LiveTV

Live

Entertainment

അനില്‍ നെടുമങ്ങാടിന്‍റെ പോസ്റ്റ്മോര്‍ട്ടം ഇന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍; അപ്രതീക്ഷിത മരണത്തിന്‍റെ ഞെട്ടലില്‍ നാട്

മൃതദേഹം കോവിഡ് പരിശോധനക്കായി തൊടുപുഴയിലെ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

അനില്‍ നെടുമങ്ങാടിന്‍റെ പോസ്റ്റ്മോര്‍ട്ടം ഇന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍; അപ്രതീക്ഷിത മരണത്തിന്‍റെ ഞെട്ടലില്‍ നാട്

അന്തരിച്ച ചലച്ചിത്രനടൻ അനിൽ നെടുമങ്ങാടിന്‍റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ഇന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും. നിലവിൽ മൃതദേഹം കോവിഡ് പരിശോധനക്കായി തൊടുപുഴയിലെ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്നലെ വൈകിട്ടാണ് മലങ്കര ജലാശയത്തിൽ കുളിക്കാനിറങ്ങിയ നടൻ മുങ്ങി മരിച്ചത്.

തൊടുപുഴയിലെ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കോവിഡ് പരിശോധന നടത്തിയ ശേഷം മാത്രമേ പോലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിക്കുകയുള്ളൂ. തുടർന്ന് ഇന്ന് വൈകിട്ടോടെ പോസ്റ്റുമോർട്ടം നടപടികൾക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും.

സിനിമ ചിത്രീകരണത്തിനായി തൊടുപുഴയിൽ എത്തിയതായിരുന്നു അനില്‍ നെടുമങ്ങാട്. ഇന്നലെ സുഹൃത്തുക്കളോടൊപ്പം മലങ്കര ഡാമിൽ കുളിക്കാനിറങ്ങിയ അനിൽ ആഴക്കയത്തിൽ പെടുകയായിരുന്നു. വൈകീട്ട് അഞ്ച് മണി കഴിഞ്ഞാണ് അപകടമുണ്ടായത്. സുഹൃത്തുക്കളും, നാട്ടുകാരും ചേർന്നു അനിലിനെ രക്ഷപെടുത്താൻ ശ്രമിച്ചെങ്കിലും ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് മരണപ്പെട്ടിരുന്നു. ജോജു ജോർജ് നായകനായ പീസ് എന്ന സിനിമയുടെ ചിത്രികരണത്തിനായാണ് അനിൽ തൊടുപുഴയിൽ എത്തിയത്.

അനിൽ നെടുമങ്ങാടിന്‍റെ അപ്രതീക്ഷിത മരണം നൽകിയ ഞെട്ടലിലാണ് അദ്ദേഹത്തിന്‍റെ നാട്. മരണ വാർത്തയറിഞ്ഞ് നാട്ടുകാരും സുഹൃത്തുക്കളും രാത്രി വൈകിയും വീട്ടിലെത്തി.

ചെറിയ കാലയളവിലാണെങ്കിലും മലയാള സിനിമയില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് അനിലിന്‍റെ മടക്കം. നെടുമങ്ങാട് തോട്ടുമുക്കിലെ "സുരഭി"യിൽ മകന്‍റെ വിയോഗമറിഞ്ഞ് വിതുമ്പുകയാണ് അമ്മ. ജനുവരി 15ന് വീട്ടിൽ തിരിച്ചെത്തുമെന്നായിരുന്നു അവസാനമായി ഫോണിൽ സംസാരിച്ചപ്പോൾ അമ്മക്ക് നൽകിയ സന്ദേശം. പെട്ടെന്നുണ്ടായ മരണം അദ്ദേഹത്തിന്‍റെ നാടിനെയാകെ ദുഃഖത്തിലാഴ്ത്തി. മരണ വാർത്തയറിഞ്ഞ് നിരവധി പേരാണ് വീട്ടിലെത്തിയത്. നാട്ടിലെത്തുമ്പോഴെല്ലാം കവലയിലെത്തി സുഹൃത്തുക്കളെയെല്ലാം കാണും. ഓർമ്മകൾ പങ്കുവച്ച സുഹൃത്തുക്കൾ കാമറക്കു മുന്നിലെത്താതെ പറഞ്ഞു.