കെ.ജി.എഫ് നിർമാതാക്കളില്‍ നിന്നും സലാര്‍: നായകൻ പ്രഭാസ്
2021 ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന സലാര്‍ പ്രഭാസിന്റെ ഇപ്പോള്‍ ചിത്രീകരണം നടക്കുന്ന രാധേ ശ്യാമിന് ശേഷം റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്

അഞ്ച് ഭാഷകളിലായി ഒരേ സമയം റിലീസ് ചെയ്ത കെജിഎഫ് ചാപ്റ്റര്‍ 1-ന്റെ വിജയത്തിന് ശേഷം ഹോംബാലെ ഫിലിംസിന്റെ മൂന്നാം ഇന്ത്യന്‍ സിനിമ സലാര്‍-ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. ബാനറിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയത്. സലാറില്‍ നായകനായി എത്തുന്നത് മെഗാസ്റ്റാര്‍ പ്രഭാസാണ്.
കെ.ജി.എഫ് ചാപ്റ്റര്‍ 2-ന്റെ ചിത്രീകരണം പൂര്‍ത്തിയാകാനിരിക്കെയാണ് പ്രശാന്ത് നീല്‍ എന്ന ഭാഗ്യ സംവിധായകന്റെ കീഴില്‍ തന്നെ മൂന്നാമത്തെ ചിത്രവും വിജയ് കിരാഗന്ദൂറിന്റെ ഉടമസ്ഥതയിലുള്ള ഹോംബാലെ ഫിലിംസ് പ്രഖ്യാപിച്ചത്. 2021 ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന സലാര്‍ പ്രഭാസിന്റെ ഇപ്പോള്‍ ചിത്രീകരണം നടക്കുന്ന രാധേ ശ്യാമിന് ശേഷം റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.
മൂന്ന് ചിത്രങ്ങള്‍ ഇന്ത്യയിലെ വിവിധ ഭാഷകളിലായി ഇറക്കുന്ന ആദ്യ നിര്‍മാണ കമ്പനിയാണ് ഹോംബാലെ ഫിലിംസ്. കന്നഡയില്‍ നിരവധി ഹിറ്റുകള്‍ സമ്മാനിച്ചിട്ടുള്ള ഹെംബാലെ ഫിലിംസിന്റെ സ്ഥാപകന്‍ വിജയ് കിരാഗന്ദൂര്‍ പ്രശാന്ത് നീല്‍ എന്ന സംവിധായകനെ കണ്ടുമുട്ടിയതോടെയാണ് കെ.ജി.എഫ് എന്ന മാസ്റ്റര്‍പീസ് സിനിമയുടെ ജനനം. കന്നഡ, തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളില്‍ ഒരുക്കിയ ചിത്രം ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ തന്നെ വലിയൊരു നാഴികകല്ലായി.