ലിംഗവിവേചനത്തിന്റെ 'മഹത്തായ ഭാരതീയ അടുക്കള'
ജിയോ ബേബി സംവിധാനം ചെയ്ത സിനിമക്ക് പറയാനുള്ളത് അടുക്കള മുതല്‍ കിടപ്പുമുറി വരെ നീളുന്ന സ്ത്രീകളോടുള്ള ലിംഗവിവേചനം തന്നെയാണ്

രാവിലെ എഴുന്നേറ്റ് കുളിച്ച് സിന്ദൂരവും ചാര്‍ത്തി, അടുക്കളയില്‍ ജോലിചെയ്യുന്ന ഭാര്യ. അവളെ പുറകിലൂടെ വന്ന് സ്നേഹ ചുംബനങ്ങളാല്‍ വാരിപ്പുണരുന്ന ഭര്‍ത്താവ്. സിനിമകളില്‍ സ്ഥിരം അടുക്കള രംഗങ്ങളില്‍ ഒന്നാണിത്. എന്നാല്‍ പുകയും വിയര്‍പ്പും എച്ചിലും ഉത്തരവാദിത്വങ്ങളും നിറഞ്ഞ ഒരിടമായി എത്ര സിനിമകള്‍ അടുക്കളകളെ കാണിച്ചിട്ടുണ്ട്? അങ്ങനെയൊരു സിനിമയാണ് 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍'.
ജിയോ ബേബി സംവിധാനം ചെയ്ത സിനിമക്ക് പറയാനുള്ളത് അടുക്കള മുതല്‍ കിടപ്പുമുറി വരെ നീളുന്ന സ്ത്രീകളോടുള്ള ലിംഗവിവേചനം തന്നെയാണ്. തൊണ്ടിമുതലും ദൃക്സാക്ഷിയുമെന്ന സിനിമയ്ക്ക് ശേഷം സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയന് എന്നിവര്‍ ദമ്പതികളായി അഭിനയിക്കുന്ന സിനിമ വ്യത്യസ്തമായ അവതരണ ശൈലികൊണ്ടുകൂടിയാണ് ശ്രദ്ധേയമാകുന്നത്. സ്ത്രീ അവള് അനുഭവിക്കുന്ന വിവേചനങ്ങള്‍ തുറന്നുകാട്ടുന്ന നാടകീയതയില്ലാത്ത യാഥാര്‍ഥ്യം വിളിച്ചുപറയുന്ന പുരോഗമന ചിന്തകള്‍ അവതരിപ്പിക്കുന്ന സിനിമയാണിത്. സ്ത്രീകള്‍ക്ക് നിഷേധിക്കപ്പെടുന്ന സ്വാതന്ത്ര്യവും അവളില്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന ഉത്തരവാദിത്വങ്ങളും എങ്ങനെയാണ് സ്വാഭാവികയായി മാറുന്നതെന്ന് സിനിമ കാട്ടിത്തരുന്നു.
കുടുംബ ബന്ധത്തെയും പെണ് ജീവിതത്തെയും അതിന്റെ യാഥാര്‍ഥ്യത്തോടെ തുറന്നുകാട്ടിയ സിനിമയായിരുന്നു 2008ല്‍ അക്കു അക്ബറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ 'വെറുതെ അല്ല ഭാര്യ'. സ്ത്രീകള്‍ അനുഭവിക്കുന്ന വിവേചനത്തിന്റെയും പുരുഷ മേധാവിത്വത്തിന്റെയും കഥ പറഞ്ഞ സിനിമ അവളനുഭവിക്കുന്ന ദുരിതത്തിന്റെ ഗൗരവത്തെ ലഘൂകരിച്ചാണ് അവതരിപ്പിച്ചത്. സ്ത്രീ അടുക്കളയില്‍ അനുഭവിക്കുന്ന ദുരിതവും വിവേചനവും സ്വാതന്ത്ര്യ നിഷേധവും ഒറ്റപ്പെടലും എല്ലാം വളരെ മനോഹരമായി പറഞ്ഞ സിനിമ പക്ഷെ അവളെ വീണ്ടും അടുക്കളയില്‍ തളച്ചുകൊണ്ടായിരുന്നു അവസാനിപ്പിച്ചത്. എന്നാല്‍ അതില്‍ നിന്നും ഏറെ ദൂരം സഞ്ചരിച്ച് അടുക്കളയ്ക്കപ്പുറവും ഒരു ലോകമുണ്ടെന്നും അവിടെ അവള്‍ക്ക് ചിറകുകള് വിരിച്ചു പറക്കാന്‍ കഴിയുമെന്നും കാട്ടിത്തരുകയാണ് ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍.

നാട്ടിന് പുറത്തെ പേരുകേട്ട തറവാട് വീട്ടിലേക്ക് മരുമകളായി എത്തുന്ന പെണ്‍കുട്ടി. അവളുടെ ജീവിതത്തിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. പുരുഷന്റെ കീഴില്‍ അവന്റെ എല്ലാ ആജ്ഞകളും കേട്ട്, അടുക്കളയുടെ നാല് ചുവരുകള്‍ക്കിടയില്‍ മോചനമില്ലെന്ന അവസ്ഥയിലൂടെ കടന്നുപോകുന്ന ഭര്‍ത്താവിന്റെ അമ്മയ്ക്ക് അവള് പകരക്കാരിയാകേണ്ടിവരുന്നു. അവള് എങ്ങനെ ഈ വിഷയത്തെ കൈകാര്യം ചെയ്യുന്നു എന്നതാണ് കഥാതന്തു. ഒന്നുമറിയാതെ കൈ കഴുകി വന്നിരുന്ന് ഭക്ഷണവും കഴിച്ച്, അടുക്കള ജോലി വലിയ ജോലിയൊന്നുമല്ലെന്ന നിസ്സാര ഭാവത്തില്‍ പെണ്ണിന്റെ കഷ്ടപ്പാടുകളെ ചെറുതായി കണക്കാക്കുന്ന അമ്മായിയച്ഛനും ഭര്ത്താവിനുമിടയില് അവള് വീര്‍പ്പുമുട്ടുന്നു.
അടുക്കളയിലുള്ള പെണ്ണിന് ഒരു വ്യക്തിയെന്ന പരിഗണന പോലും കൊടുക്കുന്നതായി കഥയിലെവിടെയും കാണാനില്ല. കിടപ്പുമുറിയില്‍ പോലും ഭര്‍ത്താവിന്റ ഭോഗാസക്തി തീര്‍ക്കാനുള്ള കേവലമൊരു ഉപകരണം മാത്രമായി അവള് മാറുന്നു. സ്ത്രീവിരുദ്ധമായ ആചാരങ്ങളും ശബരിമല വിഷയവും എല്ലാം കഥ പരാമര്‍ശിക്കുന്നുണ്ട്. അവള്‍ക്ക് അനുഭവിക്കേണ്ടിവരുന്ന വേദനകള്‍ ഭര്‍ത്താവിനോട് സൂചിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അയാളുടെ ഈഗോയ്ക്കു മുന്നിലും അവള് പരാജയപ്പെടുകയാണ്. ആര്‍ത്തവ കാലത്തടക്കം അവള് അനുഭവിക്കേണ്ടി വരുന്ന മാനസിക പീഡനങ്ങളും ഒറ്റപ്പെടലും കുറ്റപ്പെടുത്തലുകളും അവളില്‍ വല്ലാത്ത മടുപ്പുളവാക്കുന്നവയായിരുന്നു.
ഇത്തരം യാഥാര്‍ഥ്യങ്ങളെ ഒരൊറ്റ വീക്ഷണ കോണില്‍ നിന്ന് മാത്രമല്ല സംവിധായകന് നോക്കി കാണുന്നത്. പരസ്പര ബഹുമാനത്തോടെ ജീവിക്കുന്ന ദമ്പതിമാരും ആര്‍ത്തവം അശുദ്ധിയല്ലെന്ന് പ്രഖ്യാപിക്കുന്ന സ്ത്രീകളും എല്ലാം കഥയില്‍ അങ്ങിങ്ങായി കടന്നുപോകുന്നു. അതേസമയം സ്വന്തം സാഹചര്യങ്ങളില്‍ നായിക എങ്ങനെ പ്രതിഷേധിക്കുന്നു എന്നതിനാണ് ഇവിടെ പ്രധാന്യം നല്‍കിയിരിക്കുന്നത്. ആ പ്രതിഷേധത്തിലൂടെ അവള് അവളുടെ ചിറകുകള് വിരിച്ച് സ്വാതന്ത്ര്യത്തിന്റെ പുതിയ ലോകത്തിലേക്ക് പറന്നുയരുകയാണ്. പുരുഷാധിപത്യ മനസ്സുകള്‍ കണ്ട് പശ്ചാത്തപിച്ച് സ്വയം തിരുത്തേണ്ട കാഴ്ചപ്പാടുകള്‍, വരും തലമുറ കാണേണ്ട സിനിമ.