തന്നെ കല്യാണം കഴിക്കണമെന്നായിരുന്നു അയാളുടെ ആവശ്യം; അഹാന കൃഷ്ണ
ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് അഹാനയുടെ പ്രതികരണം

തിരുവനന്തപുരം: വീട്ടിലേക്ക് യുവാവ് അതിക്രമിച്ചു കയറിയ സംഭവത്തില്‍ പ്രതികരണവുമായി നടി അഹാന കൃഷ്ണ. തന്നെ വിവാഹം ചെയ്യാന്‍ ആഗ്രഹമെന്നാണ് അയാള്‍ പൊലീസിനോട് പറഞ്ഞത് എന്നും സഹോദരി ഹന്‍സികയുടെ സമയോചിത ഇടപെടലാണ് തങ്ങളെ രക്ഷിച്ചതെന്നും നടി കുറിച്ചു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് അഹാനയുടെ പ്രതികരണം.
'പത്തു മണിയോടെയാണ് സംഭവം നടന്നത്. എന്റെ ആരാധകനാണ്. നേരിട്ടു കാണണം എന്നാണ് അയാള്‍ ആവശ്യപ്പെട്ടത്. ഗേറ്റ് ചാടിക്കടന്നാണ് അയാള്‍ വീട്ടിലെത്തിയത്. വീടിന്റെ വാതില്‍ അടച്ചത് കാരണം കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടായില്ല. അയാളോട് പുറത്ത് പോകാന്‍ ആവശ്യപ്പെട്ടപ്പോള്‍ വരാന്തയില്‍ ഇരുന്നു. ഫോണില്‍ ഉച്ചത്തില്‍ പാട്ടുകള്‍ കേള്‍പ്പിക്കാന്‍ തുടങ്ങി. പോലീസ് 15 മിനിറ്റിനുള്ളില്‍ തന്നെ സ്ഥലത്തെത്തി'അഹാന കൃഷ്ണ

അനിയത്തി ഹന്‍സിക സമയോചിതമായി തന്നെ ഇടപെട്ടു. മുകളില്‍ നിന്ന് താഴേക്കോടിയിറങ്ങി വാതില്‍ അകത്തു നിന്നു പൂട്ടിയത് ഹന്‍സികയാണ്. വാതില്‍ പൂട്ടിയതും സെക്കന്‍ഡുകള്‍ക്കുള്ളില്‍ അയാള്‍ ആ വാതില്‍ തുറക്കാന്‍ ശ്രമിച്ചു. ഇത്രയും ധൈര്യശാലിയായി അവളെ വളര്‍ത്തിയെടുത്തതില്‍ അഭിമാനം തോന്നുന്നു. ആ സ്ഥാനത്ത് താനായിരുന്നുവെങ്കില്‍ ഇതുപോലെ ചെയ്യുമോ എന്നറിയില്ല. ഇക്കാര്യങ്ങളെ കുറിച്ച് അന്വേഷിച്ച എല്ലാവര്ക്കും നന്ദി- അവര്‍ പറഞ്ഞു.

അണാക്സപ്റ്റബ്ള്, അണ്‍ബിലീവബ്ള്‍ എന്നിങ്ങനെയുള്ള ഹാഷ് ടാഗോടെയാണ് അവര്‍ ഇന്‍സ്റ്റഗ്രാമില്‍ ഇക്കാര്യങ്ങള്‍ വിശദമായി പങ്കുവച്ചത്.
കോവിഡ് ബാധിച്ച് മറ്റൊരിടത്ത് ഐസൊലേഷനില്‍ കഴിയവെയാണ് സംഭവമുണ്ടായിട്ടുള്ളത്. സംഭവ സമയത്ത് അഹാനയുടെ അച്ഛന് കൃഷ്ണകുമാര്‍, അമ്മ സിന്ധു, മക്കളായ ദിയ, ഇഷാനി, ഹന്‍സിക എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. ഞായറാഴ്ച രാത്രി പത്തു മണിയോടെയായിരുന്നു സംഭവം.