ദുരഭിമാനത്തിന്റെ 'പാപം പേറുന്ന കഥൈകള്‍'... പാവ കഥൈകള്‍ റിവ്യു
ജാതിയതെയും ദുരഭിമാനത്തെയും മാത്രമല്ല, അരികുവത്കരിക്കപ്പെടുന്നവരുടെ രാഷ്ട്രീയം കൂടി പൊതുവായി നാല് കഥകളിലും പാവ കഥൈകള്‍ പറയുന്നു

ദുരഭിമാനം ഒരു വല്ലാത്ത സംഭവമാണ്. അതിന് ചിലപ്പോള്‍ അക്രമത്തിന്റെ മുഖമാണ്. അത് പ്രിയപ്പെട്ടവരെത്തന്നെ ഇല്ലാതാക്കും. മാനുഷികതയെ തകര്‍ക്കും. പക്ഷെ, ഈ ദുരഭിമാനത്തിന്റെ പേരില്‍ പലരും ചെയ്തുകൂട്ടുന്ന പാപങ്ങളുടെ ശിക്ഷ അനുഭവിക്കുന്നത് എപ്പോഴും മറ്റുള്ളവരായിരിക്കുമെന്ന് മാത്രം. അതെ, ദുരഭിമാനത്തിന്റെ ഭാരം പേറി നഷ്ടങ്ങളെണ്ണി ജീവിക്കുന്നവരുടെ കഥകള്‍ ഈ സമൂഹത്തില്‍ നിരവധിയാണ്. ആ ദുരഭിമാനം ചെയ്യുന്ന പാപങ്ങളുടെ കഥകളാണ് 'പാവ കഥൈകള്‍' എന്ന ആന്തോളജി സീരീസ്.

ജാതീയതയുടെ, അഭിമാനത്തിന്റെ, പാപത്തിന്റെ, രാഷ്ട്രീയത്തിന്റെ നിരവധി മുഖങ്ങളാണ് നാല് ചിത്രങ്ങളിലായി സംവിധായകര്‍ പറയാനുദ്ദേശിക്കുന്നത്. ഇന്നത്തെ സമൂഹത്തില്‍ മറ്റെന്തിനെക്കാളും അഭിമാനമാണ് വലുതെന്ന് പറയുകയും ദുരഭിമാനം മനസില്‍ പേറി നടക്കുകയും ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ രീതിയില്‍ പ്രതികരിക്കുകയാണ് പാവ കഥൈകള്‍. വിഗ്നേഷ് ശിവന്, ഗൌതം വാസുദേവ് മേനോന്, വെട്രിമാരന്, സുധ കൊങ്കര എന്നിവരുടെ നാല് ചിത്രങ്ങളാണ് ഈ ആന്തോളി സീരീസിലുള്ളത്. ഒരു കേന്ദ്ര ബിന്ദുവില്‍ നിലയുറപ്പിച്ച് നാല് വ്യത്യസ്ത കഥകളാണ് പറയുന്നതെന്നതിനാല്‍ ഓരോ സെഗ്മെന്റുകളെയും വിശകലനം ചെയ്യാം.

ഓര് ഇരവ് (That night)
ആന്തോളജി സീരീസിലെ ഏറ്റവും 'ഇരുണ്ട രാത്രി'യുടെ കഥയാണ് ഓര് ഇരവ് എന്ന വെട്രിമാരന് സീക്വെന്‍സ് പറയുന്നത്. സായ് പല്ലവി, പ്രകാശ് രാജ് എന്നിവര്‍ കേന്ദ്ര കഥാപാത്രമായെത്തിയ സീക്വെന്‍സ് ദുരഭിമാനത്തിന്റെ എല്ലാ ഭീകരതയെയും ഒപ്പിയെടുത്തുകൊണ്ട് കഥപറയുന്നു. പ്രകാശ് രാജും സായ് പല്ലവിയും ഒരിക്കല്‍ കൂടി പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നു. താഴ്ന്ന ജാതിയില്‍പ്പെട്ട ഒരാളുമൊത്ത് ഒളിച്ചോടിപ്പോയ മകള്‍ സുമതി ഗര്‍ഭിണിയാണെന്നറിഞ്ഞ് രണ്ട് വര്‍ഷത്തിനുശേഷം അച്ഛന് കാണാനെത്തുകയും നാട്ടിലേക്ക് കൂട്ടിക്കൊണ്ട് പോവുകയും ചെയ്യുന്നു. ശേഷം നാട്ടില്‍വെച്ച് ഒരു രാത്രി നടക്കുന്ന സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സീക്വെന്‍സ് കണ്ടുകഴിഞ്ഞതിന് ശേഷം അസ്വാസ്ഥ്യത പ്രേക്ഷകനെ പിന്തുടരും എന്ന് സംവിധായകന് ഉറപ്പ് വരുത്തുന്നു. പാവ കഥൈകളിലെ ഏറ്റവും മികച്ച സീക്വെന്‍സ് ഓര് ഇരവ് തന്നെയാണ്.

തങ്കം (thangam)
സുധ കൊങ്കരയുടെ തങ്കം. സമൂഹത്തില്‍ അരികുവത്കരിക്കപ്പെടുന്ന ട്രാന്‍സ് ജെന്ററുകളെപ്പോലുള്ള വിഭാഗം പണ്ടുമുതലേ അനുഭവിച്ചുപോരുന്ന മാനസികവും സാമൂഹികവുമായ തരംതാഴ്ത്തലുകളെ കോയമ്പത്തൂരിലെ ഒരു ചെറു ഗ്രാമത്തില്‍ 1980കളുടെ തുടക്കത്തില്‍ നിര്‍ത്തി കഥ പറഞ്ഞ മികച്ചൊരു സെഗ്മെന്റ്. ശാന്തനു, കാളിദാസ് ജയറാം എന്നിവരുടെ അതിഗംഭീര പ്രകടനത്തിലൂന്നി ജാതീയതയെയും ജെന്റര്‍ പൊളിറ്റിക്സിനെയും മികച്ച രീതിയില്‍ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ സുധ കൊങ്കരക്ക് സാധിച്ചു. കാളിദാസ് ജയറാം എന്ന നടന്റെ ശക്തമായ തിരിച്ചുവരവാണ് തങ്കത്തിലെ സത്താര്‍ എന്ന കഥാപാത്രം. ട്രാന്‍സ് ജെന്ററുകള്‍ അരികുവത്കരിക്കപ്പെടുമ്പോള് അവരെ ചുറ്റപ്പറ്റി ജീവിക്കുന്ന ഒരുപാട് പേര് അതിലൂടെ ബാധിക്കപ്പെടുന്നു. ഒരു കൊലപാതകം കയ്യൂക്കുകൊണ്ടു മാത്രമല്ല, ചിലപ്പോള്‍ വാക്കുകള്‍ കൊണ്ടും സാധിക്കുമെന്ന് സുധ കൊങ്കര തങ്കം എന്ന സെഗ്മെന്റിലൂടെ പറയുന്നു.

ലവ് പണ്ണാ ഉട്ട്റണം (Let them love)
വിഗ്നേഷ് ശിവന് സംവിധാനം ചെയ്ത് അഞ്ജലി, കല്കി എന്നിവര്‍ കേന്ദ്ര കഥാപാത്രമായെത്തിയ ഈ ചിത്രം മറ്റ് സെഗ്മെന്റുകളില്‍ നിന്നും വ്യത്യസ്തമായി ഡാര്‍ക്ക് ഹ്യൂമര്‍ ജോണറില്‍ കഥ പറയാന്‍ ശ്രമിക്കുന്നു. വീരസിംഹന്‍ എന്ന രാഷ്ട്രീയക്കാരന്റെ ഇരട്ടകളായ മക്കള്‍ തങ്ങളുടെ ജീവിത പങ്കാളികളെ തെരഞ്ഞെടുക്കുകയും അക്കാര്യം അച്ഛനോട് പറയാന്‍ വരുന്നതുമായ സാഹചര്യത്തില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രം പറയുന്നത്. ജാതിയോ മതമോ നോക്കാതെ പ്രണയിക്കുന്ന മക്കളും ജാതിയും കുലവുമെല്ലാം എന്തിനെക്കാളും പ്രധാനപ്പെട്ടതായി കണക്കാക്കുന്ന അച്ഛനും. ഇവര്‍ ദുരഭിമാനമെന്ന കേന്ദ്ര ബിന്ദുവില്‍ നിലയുറപ്പിക്കുമ്പോള്‍ എന്തെല്ലാം സംഭവിക്കും? ഡാര്‍ക്ക് ഹ്യൂമറും സര്ക്കാസവുമെല്ലാം കൂട്ടിക്കലര്‍ത്തിയ ഒരു ഇമോഷണല്‍ ഡ്രാമയാണ് ഈ ചിത്രം.

വാന്മകള് (daughter of the skies)
ഒരു സ്ത്രീയുടെ ഏറ്റവും വലിയ സ്വത്ത് അവളുടെ ശരീരമാണെന്ന് വിശ്വസിക്കുന്ന ഒരു സാധാരണ വീട്ടമ്മയുടെ മാനസിക സംഘര്‍ഷങ്ങള്‍ നയിക്കുന്ന കഥാപശ്ചാത്തലമാണ് വാന്മകള് എന്ന ചിത്രം. ഗൌതം വാസുദേവ് മേനോന്, സിമ്രന് എന്നിവര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ഈ ഗൌതം വാസുദേവ് മേനോന് ചിത്രം ഇമോഷന്‍സിന്റെ ബലത്തില്‍ കൃത്യമായി പ്രേക്ഷകരുമായി സംവദിക്കുന്നു. കുടുംബവും അതിനുള്ളിലെ മോശം സാഹചര്യങ്ങളെയും ഏതെല്ലാം രീതിയില്‍ മനസിനെ പ്രതീകൂലമായി ബാധിക്കും, അതിനെ ഏതെല്ലാം രീതിയില്‍ തരണം ചെയ്യാം എന്ന് ഈ ചിത്രം കാണിച്ചു തരുന്നു. സംഭാഷണങ്ങളിലെല്ലാം കുറച്ച് കാലത്തിന് ശേഷം ഒരു മികച്ച ജി.വി.എം ബ്രാന്റ് രേഖപ്പെടുത്താന്‍ സാധിച്ച സെഗ്മെന്റ് കൂടിയാണ് വാന്മകള്.

ജാതിയതെയും ദുരഭിമാനത്തെയും മാത്രമല്ല, അരികുവത്കരിക്കപ്പെടുന്നവരുടെ രാഷ്ട്രീയം കൂടി പൊതുവായി നാല് കഥകളിലും പാവ കഥൈകള്‍ പറയുന്നു. കഥ പറച്ചില് രീതിയില്‍ ഏറ്റക്കുറച്ചിലുകള്‍ അനുഭവപ്പെട്ടേക്കാമെങ്കിലും നെറ്റ്ഫ്ലിക്സിന്റെ ഈ ആന്തോളജി സീരീസ് മികച്ച ഒരു സൃഷ്ടിയാണ്.