10 മാസത്തിന് ശേഷം തിയറ്ററുകള്‍ തുറന്നു; രക്ഷകനാകുമോ മാസ്റ്റര്‍?
നിയന്ത്രണങ്ങൾക്കിടയിലും ആവേശത്തോടെയാണ് ആരാധകർ തിയറ്ററുകളിലെത്തിയത്.

10 മാസത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്ത് തിയറ്ററുകൾ തുറന്നു. തമിഴ് ചിത്രം മാസ്റ്റർ റിലീസ് ചെയ്യുന്ന തിയറ്ററുകളാണ് ഇന്ന് തുറന്നത്. നിയന്ത്രണങ്ങൾക്കിടയിലും ആവേശത്തോടെയാണ് ആരാധകർ തിയറ്ററുകളിലെത്തിയത്. കോഴിക്കോട് അപ്സര തിയറ്ററിൽ സാങ്കേതിക തകരാർ മൂലം സിനിമ പ്രദർപ്പിക്കാനായില്ല.
കോവിഡ് കാരണം 2020 മാര്‍ച്ചോടെ ഇരുട്ടു വീണ വെള്ളിത്തിരയിലേക്ക് വെളിച്ചമായാണ് മാസ്റ്റര്‍ എത്തിയത്. പതിവ് വിജയ് ചിത്രങ്ങളുടെ ചേരുവ പോലെ രക്ഷകനായി പൊങ്കല്‍ ദിനത്തില്‍ തന്നെ മാസ്റ്ററെത്തി.
വിജയിക്കൊപ്പം വിജയ് സേതുപതി കൂടി അണിനിരക്കുന്നുവെന്നതാണ് ഈ ലോകേഷ് കനകരാജ് ചിത്രത്തിന്റെ പ്രത്യേകത. മലയാളിയായ മാളവിക മോഹനാണ് നായിക. ആന്‍ഡ്രിയ, ശന്തനു ഭാഗ്യരാജ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. കേരളം, തമിഴ്നാട് ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ രാവിലെ 9 മണി മുതല്‍ പ്രദര്‍ശനം തുടങ്ങി.
കോവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം 50 ശതമാനം പേര്‍ക്കേ തിയറ്ററുകളിലേക്ക് പ്രവേശനമുണ്ടായിരുന്നുള്ളൂ. പല റിലീസ് കേന്ദ്രങ്ങളിലെയും ടിക്കറ്റുകളെല്ലാം നേരത്തെ തന്നെ വിറ്റു പോയി.
എത്രമാത്രം ജനങ്ങള്‍ തിയറ്ററിലെത്തുമെന്നുള്ള കാര്യം അറിഞ്ഞ ശേഷമായിരിക്കും മറ്റ് ചിത്രങ്ങളുടെ റിലീസ് കൂടി നിശ്ചയിക്കുക. അതുകൊണ്ട് വിജയ് ആരാധകര്‍ മാത്രമല്ല, ഇന്ത്യന്‍ സിനിമാ വാണിജ്യ മേഖല ഒന്നടങ്കം മാസ്റ്റര്‍ റിലീസില്‍ പ്രതീക്ഷയിലാണ്. ഹിന്ദി ഭാഷയിലുള്ള റിലീസ് നാളെയാണ്.