിയുടെ ഭാഗമാണ് ചിത്രീകരിക്കാനുള്ളത്. മമ്മൂട്ടിയുമായി സംസാരിച്ചെന്നും ഈ മാസം അവസാനത്തോടെ ചിത്രീകരണം പൂര്‍ത്തിയാക്കുമെന്നും സംവിധായകന് പറഞ്ഞു.

മമ്മൂട്ടി അമല്‍ നീരദ് ചിത്രത്തിന്റെ ഭാഗമാകും മുന്‍പ് ചിത്രീകരണം പൂര്‍ത്തിയാക്കും. മമ്മൂട്ടിയുടെ ഇപ്പോഴത്തെ ലുക്ക് കടക്കല്‍ ചന്ദ്രന്റെ ലുക്കിനെ ബാധിക്കില്ലേ എന്ന ചോദ്യത്തിന് അത്തരത്തില്‍ ബാധിക്കാത്ത വിധത്തിലാണ് ചിത്രീകരണം ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് സംവിധായകന് പറഞ്ഞു.

ബോബിയും സഞ്ജയും ചേര്‍ന്നാണ് വണിന് തിരക്കഥ എഴുതിയത്. നിമിഷ സജയന്, ജോജു ജോര്‍ജ്, മുരളി ഗോപി, സിദ്ദിഖ്, സുദേവ് നായര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. കടക്കല്‍ ചന്ദ്രന് മുഖ്യമന്ത്രിയായി ഉടന്‍ സത്യപ്രതിജ്ഞ ചെയ്യും എന്നെഴുതിയ പോസ്റ്റര്‍ കഴിഞ്ഞ ആഴ്ച അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.