മൂന്നു ജീവിതങ്ങൾ ജീവിക്കുന്ന മനുഷ്യരുടെ കഥ; ശ്രദ്ധേയമായി ഹ്രസ്വചിത്രം
ആധുനിക വിർച്വൽ ലോകത്ത് ഏറി വരുന്ന രഹസ്യ ജീവിതങ്ങളുടെ പൊതുവായുള്ള മനഃശാസ്ത്രം വരച്ചിടുകയാണ് 'തേർഡ് ലൈഫ്' എന്ന മലയാളം ഹ്രസ്വചിത്രം

എല്ലാവരും അവരവരുടേതായ ഒരു മൂന്നാമത്തെ ജീവിതം കൂടി ജീവിക്കുന്നവരാണ്. ആധുനിക വിർച്വൽ ലോകത്ത് ഏറി വരുന്ന രഹസ്യ ജീവിതങ്ങളുടെ പൊതുവായുള്ള മനഃശാസ്ത്രം വരച്ചിടുകയാണ് 'തേർഡ് ലൈഫ്' എന്ന മലയാളം ഹ്രസ്വചിത്രം. റെഡ് വിൻഡോ ക്രിയേഷന്റെ നിർമാണത്തിൽ നവാഗതനായ കെ. ജെ. അനന്തൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രം മൂന്നു ജീവിതങ്ങൾ ജീവിക്കുന്ന മനുഷ്യരുടെ കാപട്യത്തെ തുറന്നു കാട്ടുന്നു.
മരണപ്പെടുന്നത് വരെ ഭർത്താവായ ലിയോ ഒളിച്ചു വച്ചിരുന്ന 'മൂന്നാമത്തെ ജീവിതം' സ്വാതി യാദൃശ്ചികമായി അറിയുകയും, അയാളുടെ ആ മാനസികാവസ്ഥയുടെ യാഥാർഥ്യമറിയാൻ അവൾ നടത്തുന്ന അന്വേഷണവുമാണ് ഇതിവൃത്തം. പുതുമയേറിയൊരു വിഷയം സധൈര്യത്തോടെ തന്നെ പ്രേക്ഷകർക്ക് മുന്നിലെത്തിക്കാൻ ഒരു കൂട്ടം ചെറുപ്പക്കാരുടെ ഈ ആദ്യ സ്വതന്ത്ര സംരംഭത്തിനു കഴിഞ്ഞു എന്നതാണ് 'തേർഡ് ലൈഫി'നെ വേറിട്ടു നിർത്തുന്നത്.
പ്രേക്ഷകനെ പിടിച്ചിരുത്തുന്നതാണ് എട്ട് മിനിറ്റ് ദൈർഘ്യമുള്ള ചിത്രം. 'ഒതളങ്ങ തുരുത്തി'ലൂടെ ശ്രദ്ധേയനായ അനു ബി. ഐവറിന്റെ പശ്ചാത്തല സംഗീതവും, ജിയോ യേശുദാസന്റെ ഛായാഗ്രഹണവും അതിന് ഏറെ സഹായിക്കുന്നുണ്ട്. കേന്ദ്രകഥാപാത്രങ്ങളായി വേഷമിട്ട ഐശ്വര്യയുടെയും നിയാസിന്റെയും പ്രകടനവും മികച്ചതാണ്. അനുരാജ് ആനയടിയാണ് എഡിറ്റിംഗ്. ചലച്ചിത്ര താരങ്ങളായ ആന്റണി വർഗീസും മിഥുൻ രമേഷും പുറത്തിറക്കിയ ചിത്രം വേറിട്ട ശൈലിയിലൂടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുകയാണ്.