സച്ചിയുടെ ജന്മദിനത്തില്, 'സച്ചി ക്രിയേഷന്‍സ്' അനൌണ്സ് ചെയ്ത് പൃഥ്വിരാജ്
ക്രിസ്തുമസ് ആശംസയ്ക്കൊപ്പം ഇന്ന് സച്ചിയുടെ പിറന്നാളെന്ന് ഓര്‍മപ്പെടുത്തിയിരിക്കുകയാണ് പൃഥ്വിരാജ്

സിനിമയിലും ജീവിതത്തിലും നടന് പൃഥ്വിരാജിന്റെ ആത്മസുഹൃത്തായിരുന്നു അന്തരിച്ച തിരക്കഥാകൃത്തും സംവിധായകനുമായിരുന്നു സച്ചി. സച്ചി ആദ്യം സംവിധാനം ചെയ്ത അനാര്‍ക്കലിയിലും അവസാനചിത്രമായ അയ്യപ്പനും കോശിയിലും പൃഥ്വിയായിരുന്നു നായകന്.
ഇപ്പോഴിതാ ക്രിസ്തുമസ് ആശംസയ്ക്കൊപ്പം ഇന്ന് സച്ചിയുടെ പിറന്നാളെന്ന് ഓര്‍മപ്പെടുത്തിയിരിക്കുകയാണ് പൃഥ്വിരാജ്. സച്ചിയുടെ ഓര്മ നിലനിര്‍ത്താനും അതു വഴി നല്ല സിനിമകള്‍ ജനങ്ങളിലേക്ക് എത്തിക്കാനുമായി സച്ചി ക്രിയേഷന്‍സ് എന്ന പേരില്‍ ഒരു ബാനര്‍ അനൌണ്സ് ചെയ്തിരിക്കുകയാണ് സച്ചിയുടെ പിറന്നാള്‍ ദിനത്തില്‍ പൃഥ്വിരാജ്.
പൃഥ്വിരാജിന്റെ കുറിപ്പ് വായിക്കാം
നമസ്ക്കാരം എല്ലാവർക്കും എന്റെ ക്രിസ്തുമസ് ആശംസകൾ.
December 25 എന്നെ സംബന്ധിച്ച് മറ്റൊരു പ്രത്യേകത കൂടിയുള്ള ദിവസമാണ്. എന്റെ പ്രിയ സുഹൃത്തും, തിരക്കഥാകൃത്തും, സംവിധായകനുമായ സച്ചിയുടെ ജന്മദിനം കൂടിയാണ്. അദ്ദേഹത്തിന്റെ ഒരുപാട് ആഗ്രഹങ്ങളിൽ ഒന്നായിരുന്നു സ്വന്തമായി ഒരു സിനിമ നിർമ്മിക്കണമെന്നത്. അതിനുള്ള ശ്രമങ്ങളും ആരംഭിച്ചിരുന്നു. നിർഭാഗ്യവശാൽ ഇന്ന് സച്ചി നമ്മോടൊപ്പം ഇല്ല. അദ്ദേഹത്തിന്റെ ഓർമ്മ നിലനിർത്തുന്നതിനും, ആഗ്രഹപൂർത്തീകരണത്തിനും വേണ്ടി ഇന്ന് ഞാനൊരു ബാനർ അനൗൺസ്മെന്റെ നടത്തുകയാണ് Sachy Creations. ഈ ബാനറിലൂടെ നല്ല സിനിമകൾ നിങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം. അതിന് നിങ്ങളുടെ എല്ലാവിധ സപ്പോർട്ടും പ്രതീക്ഷിക്കുന്നു.