LiveTV

Live

Entertainment

പൃഥിരാജും ശങ്കര്‍ രാമകൃഷ്ണനും ഒന്നിച്ചൊരു വെബ് സീരീസ്? ആ പുസ്തകം തിരക്കഥയാക്കും!

ബിജു ആന്‍റണി രചിച്ച 'ഷാഡോയ്സ് ലൈ' എന്ന പുസ്തകത്തെ അധികരിച്ചാണ് വെബ് സീരീസ് ഒരുങ്ങുന്നതെന്നാണ് വാര്‍ത്തകള്‍

പൃഥിരാജും ശങ്കര്‍ രാമകൃഷ്ണനും ഒന്നിച്ചൊരു വെബ് സീരീസ്? ആ പുസ്തകം തിരക്കഥയാക്കും!

നടന്‍ പൃഥിരാജും തിരക്കഥാകൃത്തും സംവിധായകനുമായ ശങ്കര്‍ രാമകൃഷ്ണനും ഒന്നിച്ചൊരു വെബ് സീരീസ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ബിജു ആന്‍റണി രചിച്ച 'ഷാഡോയ്സ് ലൈ' എന്ന പുസ്തകത്തെ അധികരിച്ചാണ് വെബ് സീരീസ് ഒരുങ്ങുന്നതെന്നാണ് വാര്‍ത്തകള്‍. കഴിഞ്ഞ കുറച്ച് മാസങ്ങളായി സിനിമയുടെ തിരക്കഥാ രചനയിലാണ് ശങ്കര്‍ രാമകൃഷ്ണന്‍. ചിത്രത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ വൈകാതെ തന്നെ പുറത്തുവിടും.

നേരത്തെ പൃഥിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ 11 എപിസോഡുകളായിട്ടുള്ള വെബ് സീരീസ് ആയി പുറത്തിറക്കാന്‍ ആലോചിച്ചിരുന്നതായി പൃഥിരാജ് തന്നെ വ്യക്തമാക്കിയിരുന്നു. ചിത്രം തിയേറ്ററുകളില്‍ പുറത്തിറങ്ങി പിന്നീട് ആമസോണ്‍ പ്രദര്‍ശനം ഉറപ്പിച്ച സമയത്താണ് പൃഥിരാജ് വെബ് സീരീസ് ആലോചനാകഥ വെളിപ്പെടുത്തിയത്.

ഇതിന് മുമ്പ് 2009ല്‍ ആന്തോളജി ചിത്രമായി പുറത്തിറങ്ങിയ കേരള കഫേയിലെ 'ഐലന്‍റ് എക്സ്പ്രസില്‍' പൃഥിരാജും ശങ്കര്‍ രാമകൃഷ്ണനും ഒന്നിച്ചിരുന്നു. അതിന് ശേഷം കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ പതിനെട്ടാം പടിയില്‍ കാമിയോ വേഷത്തിലും പൃഥിരാജ് അഭിനയിച്ചിരുന്നു. പിന്നീട് രണ്ട് ഭാഷകളിലായി അയ്യപ്പന്‍ എന്ന പേരില്‍ ബിഗ് ബഡ്ജറ്റ് ചിത്രവും പ്രഖ്യാപിച്ചിരുന്നു. ശബരിമല സ്ത്രീ പ്രവേശന വിധിയോട് അനുബന്ധിച്ചുള്ള വിവാദ സമയത്ത് നടത്തിയ പ്രഖ്യാപനത്തിന് ശേഷം അയ്യപ്പനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിരുന്നില്ല.