പൃഥിരാജ്, മംമ്ത നായികാനായകര്‍; അന്ധാദൂന്‍ മലയാളത്തിലേക്ക്?
പൃഥിരാജ്, മംമ്ത മോഹൻദാസ്, അഹാന കൃഷ്ണ, ശങ്കർ എന്നിവർ പ്രധാന കഥാപാത്രങ്ങളാകും

ശ്രീറാം രാഘവന് സംവിധാനം ചെയ്ത് തബു, ആയുഷ്മാന്‍ ഖുറാന, രാധിക ആപ്തെ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച 2018ലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് അന്ധാദൂന്‍. ചൈനീസ് മാര്‍ക്കറ്റുകളില്‍ അടക്കം വലിയ വിജയം നേടിയ ചിത്രത്തിന്റെ മലയാളം റീമേക്ക് ഒരുങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പൃഥിരാജ് ആയിരിക്കും ചിത്രത്തിൽ നായകനായി എത്തുക. പൃഥിരാജിന് പുറമേ മംമ്ത മോഹൻദാസ്, അഹാന കൃഷ്ണ, ശങ്കർ എന്നിവർ പ്രധാന കഥാപാത്രങ്ങളാകും.
കാഴ്ച്ചയില്ലാത്ത പിയാന പ്ലേയറുടെ വേഷമാണ് അന്ധാദൂനില് ആയുഷ്മാൻ ഖുറാന അവതരിപ്പിച്ചത്. ചിത്രത്തിലെ അഭിനയത്തിന് ആയുഷ്മാൻ ഖുറാനയ്ക്ക് മികച്ച നടനുള്ള ദേശിയ പുരസ്കാരം ലഭിച്ചിരുന്നു. മികച്ച സിനിമയ്ക്കുള്ള ദേശീയ അവാർഡ് അടക്കം നിരവധി പുരസ്കാരങ്ങളും ചിത്രം നേടി. 32 കോടി മുതൽ മുടക്കിൽ നിർമിച്ച ചിത്രം ആഗോള തലത്തിൽ 456 കോടി രൂപയാണ് വാരിക്കോട്ടിയത്. ചൈനയില്‍ നിന്ന് മാത്രം 200 കോടിയാണ് ചിത്രം വാരിക്കൂട്ടിയത്. വിയാകോം 18 മോഷന്‍ പിക്ചേഴ്സ് നിര്‍മ്മിച്ച ചിത്രത്തിനായി ഛായാഗ്രഹണം മലയാളിയായ കെ.യു മോഹനനും സംഗീത സംവിധാനം അമിത് ത്രിവേദിയുമാണ് നിര്‍വ്വഹിച്ചിരുന്നത്.
ചിത്രത്തിന്റെ മലയാളമടക്കമുള്ള റീമേക്ക് പതിപ്പുകള്‍ വൻതുകയ്ക്കാണ് വിറ്റുപോയത്. തമിഴിലും തെലുഗിലും ചിത്രത്തിന്റെ റീമേക്കുകൾ ഒരുങ്ങുന്നുണ്ട്. മലയാള സിനിമയുടെ ചിത്രീകരണം എന്ന് ആരംഭിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. നിലവിൽ കോൾഡ് കേസ് എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് പൃഥ്വിരാജ്.