LiveTV

Live

Entertainment

''രാജ്യസ്‌നേഹവും ദേശീയതയും ഒരു വിഭാഗത്തിന്‍റെ നിര്‍വചനത്തില്‍ മാത്രം ഒതുക്കപ്പെടേണ്ട രണ്ടു വാക്കുകള്‍ അല്ല''- മുരളി ഗോപി

സെന്‍സര്‍ ബോര്‍ഡിനെ ഭരിക്കുന്ന പാര്‍ട്ടിയുടെ അജണ്ടകളും തത്വശാസ്ത്രവും അരക്കിട്ടുറപ്പിക്കാനുള്ള ഒരു പണിയായുധമായി ഉപയോഗിക്കുന്ന രീതി മാറണമെന്നും അദ്ദേഹം പറഞ്ഞു

''രാജ്യസ്‌നേഹവും ദേശീയതയും ഒരു വിഭാഗത്തിന്‍റെ നിര്‍വചനത്തില്‍ മാത്രം ഒതുക്കപ്പെടേണ്ട രണ്ടു വാക്കുകള്‍ അല്ല''- മുരളി ഗോപി

സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത 'വര്‍ത്തമാനം' എന്ന ചിത്രത്തിന് സെന്‍സര്‍ അനുമതി നിഷേധിച്ച സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. സെന്‍സര്‍ ബോര്‍ഡിനെ ഭരിക്കുന്ന പാര്‍ട്ടിയുടെ അജണ്ടകളും തത്വശാസ്ത്രവും അരക്കിട്ടുറപ്പിക്കാനുള്ള ഒരു പണിയായുധമായി ഉപയോഗിക്കുന്ന രീതി മാറണമെന്ന് അദ്ദേഹം പറഞ്ഞു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

'രാജ്യസ്‌നേഹവും ദേശീയതയും ഒരു വിഭാഗത്തിന്‍റെ നിര്‍വചനത്തില്‍ മാത്രം ഒതുങ്ങുന്ന, ഒതുക്കപ്പെടേണ്ട രണ്ടു വാക്കുകള്‍ അല്ല. അങ്ങനെ ഒതുക്കപ്പെടുന്ന പക്ഷം, അതിനെതിരെ ശബ്ദിക്കേണ്ട ഉത്തരവാദിത്തം ഇവിടത്തെ ഓരോ കലാകാരനും കലാകാരിയ്ക്കും ഉണ്ട്. സെന്‍സര്‍ഷിപ്പ് എന്നത് ഏകാധിപത്യത്തിന്റെ ഊന്നുവടിയാണ്. ഒരു ജനാധിപത്യത്തില്‍ അത് ഒരു ശീലമായി മാറിയെങ്കില്‍, അതിന്റെ അര്‍ഥം ജനാധിപത്യം പരാജയപ്പെട്ടു എന്ന് തന്നെയാണ്', മുരളി ഗോപി കുറിച്ചു.

ആര്യാടന്‍ ഷൌക്കത്തിന്‍റെ നിര്‍മ്മാണത്തില്‍ പാര്‍വ്വതി തിരുവോത്ത് നായികയായ ചിത്രത്തിന്‍റെ പ്രദര്‍ശനാനുമതി നിഷേധിച്ചത് രാജ്യവിരുദ്ധ പ്രമേയമായതിനാലാണെന്ന് സെന്‍സര്‍ ബോര്‍ഡ് അംഗം കൂടിയായ ബി.ജെ.പി നേതാവ് അഡ്വ.വി. സന്ദീപ് കുമാര്‍ പറഞ്ഞത് വലിയ വിവാദമായിരുന്നു. ജെ.എന്‍.യു സമരത്തിലെ മുസ്‍ലിം-ദളിത് പീഡനമാണ് സിനിമയുടെ പ്രമേയമെന്നും ബി.ജെ.പിയുടെ എസ്.സി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്‍റ് കൂടിയായ സന്ദീപ് കുമാര്‍ ട്വീറ്റ് ചെയ്തു. ഇതിനെതിരെ ചിത്രത്തിന്‍റെ തിരക്കഥാകൃത്തും നിര്‍മ്മാതാവുമായ ആര്യാടന്‍ ഷൗക്കത്ത് രംഗത്തെത്തുകയും ചെയ്തു. സെൻസർ ബോർഡ് തീരുമാനത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നടപടിക്കെതിരെ റിവൈസിംഗ് കമ്മിറ്റിയെ സമീപിക്കും. സെൻസർ ബോർഡ് അംഗത്തിന്‍റെ വ്യക്തിപരമായ അധിക്ഷേപത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം

''സെൻസർ ബോർഡിനെ ഭരണപ്പാർട്ടിയുടെ അജണ്ടകളും തത്വശാസ്ത്രവും അരക്കിട്ടുറപ്പിക്കാനുള്ള ഒരു പണിയായുധമായി ഉപയോഗിക്കുന്ന ഈ രീതി മാറിയേ മതിയാകൂ. രാജ്യസ്നേഹവും ദേശീയതയും ഒരു വിഭാഗത്തിന്‍റെ നിർവചനത്തിൽ മാത്രം ഒതുങ്ങുന്ന, ഒതുക്കപ്പെടേണ്ട രണ്ടു വാക്കുകൾ അല്ല. അങ്ങനെ ഒതുക്കപ്പെടുന്ന പക്ഷം, അതിനെതിരെ ശബ്ദിക്കേണ്ട ഉത്തരവാദിത്തം ഇവിടത്തെ ഓരോ കലാകാരനും കലാകാരിയ്ക്കും ഉണ്ട്. സെൻസർഷിപ്പ് എന്നത് ഏകാധിപത്യത്തില്‍ ഊന്നുവടിയാണ്. ഒരു ജനാധിപത്യത്തിൽ അത് ഒരു ശീലമായി മാറിയെങ്കിൽ, അതിന്റെ അർഥം ജനാധിപത്യം പരാജയപ്പെട്ടു എന്ന് തന്നെയാണ്. പതിനെട്ട് വയസ്സു തികഞ്ഞ ഒരു മനുഷ്യന് രാഷ്ട്രീയത്തിലെ നല്ലതും ചീത്തയും കണ്ടും കെട്ടും മനസ്സിലാക്കി സമ്മതിദാനം നടത്താനുള്ള അവകാശവും അവബോധവും ഉണ്ടെന്ന് ഇവിടത്തെ നിയമവ്യവസ്ഥ അനുശാസിക്കുന്നുണ്ടെങ്കിൽ, അവന്/അവൾക്ക് മുന്നിൽ വരുന്ന ഒരു സിനിമയിലും അത് തിരിച്ചറിയുവാനുള്ള കഴിവും ബുദ്ധിയും ഉണ്ടെന്ന് സമ്മതിച്ചുതന്നേ മതിയാകൂ. ഇല്ലാത്തപക്ഷം, ഇത് പൗരനിന്ദയുടെ ഒരു ഉത്തമ ദൃഷ്ടാന്തം ആയി തന്നെ നിലനിൽക്കും.''

സെൻസർ ബോർഡിനെ ഭരണപ്പാർട്ടിയുടെ അജണ്ടകളും തത്വശാസ്ത്രവും അരക്കിട്ടുറപ്പിക്കാനുള്ള ഒരു പണിയായുധമായി ഉപയോഗിക്കുന്ന ഈ രീതി...

Posted by Murali Gopy on Sunday, December 27, 2020