'ഒരു കോടി നന്ദി'; 1921 സിനിമക്ക് ലഭിച്ച ആകെ തുക വെളിപ്പെടുത്തി അലി അക്ബർ
ഫേസ്ബുക്ക് വഴിയാണ് അലി അക്ബര്‍ ക്രൗഡ് ഫണ്ടിംഗിലൂടെ ലഭിച്ച തുകയുടെ കണക്ക് അറിയിച്ചത്.

മലബാർ വിപ്ലവവുമായി ബന്ധപ്പെട്ട് താന്‍ സംവിധാനം ചെയ്യുന്ന 1921 എന്ന ചിത്രത്തിന് ജനങ്ങളില്‍ നിന്നും ലഭിച്ച ആകെ തുക വെളിപ്പെടുത്തി സംവിധായകന് അലി അക്ബര്‍. ഫേസ്ബുക്ക് വഴിയാണ് അലി അക്ബര്‍ ക്രൗഡ് ഫണ്ടിംഗിലൂടെ ലഭിച്ച തുകയുടെ കണക്ക് അറിയിച്ചത്.
'മമധര്‍മ്മ ഒരു കോടി കവിഞ്ഞു. ഒരു കോടി നന്ദി', അലി അക്ബര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഒരു കോടി രൂപ ഇത് വരെ ലഭിച്ചതായും ഒരു കോടി നന്ദി അറിയിക്കുന്നതായും അലി അക്ബര്‍ പറഞ്ഞു. സിനിമക്കായി അലി അക്ബറിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച നിര്‍മ്മാണ കമ്പനിയുടെ പേരാണ് മമധര്‍മ്മ. സിനിമയുടെ ഗാനം റെക്കോർഡ് ചെയ്യുന്ന കാര്യം അലി അക്ബർ നേരത്തെ ഫേസ്ബുക്ക് വഴി അറിയിച്ചിരുന്നു. ഹരി വേണുഗോപാലാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതമൊരുക്കുന്നത്. ചിത്രത്തില്‍ പല പ്രമുഖ താരങ്ങളും ഭാഗമാകുമെന്നും സൈബര്‍ ആക്രമണം ഭയന്നാണ് പലരുടെയും പേര് പുറത്തുപറയാത്തതെന്നും അലി അക്ബര്‍ പറഞ്ഞു.
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന 'വാരിയംകുന്നന്' എന്ന സിനിമ സംവിധായകന് ആഷിഖ് അബു പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് സംവിധായകന് അലി അക്ബര്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വില്ലനാക്കി 1921 എന്ന സിനിമ ഒരുക്കുന്ന കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. സിനിമക്കായി നിര്‍മിക്കുന്ന തോക്കും ഓലയുമെല്ലാം താന്‍ തന്നെയാണ് നിര്‍മിക്കുന്നതെന്ന് അലി അക്ബര്‍ ഫേസ്ബുക്ക് വഴി അറിയിച്ചിരുന്നു.