ജല്ലിക്കട്ടിനെ അഭിനന്ദിച്ച് കങ്കണ; ഇത് നിങ്ങള്‍ ഉദ്ദേശിക്കുന്ന സിനിമ അല്ലെന്ന് മറുപടി
ബോളിവുഡിലെ സിനിമാ മാഫിയക്കെതിരെ താന്‍ നടത്തിയ പോരാട്ടം ഫലം കണ്ടുതുടങ്ങിയിരിക്കുന്നു എന്നാണ് കങ്കണയുടെ വിലയിരുത്തല്‍

ഓസ്കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായ ജല്ലിക്കട്ടിനെ അഭിനന്ദിച്ച് നടി കങ്കണ റണാവത്ത്. ബോളിവുഡിലെ സിനിമാ മാഫിയക്കെതിരെ താന്‍ നടത്തിയ പോരാട്ടം ഫലം കണ്ടുതുടങ്ങിയിരിക്കുന്നു എന്നാണ് കങ്കണയുടെ വിലയിരുത്തല്‍.
"ബോളിവുഡ് മാഫിയക്കെതിരെ നടത്തിയ വിമർശനങ്ങള്‍ ഒടുവിൽ ഫലം നൽകിയിരിക്കുന്നു. ഇന്ത്യൻ സിനിമയെന്നാൽ വെറും നാലു സിനിമാ കുടുംബങ്ങളല്ല. സിനിമാ മാഫിയക്കൂട്ടം സ്വന്തം വീടുകളിൽ ഒളിച്ചിരിക്കുന്നതിനാൽ ജൂറിക്ക് അവരുടെ ജോലി കൃത്യമായി ചെയ്യാൻ കഴിഞ്ഞു. അഭിനന്ദനങ്ങൾ ടീം ജല്ലിക്കെട്ട്"- എന്നാണ് കങ്കണയുടെ ട്വീറ്റ്.
സിനിമ കണ്ടിട്ട് തന്നെയാണോ ഈ അഭിപ്രായമെന്നാണ് ചിലരുടെ ചോദ്യം. ഇത് നിങ്ങള്‍ ഉദ്ദേശിക്കുന്ന സിനിമ അല്ലെന്നും അണിയറ പ്രവര്‍ത്തകര്‍ ബിജെപി വിരുദ്ധരാണെന്നും മലയാള സിനിമാ പ്രേമികള്‍ മറുപടി നല്കി. മറ്റൊരാള്‍ അനുരാഗ് കശ്യപിനൊപ്പമുള്ള ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രം ട്വീറ്റ് ചെയ്ത് മാഫിയാബന്ധമുണ്ടെന്ന് പറഞ്ഞു.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജല്ലിക്കട്ട് ഇതിനകം നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. എസ് ഹരീഷിന്റെ മാവോയിസ്റ്റ് എന്ന കഥയെ ആധാരമാക്കി എസ് ഹരീഷും ആര്. ജയകുമാറും തിരക്കഥയെഴുതിയ ജല്ലിക്കട്ട് മുന്‍നിര സിനിമകളെ പിന്തള്ളിയാണ് ഇന്ത്യയുടെ ഓസ്കാര്‍ എന്‍ട്രിയായത്. 27 സിനിമകളില്‍ നിന്നാണ് ജല്ലിക്കട്ടിനെ തെരഞ്ഞെടുത്തത്. ആന്റണി വര്‍ഗീസ്, ചെമ്പന്‍ വിനോദ്, സാബുമോന്, ശാന്തി ബാലചന്ദ്രന് തുടങ്ങിയയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ഓസ്കര് നോമിനേഷനില്‍ ജല്ലിക്കട്ട് ഇടംപിടിച്ചോ എന്ന് അറിയാന്‍ മാര്‍ച്ച് 15 വരെ കാത്തിരിക്കണം. മദർ ഇന്ത്യ, സലാം ബോംബെ, ലഗാൻ എന്നിവയാണ് ഓസ്കർ നോമിനേഷൻ നേടിയ ഇന്ത്യൻ ചിത്രങ്ങൾ. ഏപ്രില്‍ 25നാണ് അവാര്‍ഡ് പ്രഖ്യാപിക്കുക.