2020 അവസാനിക്കുമ്പോള്‍, എന്തായാലും കണ്ടിരിക്കേണ്ട അഞ്ച് ഇന്ത്യന്‍ വെബ് സീരീസുകള്‍
നിങ്ങള്‍ ഒരു സിനിമ പ്രേമിയാണെങ്കില്‍ എന്തായാലും കണ്ടിരിക്കേണ്ട 5 ഇന്ത്യന്‍ വെബ് സീരീസുകള്‍ ഇവയെല്ലാമാണ്.

ഗെയിം ഓഫ് ത്രോണ്‍സ്, ബ്രേക്കിങ് ബാഡ് തുടങ്ങി ലോകശ്രദ്ധയാകര്‍ഷിച്ചിട്ടുള്ള നിരവധി സീരീസുകള്‍ ഓടിടി പ്ലാറ്റ്ഫോമുകളില്‍ സുലഭമാണാണ്. ഫോറിന് സീരീസുകള്‍ മാത്രമല്ല, ലോക ശ്രദ്ധ ആകര്‍ഷിച്ച ഗംഭീര ഇന്ത്യന്‍ സീരീസുകളും ഈ ലിസ്റ്റില്‍ ഉണ്ട്. എമി അവാര്‍ഡ് നേടിയ നെറ്റ്ഫ്ലിക്സിന്റെ ഡല്‍ഹി ക്രൈം പോലുള്ള സീരീസുകള്‍ അതിന് ഉദാഹരണമാണ്. നിങ്ങള്‍ ഒരു സിനിമ പ്രേമിയാണെങ്കില്‍ എന്തായാലും കണ്ടിരിക്കേണ്ട 5 ഇന്ത്യന്‍ വെബ് സീരീസുകള്‍ ഇവയെല്ലാമാണ്.
സ്കാം 1992: ദി ഹര്‍ഷദ് മേഹ്ത്ത സ്റ്റോറി
ഇന്ത്യ കണ്ടതില്‍വെച്ച് ഏറ്റവും വലിയ സ്റ്റോക് മാര്‍ക്കറ്റ് സ്കാം. ഈ സ്കാം എന്നു പറയുന്ന വാക്കുപോലും ഇന്ത്യന്‍ മീഡിയ ആദ്യമായി ഉപയോഗിച്ച അഴിമതിക്കഥ. അന്നത്തെ ഭരണസംവിധാനത്തെപ്പോലും നേര്‍ക്കുനേര്‍ നിന്ന് വെല്ലുവിളിച്ച, ആ സ്കാമിന് പുറകിലെ മനുഷ്യന്റെ ജീവിതം. സ്കാം 1992: ദി ഹര്‍ഷദ് മേഹ്ത്ത സ്റ്റോറി. 1992ല്‍ സ്റ്റോക് മാര്‍ക്കറ്റിലൂടെ 5000 കോടിയിലേറെ രൂപയുടെ കുംബകോണം നടത്തിയ ഹര്‍ഷദ് മേഹ്ത എന്ന സ്റ്റോക്ക് ബ്രോക്കറുടെ കഥയാണ് ഈ സീരീസ് പറയുന്നത്. സ്റ്റോക്ക് മാര്‍ക്കറ്റിലെ രാജാവായിരുന്നു ഹര്‍ഷദ്. അതുകൊണ്ട് തന്നെ സ്റ്റോക്ക് മാര്‍ക്കറ്റ് വൃത്തങ്ങളില്‍ അയാള്‍ അറിയപ്പെട്ടിരുന്നത് ദി ബിഗ് ബുള്‍ എന്നായിരുന്നു. സോണി ലൈവിലൂടെയാണ് സീരീസ് സ്ട്രീം ചെയ്യുന്നത്. ഐ.എം.ഡി.ബിയില്‍ ഏറ്റവും കൂടുതല്‍ റേറ്റിങ് കിട്ടിയ ഇന്ത്യന്‍ വെബ് സീസീസാണ് സ്കാം. തീർച്ചയായും, സ്കാം 1992: ദി ഹര്‍ഷദ് മേഹ്ത്ത സ്റ്റോറി എന്തായാലും കണ്ടിരിക്കേണ്ട വെബ് സീരീസ് തന്നെയാണ്.

പാതാള്‍ ലോക്
റിലീസ് ചെയ്ത് കുറച്ച് നാളുകള്‍ക്കിപ്പുറം തന്നെ വലിയ സൈബര്‍ ആക്രമണങ്ങള്‍ക്ക് വിധേയമായ വെബ് സീരീസായിരുന്നു അനുഷ്ക ശര്‍മ്മ നിര്‍മ്മിച്ച പാതാള്‍ ലോക്. ഇങ്ങനെ ഒരു വിഭാഗം ആളുകളുടെ ആക്രമണം ഈ സീരീസിന് നേരിടേണ്ടി വന്നതിന്റെ കാരണം, അത് പറയുന്ന രാഷ്ട്രീയം തന്നെയാണ്. ആ രാഷ്ട്രീയം ഇന്നത്തെ കാലഘട്ടത്ത് ചര്‍ച്ച ചെയ്യപ്പെടേണ്ട ഒന്ന് തന്നെയാണ്.

ഒരു ക്രൈം ത്രില്ലര്‍ ജോണറില്‍ ഉള്‍പ്പെടുത്താവുന്ന പാതാള്‍ ലോക്, അതിന്റെ വിവിധങ്ങളായ ലെയറുകളില്‍ പ്ലെയിസ് ചെയ്തിട്ടുള്ള രാഷ്ട്രീയത്തിലൂടെ സീരീസിനെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നു. ആമസോണ്‍ പ്രൈമിലൂടെയാണ് സീരീസ് സ്ട്രീം ചെയ്യുന്നത്. ദി സ്റ്റോറി ഓഫ് മൈ അസാസിന്‍സ് എന്ന തരുണ്‍ തേജ്പാലിന്റെ പുസ്തകമാണ് പാതാള്‍ ലോകിന്റെ അടിസ്ഥാനം. പാതാള്‍ ലോകിനെക്കുറിച്ച് ചുരുക്കത്തില്‍ പറഞ്ഞാല്‍, നിങ്ങള്‍ ജനാധിപത്യ വിശ്വാസിയാണെങ്കില്‍, ജനാധിപത്യത്തിന്റെ നാലാം തൂണായി മാധ്യമങ്ങളെ കാണുന്നുണ്ടെങ്കില്‍, നവ ഇന്ത്യയില്‍ നിലനിന്നു പോരുന്ന രാഷ്ട്രീയ അരക്ഷിതാവസ്ഥയെ നിങ്ങള്‍ മനസിലാക്കുന്നുണ്ടെങ്കില്‍, പാതാള്‍ ലോക് നിങ്ങള്‍ക്ക് ഒരു ബിഞ്ച് വാച്ച് തന്നെയായിരിക്കും.
സേക്രഡ് ഗെയിംസ്
ഇന്ത്യന്‍ സീരീസുകളുടെ കൂട്ടത്തില്‍ ഒരു വലിയ വിപ്ലവം തന്നെയായിരുന്നു സേക്രഡ് ഗെയിംസ്. ഇന്ത്യന്‍ വെബ് സീരീസുകളെ കൂടുതല്‍ ജനകീയമാക്കുന്നതില്‍ സേക്രഡ് ഗെയിംസ് വഹിച്ച പങ്ക് വലുതായിരുന്നു. ഇന്ത്യന്‍ മിത്തോളജിയെയും ഇന്ത്യന്‍ സമകാലിക രാഷ്ട്രീയത്തെയും ബന്ധിപ്പിച്ചുകൊണ്ട് രൂപപ്പെടുത്തിയ ഒരു ക്ലാസിക് പൊളിറ്റിക്കല്‍ ത്രില്ലറാണ് ഐറ്റം. നവാസുദ്ദീന്‍ സിദ്ദിഖി അവതരിപ്പിച്ച ഗണേഷ് ഗൈതോണ്ടേ എന്ന കഥാപാത്രമാണ് സീരീസിലെ പ്രൊട്ടാഗനിസ്റ്റ്. ഗൈതോണ്ഡേ എന്ന ഡോണിനെ ചുറ്റിപ്പറ്റി ജാതീയതെയും സവര്‍ണാധിപത്യത്തെയും കപട രാഷ്ട്രീയത്തെയും കണക്കിന് പ്രഹരിച്ചുകൊണ്ടാണ് സീരീസിന്റെ പോക്ക്. നോണ്‍ ലീനിയര്‍ പാറ്റേണില്‍ കഥ പറഞ്ഞു പോകുന്ന സേക്രഡ് ഗെയിംസ് സെയ്ഫ് അലി ഖാന്, നവാസുദ്ദീന്‍ സിദ്ദീഖി, രാധിക ആപ്തേ തുടങ്ങിയ താരനിരകൊണ്ടും സമ്പന്നമായിരുന്നു. ആദ്യ സീസണിന്റെ നിലവാരം കാത്തുസൂക്ഷിക്കാന്‍ രണ്ടാം സീസണിന് സാധിച്ചില്ലെങ്കിലും സേക്രഡ് ഗെയിംസ് തീര്‍ച്ചയായും ഏവരും കാണേണ്ടത് തന്നെയാണ്.

മിര്‍സാപ്പൂര്‍
ഹിംസ, ക്രോധം, പ്രതികാരം. ഇതിനെയെല്ലാം നിയന്ത്രിക്കുന്ന അധികാരം എന്ന പ്രധാന ഘടകം. മിര്‍സാപ്പൂര്‍ കഥ പറഞ്ഞ് പോകുന്നത് ഈ വിഷയങ്ങളിലൂടെയാണ്. ഉത്തര്‍പ്രദേശിലെ മിര്‍സാപ്പൂര്‍ എന്ന ടൌണിലെ അധികാരങ്ങള്‍ക്ക് വേണ്ടിയുള്ള നിരന്തര യുദ്ധങ്ങളാണ്. ഈ യുദ്ധത്തില്‍, ക്രോധം കാരണം, പ്രതികാരം കാരണം, യാദൃശ്ചികത കാരണം, പലരും ഭാഗമാകുന്നു. രണ്ട് സീസണുകളിലായി പുറത്തിറങ്ങിയ മിര്‍സാപ്പൂര്‍, അധികാരം എന്ന ഫാക്ടറിനപ്പുറം ചര്‍ച്ച ചെയ്യുന്നത്, അധികാരം എന്നത് എത്രത്തോളം അപകടകരമായ സംഭവമാണ് എന്നതാണ്.

മിര്സാപ്പൂരിനെ മികച്ചു നിര്‍ത്തുന്നത് അതിന്റെ ആഘ്യാന രീതി തന്നെയാണ്. പിന്നെ, പങ്കജ് ത്രിപാഠി, ദിവ്യേന്തു, അലി ഫസല്‍ തുടങ്ങിയവരുടെ മികച്ച പ്രകടനങ്ങളും. രണ്ട് സീസണിലായി 19 എപ്പിസോഡുകളാണ് സീരീസിലുള്ളത്.
പഞ്ചായത്ത്
വെബ് സീരീസുകളില്‍ പൊതുവെ കൂടുതലായി കണ്ടു വരുന്ന ജോണര്‍ ത്രില്ലര്‍, ക്രൈം സെക്ഷനില്‍ പെട്ടവയാണ്. പക്ഷെ, അതില്‍ നിന്നെല്ലാം വ്യത്യസ്തമായി പ്രേക്ഷകരെ പൂര്‍ണമായും രസിപ്പിക്കുന്ന സീരീസാണ് പഞ്ചായത്ത്. എഞ്ചിനിയറിങ് ഗ്രാജ്വേറ്റായ, താന്‍ ആഗ്രഹിച്ച രീതിയിലൊന്നും എത്താന്‍ സാധിക്കാത്ത അഭിഷേക് ത്രിപാഠിക്ക് യുപിയിലെ ഉള്‍നാടന്‍ ഗ്രാമമായ ഫുലേരയില്‍ പഞ്ചായത്ത് സെക്രട്ടറിയായി ജോലി കിട്ടുന്നു. എന്നാല്‍, അവിടുത്തെ ജീവിത സാഹചര്യങ്ങളുമായി അഭിഷേകിന് ഒട്ടും ഒത്തു പോകാന്‍ സാധിക്കുന്നില്ല. ശേഷം അവിടെ നിന്നും രക്ഷപ്പെടാനായി അഭിഷേക് ത്രിപാഠി നടത്തുന്ന പോരാട്ടങ്ങളും സാഹസങ്ങളും, അവിടുത്തെ ജീവിതം അയാളില്‍ വരുത്തുന്ന മാറ്റങ്ങളുമെല്ലാം വളരെ രസകരമായ രീതിയില്‍ പറഞ്ഞു പോകുന്ന കഥയാണ് പഞ്ചായത്തിന്റേത്.

പഞ്ചായത്തിന്റെ ഓരോ എപ്പിസോഡുകളും ഓരോ കോമിക് കഥകളാണ്. അത്രകണ്ട് രസിച്ച് കാണാന്‍ സാധിക്കുന്ന ഈ സീരീസ് ആമസോണ്‍ പ്രൈമിലൂടെയാണ് സ്ട്രീം ചെയ്യുന്നത്. എട്ട് എപ്പിസോഡുകളാണ് സീരീസിലുള്ളത്.
ഇത് ചെറിയൊരു ലിസ്റ്റ് മാത്രമാണ്. ഇനി ചെറുതും വലുതുമായ ഒരുപാട് സീരീസുകള്‍ ലിസ്റ്റില്‍ കെടപ്പൊണ്ട്. ഉദാഹരണത്തിന് അസുര്, ജംതാര, ഡല്‍ഹി ക്രൈെ അങ്ങനെ ഒരുപാടുണ്ട്. സിനിമ ഇഷ്ടപ്പെടുന്നവരെ ഒട്ടും നിരാശരാക്കാതെ ഇന്ത്യന്‍ സീരീസുകള്‍ ജൈത്രയാത്ര തുടരുകയാണ്.