കമല്‍ ഹാസന് 'ടോര്‍ച്ച്' ഇല്ല; നിഷേധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്
'ബാറ്ററി ടോര്‍ച്ച് ഞങ്ങള്‍ക്ക് നിഷേധിച്ചെങ്കില്‍ ഞങ്ങള്‍ വിളക്കുഗോപുരമാകും. വിശ്വരൂപം എടുക്കാന്‍ അവര്‍ ഞങ്ങളെ പ്രേരിപ്പിക്കുകയാണ്'

വരുന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യത്തിന് 'ടോര്‍ച്ച്' ചിഹ്നം നിഷേധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്. എന്ത് കൊണ്ടാണ് ടോര്‍ച്ച് ചിഹ്നം നിഷേധിച്ചതെന്ന കാര്യത്തില്‍ കമ്മീഷന് വ്യക്തത വരുത്തിയിട്ടില്ല. വിഷയത്തില്‍ ശക്തമായ വിമര്‍ശനമാണ് കമല്‍ ഹാസന് ഉന്നയിച്ചത്. 'ജനാധിപത്യം രോഗാവസ്ഥയിലാണെന്ന് പറയുന്നതില്‍ അതിശയോക്തിയില്ല, ബാറ്ററി ടോര്‍ച്ച് ഞങ്ങള്‍ക്ക് നിഷേധിച്ചെങ്കില്‍ ഞങ്ങള്‍ വിളക്കുഗോപുരമാകും. വിശ്വരൂപം എടുക്കാന്‍ അവര്‍ ഞങ്ങളെ പ്രേരിപ്പിക്കുകയാണ്. വിശ്വരൂപം എപ്പോള്‍ എടുക്കണമെന്ന് നിങ്ങള്‍ എന്നോട് പറയുക, ഞങ്ങള്‍ അത് ഉടനെ എടുക്കാം'; കമല്‍ ഹാസന് പറഞ്ഞു.
അതെ സമയം 234 മണ്ഡലങ്ങളില്‍ എം.ജി.ആര് മക്കള്‍ കച്ചിക്ക് ബാറ്ററി ടോര്‍ച്ച് ചിഹ്നം കമ്മീഷന് അനുവദിക്കുകയും ചെയ്തു. ടി.ടി.വി ദിനകരന്റെ എ.എം.എം.കെ പാര്‍ട്ടിക്ക് പ്രഷര്‍ കുക്കറും, നാം തമിഴര്‍ കക്ഷിക്ക് കരിമ്പോട് കൂടിയ കര്‍ഷകന്റെ ചിഹ്നവും അനുവദിച്ചു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നഗരമേഖലയില്‍ മികച്ച മുന്നേറ്റം നടത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ഉലകനായകന്. ചില സഖ്യങ്ങള്‍ തകരുമെന്നും പുതിയ സഖ്യങ്ങള്‍ ഉണ്ടാകുമെന്നും അവകാശപ്പെട്ടാണ് കമല്‍ഹാസന്റെ പ്രചാരണം.