കിട്ടുണ്ണിയായി ബാറ്റ്മാനും നന്ദിനിയായി വണ്ടർ വുമണും- ചിരിപടർത്തി ‘കിലുക്കം’ ലോട്ടറി സീൻ സ്പൂഫ് വീഡിയോ
ഗോപു സജീവും ദീപു പ്രദീപും ചേർന്നാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്
പൊട്ടിച്ചിരിയുടെ ഒരു വിരുന്ന് തന്നെയായിരുന്നു മോഹന്‍ലാല്‍-പ്രിയദര്ശന് കൂട്ടുകെട്ടിലിറങ്ങിയ കിലുക്കം എന്ന ചിത്രം സമ്മാനിച്ചത്. ജഗതിയും ഇന്നസെന്റും രേവതിയും തിലകനുമെല്ലാം ചിത്രത്തിലുടനീളം ചിരിപ്പിച്ചുകൊണ്ടിരുന്നു. ചിത്രത്തിലെ ഒരിക്കലും മറക്കാത്ത രംഗങ്ങളിലൊന്നാണ് കിട്ടുണ്ണിക്ക് ലോട്ടറിയടിക്കുന്ന രംഗം. രേവതി അവതരിപ്പിക്കുന്ന നന്ദിനി എന്ന കഥാപാത്രം ഇന്നസെന്റ് അവതരിപ്പിക്കുന്ന കിട്ടുണ്ണിയെ ലോട്ടറി അടിച്ചതായി തെറ്റിദ്ധരിപ്പിക്കുന്നതാണ് രംഗം. എപ്പോള്‍ കണ്ടാലും ബോറടിക്കാത്ത ഈ രംഗം വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് വേറൊരു രൂപത്തില്‍. പക്ഷെ കിട്ടുണ്ണിക്ക് പകരം ബാറ്റ്മാനും നന്ദിനിയായി വണ്ടര്‍ വുമണുമാണെന്ന വ്യത്യാസം മാത്രം.
ലോട്ടറി രംഗത്തിന്റെ കോമഡി സ്പൂഫ് ആനിമേറ്റഡ് വീഡിയോ ആണ് വൈറലാകുന്നത്. ഗോപു സജീവും ദീപു പ്രദീപും ചേർന്നാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. ഗോ ഡീപ്പ് അനിമേഷൻസ് എന്ന യൂട്യൂബ് ചാനലിലാണ് സ്പൂഫ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.