തിയറ്ററുകള്‍ മറ്റന്നാള്‍ തുറക്കും; ആദ്യമെത്തുക മാസ്റ്റര്‍
11 മലയാള സിനിമകൾ റിലീസിന് തയ്യാറാണ്.

കേരളത്തില്‍ തിയറ്ററുകള്‍ ബുധനാഴ്ച തുറക്കും. വിജയ് ചിത്രം മാസ്റ്റർ ആണ് ആദ്യം തിയറ്ററുകളിലെത്തുക. 11 മലയാള സിനിമകൾ റിലീസിന് തയ്യാറാണ്. മാസ്റ്ററിന് ശേഷം ഇവ തിയറ്ററുകളിലെത്തും. ചലച്ചിത്ര മേഖലക്ക് ഇളവ് അനുവദിച്ച മുഖ്യമന്ത്രിക്ക് തിയറ്റര്‍ ഉടമകള്‍ നന്ദി അറിയിച്ചു.
തിയറ്ററുകള്‍ പൂട്ടിക്കിടന്ന കാലത്തെ വിനോദ് നികുതി ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെയാണ് തിയറ്ററുകള്‍ തുറക്കാന്‍ തീരുമാനിച്ചത്. തിയറ്ററുകൾ അടഞ്ഞ് കിടന്ന 10 മാസത്തെ വൈദ്യുതി ഫിക്സഡ് ചാർജ് 50 ശതമാനമാക്കി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
2020 മാർച്ച് 31നുള്ളിൽ അടക്കേണ്ട വസ്തു നികുതി ഗഡുക്കളായി അടക്കാം. തിയേറ്ററുമായി ബന്ധപ്പെട്ട ലൈസൻസുകളുടെ കാലാവധി മാർച്ച് 31 വരെ ദീർഘിപ്പിച്ചു. തദ്ദേശ സ്വയംഭരണം, ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ്, ഫിലിംസ് ഡിവിഷന്, ബില്‍ഡിംഗ് ഫിറ്റ്നസ്, ആരോഗ്യം, ഫയര്‍ഫോഴ്സ് എന്നിവയുമായി ബന്ധപ്പെട്ട വിവിധ ലൈസന്‍സുകളുടെ കാലാവധിയാണ് നീട്ടിയത്.
തിയറ്ററുകള്‍ തുറക്കാന്‍ അനുമതി ലഭിച്ചിരുന്നെങ്കിലും ഇളവുകള്‍ ലഭിക്കാതെ തുറക്കാന്‍ കഴിയില്ലെന്ന നിലപാടിലായിരുന്നു തിയറ്റര്‍ ഉടമകള്‍. വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് ഭാരവാഹികൾ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്, കെ.എസ്.ഇ.ബി ചെയര്മാന് എന്‍.എസ് പിള്ള തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തിലാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്.