LiveTV

Live

Entertainment

ആകാംക്ഷ നിറച്ച് 'ദി പ്രീസ്റ്റ്' ടീസർ; മമ്മൂട്ടിയും മഞ്ജു വാരിയറും ഒന്നിക്കുന്ന ആദ്യ ചിത്രം

ത്രില്ലർ സ്വഭാവമുള്ള സിനിമയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത് നവാഗതനായ ജോഫിൻ ടി ചാക്കോയാണ്.

ആകാംക്ഷ നിറച്ച് 'ദി പ്രീസ്റ്റ്' ടീസർ; മമ്മൂട്ടിയും മഞ്ജു  വാരിയറും ഒന്നിക്കുന്ന ആദ്യ ചിത്രം

മമ്മൂട്ടിയും മഞ്ജു വാരിയരും ആദ്യമായി ഒന്നിക്കുന്ന ചിത്രം 'ദി പ്രീസ്റ്റിന്റെ' ടീസർ പുറത്ത്. ത്രില്ലർ സ്വഭാവമുള്ള സിനിമയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത് നവാഗതനായ ജോഫിൻ ടി ചാക്കോയാണ്. പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന രീതിയിലാണ് സിനിമയുടെ ടീസർ തയ്യാറാക്കിയിരിക്കുന്നത്.

മമ്മൂട്ടി പുരോഹിതനായി വേഷമിടുന്ന ചിത്രത്തിന്റെ ടീസർ, അദ്ദേഹത്തിന്റെ തന്നെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെയാണ് പുറത്തുവിട്ടത്. നേരത്തെ പുറത്തുവന്ന ദി പ്രീസ്റ്റിന്റെ പോസ്റ്ററും മമ്മൂട്ടി തന്നെയായിരുന്നു പങ്കുവെച്ചത്.

അതീന്ദ്രീയ ശക്തികളെ ആസ്പദമാക്കിയുള്ള ചിത്രമാണ് ദി പ്രീസ്റ്റ് എന്നാണ് കരുതപ്പെടുന്നത്. ദുരൂഹതകൾ നിറഞ്ഞ ചിത്രത്തിന്റെ ടീസറും സൂചിപ്പിക്കുന്നത് അതാണ്. ''നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും,ശാസ്ത്രത്തിന്റെ ഏത് തിയറിയിലും അതിനെ മറികടന്ന് പോകുന്ന ഒരു ഡാർക്ക് സോണുണ്ടെന്ന് പറയാറുണ്ട്.'' എന്ന മമ്മൂട്ടിയുടെ ഡയലോഗോടെയാണ് ടീസർ തുടങ്ങുന്നത്.

പുറത്തിറങ്ങി നിമിഷങ്ങൾക്കുള്ളിൽ മികച്ച പ്രേക്ഷക പ്രതികരണമാണ് ദി പ്രീസ്റ്റിന്റെ ടീസറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. കോവിഡ് മഹാമാരിക്ക് ശേഷം തുറന്ന തിയേറ്ററുകളെ സജീവമാക്കാൻ ദി പ്രീസ്റ്റ് സഹായിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ.