LiveTV

Live

Entertainment

''റിച്ച ഛദ്ദയുടെ നാവ് പിഴുതെറിയും, കൊല്ലും...'' പോസ്റ്ററിന് പിന്നാലെ വധഭീഷണിയുമായി ഭീം സേന

പോസ്റ്ററിലൂടെ ദലിത് സമൂഹത്തെക്കുറിച്ച് നിലനിന്നു പോരുന്ന സ്ഥിരം വാര്‍പ്പുമാതൃകകള്‍ക്ക് കൂടുതല്‍ ശക്തി പകരുന്നതാണ് എന്ന വിമര്‍ശനത്തെത്തുടര്‍ന്നാണ് വിവാദങ്ങള്‍ ആരംഭിക്കുന്നത്

''റിച്ച ഛദ്ദയുടെ നാവ് പിഴുതെറിയും, കൊല്ലും...'' പോസ്റ്ററിന് പിന്നാലെ വധഭീഷണിയുമായി ഭീം സേന

'മാഡം ചീഫ് മിനിസ്റ്റര്‍' എന്ന തന്‍റെ പുതിയ ചിത്രത്തിലെ പോസ്റ്റര്‍ പുറത്ത് വന്നതിന് പിന്നാലെ വധഭീഷണി നേരിട്ട് നടി റിച്ച ഛദ്ദ. ഭീം സേന നേതാവ് നവാബ് സത്പാല്‍ തന്‍വാറാണ് നടിക്കെതിരെ ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്.

മാഡം ചീഫ് മിനിസ്റ്റര്‍ എന്ന ചിത്രത്തില്‍ ഒരു ദലിത് വനിതയായാണ് റിച്ച വേഷമിടുന്നത്. നടി ചൂലും പിടിച്ചു നില്‍ക്കുന്ന പോസ്റ്ററിലൂടെ ദലിത് സമൂഹത്തെക്കുറിച്ച് നിലനിന്നു പോരുന്ന സ്ഥിരം വാര്‍പ്പുമാതൃകകള്‍ക്ക് കൂടുതല്‍ ശക്തി പകരുന്നു എന്ന വിമര്‍ശനത്തെത്തുടര്‍ന്നാണ് വിവാദങ്ങള്‍ ആരംഭിക്കുന്നത്.

‌വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ പോസ്റ്റര്‍ പിന്‍വലിക്കുകയും റിച്ച സാമൂഹ്യ മാധ്യമങ്ങളിലൂടെ മാപ്പ് പറയുകയും ചെയ്തിരുന്നു. പക്ഷെ, വിവാദങ്ങള്‍ അവിടെ അവസാനിച്ചില്ല. ഭീം സേന നേതാവ് നവാബ് സത്പാല്‍ തന്‍വാര്‍ മാപ്പ് അംഗീകരിക്കാനാവുന്നതല്ലെന്നും സിനിമ റിലീസാവുകയാണെങ്കില്‍ റിച്ചയെ കൊല്ലുമെന്നും ആഹ്വാനം ചെയ്തു. നടിയുടെ നാവ് പിഴുത് കൊണ്ടുവരുന്നവര്‍ക്ക് വലിയ പാരിതോഷികങ്ങളും ഭീം സേന നേതാവ് വാഗ്ദാനം ചെയ്തു. ചിത്രത്തിന്‍റെ സംവിധായകന്‍ സുഭാഷ് കപൂറിനെ നഗ്നനായി തെരുവിലൂടെ നടത്തിക്കാനും അണികളോട് നവാബ് പറഞ്ഞു.

മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മായാവതിയെ അപമാനിക്കുകയാണ് പോസ്റ്ററിലൂടെ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ചെയ്തതെന്നായിരുന്നു നവാബിന്‍റെ വിമര്‍ശനം. ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായോ ഈ സിനിമക്ക് യാതൊരു ബന്ധവുമില്ലെന്ന് സംവിധായകന്‍ നേരത്തെ പറഞ്ഞിരുന്നെങ്കിലും മായാവതിയുടെ കഥയാണ് ചിത്രം പറയുന്നതെന്നും മായാവതിയുടെ ജീവിതത്തെക്കുറിച്ച് മോശം കാര്യങ്ങള്‍ കഥയിലുണ്ടെന്നുമാണ് നവാബ് വിശ്വസിക്കുന്നത്.