LiveTV

Live

Entertainment

സിനിമകള്‍ക്ക് സെന്‍സറിങ് വേണം, 'വര്‍ത്തമാനം' സിനിമ മുന്നോട്ടുവെക്കുന്നത് ദേശസ്നേഹത്തിന്‍റെ കഥ: ആര്യാടന്‍ ഷൗക്കത്ത്

'സിനിമ പോലെ ശക്തമായി ജനങ്ങളെ സ്വാധീനിക്കുന്ന മാധ്യമത്തെ പല രീതിയില്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ട്. അത് കൊണ്ട് സെന്‍സറിങ് വേണം'

സിനിമകള്‍ക്ക് സെന്‍സറിങ് വേണം, 'വര്‍ത്തമാനം' സിനിമ മുന്നോട്ടുവെക്കുന്നത് ദേശസ്നേഹത്തിന്‍റെ കഥ: ആര്യാടന്‍ ഷൗക്കത്ത്

വര്‍ത്തമാനം സിനിമ മുന്നോട്ടുവെക്കുന്നത് തന്നെ ദേശസ്നേഹമാണെന്ന് തിരക്കഥാകൃത്തും നിര്‍മാതാവുമായ ആര്യാടന്‍ ഷൗക്കത്ത്. ജാതിക്കും മതത്തിനും വര്‍ണത്തിനും രാഷ്ട്രീയത്തിനും അതീതമായി ഒരു ക്യാമ്പസിലെ മുഴുവന്‍ വിദ്യാര്‍ഥികളും ഒരുമിച്ച് രാജ്യത്തിന്‍റെ മതേതരത്വം കാത്തുരക്ഷിക്കാനും രാജ്യത്തിന്‍റെ ഐക്യത്തിന് വേണ്ടിയും ഒരുമിച്ചു നില്‍ക്കുന്ന, പോരാടുന്ന വലിയ സന്ദേശമാണ് വര്‍ത്തമാനം നല്‍കുന്നതെന്നും ഇത്തരമൊരു സിനിമയെ രാജ്യദ്രോഹം എന്ന് പറഞ്ഞത് വലിയ ഞെട്ടലായാണ് കാണുന്നതെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. മൂന്ന് വര്‍ഷം നീണ്ടുനില്‍ക്കുന്ന ഗവേഷണമാണ് വര്‍ത്തമാനം സിനിമയുടെ തിരക്കഥയെന്നും അദ്ദേഹം പറഞ്ഞു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ആര്യാടന്‍ ഷൗക്കത്ത് സിനിമയെക്കുറിച്ച് തുറന്ന് പറഞ്ഞത്.

ഇന്ത്യാരാജ്യത്തെ ക്യാമ്പസില്‍ കാണുന്ന ചില യാഥാര്‍ത്ഥ്യങ്ങള്‍ ആണ് തന്‍റെ സിനിമയിലുള്ളത്. ആ യാഥാര്‍ത്ഥ്യങ്ങളെ ഒട്ടും കൂട്ടികാണിച്ചിട്ടില്ല, കുറച്ചുകാണിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. സിനിമക്ക് വേണ്ടി അതിശയോക്തി നിറച്ച കഥയൊന്നും എഴുതാന്‍ ശ്രമിച്ചിട്ടില്ലെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.

കേരളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് ഉപരിപഠനത്തിന് എത്തുന്ന പെണ്‍കുട്ടി അനുഭവിക്കുന്ന പ്രയാസങ്ങളും പ്രശ്നങ്ങളുമാണ് സിനിമയുടെ കഥ. വര്‍ത്തമാനക്കാല രാഷ്ട്രീയ സംഭവങ്ങള്‍ ഡല്‍ഹിയില്‍ നടക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ സിനിമയില്‍ വരുമെന്നത് സ്വാഭാവികമാണ്. രണ്ട് തരം തീവ്രവാദങ്ങളെയും തുറന്നുകാണിക്കാന്‍ സിനിമ ശ്രമിച്ചിട്ടുണ്ട്. ഇതിന്‍റെ രണ്ടിനുമപ്പുറത്ത് എല്ലാ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും ഒരുമിച്ചു നില്‍ക്കാവുന്ന ഒരു മതേതര മൂല്യങ്ങള്‍ക്ക് വേണ്ടി ഒരുമിച്ചുനില്‍ക്കേണ്ട സാഹചര്യമാണ് സിനിമയില്‍ കാണിക്കുന്നതെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.

സിനിമ പോലെ ശക്തമായി ജനങ്ങളെ സ്വാധീനിക്കുന്ന മാധ്യമത്തെ പല രീതിയില്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നും അത് കൊണ്ട് സെന്‍സറിങ് വേണമെന്നും പക്ഷെ സെന്‍സറിങിന് വെക്കുന്ന മാനദണ്ഡങ്ങള്‍ എന്ത് എന്നതാണ് ചോദ്യമെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. കൃത്യമായ മാനദണ്ഡങ്ങള്‍ സെന്‍സറിങിന് വേണം. കൃത്യമായ മാനദണ്ഡങ്ങളില്ലാതെ ആര്‍ക്കെങ്കിലും തോന്നുന്ന കാര്യങ്ങള്‍ മുന്‍വിധിയോട് കൂടി വിളിച്ചുപറയുന്ന അവസ്ഥ വളരെ അപലപനീയമാണ്. ഇങ്ങനെയാണെങ്കില്‍ പിന്നെന്തിനാണ് സെന്‍സര്‍ഷിപ്പ് എന്നും ആര്യാടന്‍ ഷൗക്കത്ത് ചോദിക്കുന്നു.

സകരിയ അടക്കമുള്ള മലബാറിലെ സിനിമാക്കാര്‍ ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ കൃത്യമായി പങ്കുവെക്കുന്നതായി ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. പഴയക്കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി മുസ്‍ലിം സ്റ്റീരിയോടൈപ്പ് കഥാപാത്രങ്ങളില്‍ നിന്നും മാറി ഒരു വലിയ ബെല്‍റ്റും ട്രാന്‍സ്പരന്‍റ് ജുബ്ബയും ഒക്കെയിടുന്ന കഥ മാറി, അതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഭക്ഷണരീതിയിലും വസ്ത്രരീതിയിലും ആചാരരീതിയിലുമൊക്കെ മാറ്റങ്ങള്‍ ഈ നാട്ടിലുണ്ടായിട്ടുണ്ട്. അതൊക്കെ ഉള്‍കൊണ്ടാണ് പുതിയ സിനിമകള്‍ ഉണ്ടാവേണ്ടത്. ആ സ്റ്റീരിയോടൈപ്പ് വേഷധാരികള്‍ അല്ല തന്‍റെ സിനിമയിലുള്ളതെന്നും ആര്യാടന്‍ വ്യക്തമാക്കി.