മുഖ്യമന്ത്രിക്ക് സ്നേഹാദരങ്ങളുമായി മമ്മൂട്ടിയും മോഹന്‍ലാലും
യുവതാരങ്ങളായ ടോവിനോ തോമസും പൃഥ്വിരാജും മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞു

മുഖ്യമന്ത്രി പിണറായി വിജയന് സ്നേഹാദരങ്ങളുമായി മമ്മൂട്ടിയും മോഹന്‍ലാലും. പ്രതിസന്ധിയിലായിരുന്ന മലയാള സിനിമാ വ്യവസായത്തെ കരകയറ്റാൻ മുന്നോട്ട് വന്ന ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് സ്നേഹാദരങ്ങൾ എന്ന് മമ്മൂട്ടി ഫേസ് ബുക്കില്‍ കുറിച്ചു. മലയാള സിനിമയ്ക്ക് ഊർജ്ജം പകരുന്ന ഇളവുകൾ പ്രഖ്യാപിച്ച ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി പിണറായി വിജയന് സ്നേഹാദരങ്ങൾ എന്നാണ് മോഹന്‍ലാലിന്റെ പ്രതികരണം.
യുവതാരങ്ങളായ ടോവിനോ തോമസും പൃഥ്വിരാജും മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞു. 'സിനിമാ സമൂഹത്തിലെ എല്ലാവരുടെയും കൂടെ ചേർന്ന് നിന്ന് ഞാനും നമ്മുടെ ആരാധ്യനായ മുഖ്യമന്ത്രിക്ക് നന്ദി പറയുന്നു' എന്നാണ് ടൊവിനോ പ്രതികരിച്ചത്. നന്ദിയെന്ന് പൃഥ്വിരാജും പറഞ്ഞു.
വിനോദ നികുതിയിലെ ഇളവുൾപ്പെടെ സിനിമാ മേഖലയ്ക്ക് ശക്തി പകരുന്ന തീരുമാനങ്ങൾ കൈക്കൊണ്ട സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും നന്ദിയെന്ന് മഞ്ജു വാര്യര്‍. തിയറ്ററുകളിൽ വീണ്ടും കാഴ്ചവസന്തം വിടരട്ടെയെന്നും മഞ്ജു വാര്യര്‍ ഫേസ് ബുക്കില്‍ കുറിച്ചു.
തിയറ്ററുകള്‍ക്ക് ഇളവ് പ്രഖ്യാപിച്ച് സർക്കാർ
സിനിമാ തിയറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കും. തിയറ്ററുകള്‍ പൂട്ടിക്കിടന്ന കാലത്തെ നികുതിയാണ് ഒഴിവാക്കുക. തിയറ്ററുകൾ അടഞ്ഞ് കിടന്ന 10 മാസത്തെ വൈദ്യുതി ഫിക്സഡ് ചാർജ് 50 ശതമാനമാക്കി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
2020 മാർച്ച് 31നുള്ളിൽ അടക്കേണ്ട വസ്തു നികുതി ഗഡുക്കളായി അടക്കാം. തിയേറ്ററുമായി ബന്ധപ്പെട്ട ലൈസൻസുകളുടെ കാലാവധി മാർച്ച് 31 വരെ ദീർഘിപ്പിച്ചു. തദ്ദേശ സ്വയംഭരണം, ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ്, ഫിലിംസ് ഡിവിഷന്, ബില്‍ഡിംഗ് ഫിറ്റ്നസ്, ആരോഗ്യം, ഫയര്‍ഫോഴ്സ് എന്നിവയുമായി ബന്ധപ്പെട്ട വിവിധ ലൈസന്‍സുകളുടെ കാലാവധിയാണ് നീട്ടിയത്.
തിയറ്ററുകള്‍ തുറക്കാന്‍ അനുമതി ലഭിച്ചിരുന്നെങ്കിലും ഇളവുകള്‍ ലഭിക്കാതെ തുറക്കാന്‍ കഴിയില്ലെന്ന നിലപാടിലായിരുന്നു തിയറ്റര്‍ ഉടമകള്‍. വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് ഭാരവാഹികൾ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്, കെ.എസ്.ഇ.ബി ചെയര്മാന് എന്‍.എസ് പിള്ള തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തിലാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്.
എന്ന് തിയറ്ററുകള്‍ തുറക്കുമെന്ന് ഇന്ന് ചേരുന്ന തിയറ്റര്‍ ഉടമകളുടെ യോഗത്തില്‍ തീരുമാനിക്കും. മറ്റന്നാളോടെ തന്നെ തുറക്കാനാണ് സാധ്യത.