ദേശഭാഷ വ്യത്യാസമില്ലാതെ ഓണ്‍ലൈനായി ഒരു എക്സിബിഷന്
സൌഹൃദവും കലയും പുതിയ ലോകത്ത് വെര്‍ച്വല്‍ പ്ലാറ്റ്ഫോമില്‍ ഒരുമിപ്പിച്ചിരിക്കുകയാണ് ഒരുകൂട്ടം ചെറുപ്പക്കാര്‍.
നിലവിലെ വ്യവസ്ഥകള്‍ ലംഘിക്കപ്പെടുമ്പോഴാണ് പുതിയൊരു കല സൃഷ്ടിക്കപ്പെടുന്നത്.. അതുതന്നെയാണ് ട്രാന്സ്ഗ്രസ്സ് എന്ന ഒരു കൂട്ടായ്മയിലൂടെ ഈ കലാകാരന്മാര് ലക്ഷ്യം വെച്ചതും. സൌഹൃദവും കലയും പുതിയ ലോകത്ത് വെര്‍ച്വല്‍ പ്ലാറ്റ്ഫോമില്‍ ഒരുമിപ്പിച്ചിരിക്കുകയാണ് ഒരുകൂട്ടം ചെറുപ്പക്കാര്‍. അവരില്‍ കേരളത്തില്‍ നിന്നുള്ളവര്‍ മാത്രമല്ല, ലക്ഷദ്വീപില്‍ നിന്നും ഇറാനില്‍ നിന്നും ഉള്ളവര്‍ വരെ ഒത്തു ചേരുമ്പോള്‍ അത് കലയെ സ്നേഹിക്കുന്നവര്‍ക്ക് തീര്‍ത്തും വേറിട്ട ഒരു അനുഭവമായിരിക്കും എന്ന് ഉറപ്പാണ്.
'ഇൻ സേർച്ച് ഓഫ് കോമൺ ഗ്രൗണ്ട്' എന്ന പേരിലാണ് ഈ വെര്‍ച്വല്‍ എക്സിബിഷന് ജനങ്ങളിലേക്കെത്തുന്നത്. ചെന്നൈ സ്വദേശിയായ ആർട്ടിസ്റ്റ് മോക്ഷ കുമാർ ആണ് ക്യൂറേറ്റർ. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നായി അഭിജിത് ഇ.എ, അനൂപ ജേക്കബ്, ക്ലമന്റ് രാജ്, ഗോപിക കൃഷ്ണൻ, ജിബിൻ ബാബു, മാണി കെ അയ്യപ്പൻ, ഋഷി ശശി, വിഷ്ണു ശശി തുടങ്ങിയ എട്ട് കലാകാരന്മാര്ക്കൊപ്പം ഇറാനില്‍ നിന്ന് എൽഹാം ഹൊസെയിൻപുരും ലക്ഷദ്വീപില്‍ നിന്ന് ഫിറോസ് നെടിയത്തും ഇൻ സേർച്ച് ഓഫ് കോമൺ ഗ്രൗണ്ടിന്റെ ഭാഗമായിരിക്കുന്നു.

സൃഷ്ടികള്‍ക്കൊപ്പം തന്നെ ഈ കലാകാരന്മാര് അവരെ പറ്റി പറയുന്ന ഒരു സെൽഫ് ഇൻട്രൊഡക്ഷൻ വീഡിയോയും ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഓരോ ദിവസവും കലയുമായി ബന്ധപ്പെട്ട പ്രശസ്തർ പങ്കെടുക്കുന്ന സംവാദങ്ങളും എക്സ്ബിഷന്റെ ഭാഗമാണ്. ഡിസംബർ 15 നാണ് ഇൻ സേർച്ച് ഓഫ് കോമൺ ഗ്രൗണ്ട് എക്സിബിഷന് തുടക്കം കുറിച്ചിരിക്കുന്നത്. 20 വരെയാണ് പ്രദര്‍ശനം.