LiveTV

Live

Entertainment

ആള്‍ദൈവ തട്ടിപ്പും ആത്മീയ കച്ചവടവും തുറന്നുകാട്ടി മൂക്കുത്തി അമ്മന്‍

ഹാസ്യത്തിന്‍റെ അകമ്പടിയോടെയാണ് ആത്മീയമായ ചൂഷണങ്ങളെ വിമര്‍ശന വിധേയമാക്കുന്നത്.

ആള്‍ദൈവ തട്ടിപ്പും ആത്മീയ കച്ചവടവും തുറന്നുകാട്ടി മൂക്കുത്തി അമ്മന്‍

ആള്‍ദൈവങ്ങളും അന്ധവിശ്വാസങ്ങളും എങ്ങനെയൊക്കെയാണ് മനുഷ്യരെ ചൂഷണം ചെയ്യുന്നതെന്ന് തുറന്നുകാട്ടുന്ന സിനിമയാണ് നയന്‍താര മുഖ്യവേഷത്തിലെത്തുന്ന മൂക്കുത്തി അമ്മന്‍. ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാല്‍ വൈകാരിക പ്രതികരണങ്ങള്‍ ഉണ്ടാവാനിടയുള്ള പ്രമേയം സുരക്ഷിതമായ ഇടത്ത് മാറിനിന്ന്, ഒത്തുതീര്‍പ്പുകളിലൂടെയാണ് സിനിമ കൈകാര്യം ചെയ്യുന്നത്. ആള്‍ദൈവങ്ങളെ ചോദ്യംചെയ്യുന്നത് മൂക്കുത്തി അമ്മന്‍ എന്ന ദേവിയിലൂടെയാണ്. ഹാസ്യത്തിന്‍റെ അകമ്പടിയോടെയാണ് ആത്മീയമായ ചൂഷണങ്ങളെ വിമര്‍ശന വിധേയമാക്കുന്നത്. ഒപ്പം സ്ത്രീപക്ഷത്തുനിന്നുള്ള ചില കാഴ്ചപ്പാടുകളും സിനിമ പങ്കുവെയ്ക്കുന്നു.

ആള്‍ദൈവ തട്ടിപ്പും ആത്മീയ കച്ചവടവും തുറന്നുകാട്ടി മൂക്കുത്തി അമ്മന്‍

ആര്‍ ജെ ബാലാജിയും എന്‍ ജെ ശരവണനും ചേര്‍ന്ന് സംവിധാനം ചെയ്ത മൂക്കുത്തി അമ്മനില്‍ ഏംഗല്‍സ് രാമസ്വാമി എന്ന കഥാപാത്രമായും ബാലാജി എത്തുന്നു. അമ്മയും (ഉര്‍വശി) മൂന്ന് സഹോദരിമാരും മുത്തച്ഛനും പിന്നെ കുറേ പ്രാരാബ്ധങ്ങളും അടങ്ങുന്നതാണ് രാമസ്വാമിയുടെ കുടുംബം. 80കളിലെ രജനീകാന്ത് സിനിമ പോലെ എന്നാണ് ഈ കുടുംബ പശ്ചാത്തലത്തെ രാമസ്വാമി തന്നെ സ്വയം വിശേഷിപ്പിക്കുന്നത്. മധ്യവര്‍ഗത്തിന്റെ ആകുലതകളും ദുരിതങ്ങളില്‍ നിന്ന് കരകയറാന്‍ ഏതെങ്കിലും ഒരു അദൃശ്യ ശക്തിയുടെ സഹായം പ്രതീക്ഷിക്കുന്നതും അത് ആള്‍ദൈവങ്ങളിലേക്ക് വരെ അവരെ കൊണ്ടുചെന്ന് എത്തിക്കുന്നതുമെല്ലാം സൂക്ഷ്മമായി സിനിമയില്‍ അവതരിപ്പിച്ചിട്ടുണ്ട്. 11000 ഏക്കര്‍ സ്ഥലം അനധികൃതമായി സ്വന്തമാക്കി സ്വന്തം സാമ്രാജ്യം സ്ഥാപിക്കാനൊരുങ്ങുന്ന ഭഗവതി ബാബയെ കുറിച്ച് (അജയ് ഘോഷ്) റിപ്പോര്‍ട്ട് ചെയ്യുന്ന ലോക്കല്‍ ചാനലിലെ മാധ്യമപ്രവര്‍ത്തകനായ ഏംഗല്‍സ് രാമസ്വാമിയില്‍ (ബാലാജി) നിന്നാണ് സിനിമ തുടങ്ങുന്നത്.

ആള്‍ദൈവ തട്ടിപ്പും ആത്മീയ കച്ചവടവും തുറന്നുകാട്ടി മൂക്കുത്തി അമ്മന്‍

നിത്യാനന്ദ ഉള്‍പ്പെടെ സമീപ കാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞ ആള്‍ദൈവങ്ങളുമായുള്ള ഭഗവതി ബാബയുടെ സാദൃശ്യം തികച്ചും യാദൃച്ഛികമല്ല തന്നെ. പക്ഷേ ഈ കഥാപാത്രസൃഷ്ടിയുടെ യുക്തിയും യുക്തിരാഹിത്യവും തമ്മില്‍ ഏറ്റുമുട്ടിയാല്‍ മുഴച്ചുനില്‍ക്കുന്നത് യുക്തിരാഹിത്യം തന്നെയാണ്. കോമഡി ട്രാക്കിലാണ് സിനിമ ആദ്യാവസാനം എന്നിരിക്കെ ഭഗവതി ബാബയ്ക്ക് ഒരു കോമാളിയുടെ ശരീരഭാഷയാണ്, ഡയലോഗുകളും അത്തരത്തിലാണ്. ഇതിനകം ആമിര്‍ ഖാന്റെ പികെ ഉള്‍പ്പെടെ നിരവധി സിനിമകളില്‍ കണ്ടുകഴിഞ്ഞ, ടിവി ചാനലിലെ പരിപാടിയിലൂടെ ആള്‍ദൈവത്തെ തുറന്നുകാട്ടല്‍ എന്ന പതിവ് ശൈലി തന്നെയാണ് ഇവിടെയും സ്വീകരിച്ചിരിക്കുന്നത്. മതം തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാത്ത സംസ്ഥാനമാണ് തമിഴ്‌നാട് എന്ന പരാമര്‍ശം, ഏംഗല്‍സിന്റെ അമ്മയുടെ എക്കാലത്തെയും വലിയ ജീവിതാഭിലാഷമായ തിരുപ്പതി യാത്ര നോട്ട് നിരോധനം കാരണം മുടങ്ങുന്നത് തുടങ്ങിയ ചില രാഷ്ട്രീയ പരാമര്‍ശങ്ങളും സിനിമയില്‍ അവിടവിടെയായി കാണാം.

ആള്‍ദൈവ തട്ടിപ്പും ആത്മീയ കച്ചവടവും തുറന്നുകാട്ടി മൂക്കുത്തി അമ്മന്‍

ഭര്‍ത്താവ് ഉപേക്ഷിച്ചുപോയതാണെന്ന് പറയാന്‍ നാണക്കേടായതിനാല്‍ വിദേശത്താണെന്ന് പറയുന്ന, ദുരിതങ്ങളില്‍ നട്ടംതിരിയുമ്പോഴും പൊങ്ങച്ചം പറയുന്ന, നല്ല ഹ്യൂമര്‍ സെന്‍സുള്ള അമ്മയായി ഉര്‍വശി ആദ്യാവസാനം സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. കോമഡി സീനുകളിലെ ഉര്‍വശിയുടെ ടൈമിങും ബ്രില്യന്‍സും അവര്‍ സിനിമയിലെത്തി വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ കുറയുകയല്ല കൂടുകയാണ് ചെയ്യുന്നത്. ഒപ്പം കണ്ണ് നനയ്ക്കുന്ന രംഗങ്ങളുമുണ്ട്. സിനിമയിലുടനീളം ഭര്‍ത്താവിനെ തിരിച്ച് കുടുംബത്തിലേക്ക് കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന, അതിനായി പരിശ്രമിക്കുന്ന ആ അമ്മയ്ക്ക് പറയാന്‍ ക്ലൈമാക്‌സില്‍ ഒരു മാസ് ഡയലോഗ് കൂടി കരുതിവെച്ചിട്ടുണ്ട് സിനിമ. ഒപ്പം അടുക്കളയില്‍ ഒരു നല്ല വാക്ക് പോലും കേള്‍ക്കാതെ വര്‍ഷം മുഴുവന്‍ കുടുംബത്തിന് വെച്ചുവിളമ്പാനായി ചെലവഴിക്കേണ്ടിവരുന്ന സ്ത്രീകളെയും സിനിമയില്‍ കാണാം. പുറത്ത് ജോലിക്ക് പോകുന്നവര്‍ക്കും ആഴ്ചയില്‍ ഒരു ദിവസം വിശ്രമമുണ്ടല്ലോ, അതുപോലെ താനും വീട്ടുജോലിയില്‍ നിന്ന് ഒരു ദിവസം അവധി ആഗ്രഹിക്കുന്നുവെന്ന് ഏംഗല്‍സിന്റെ സഹോദരി പറയുന്നതില്‍ ഒട്ടും അതിശയോക്തിയില്ല. അടുക്കളയിലെ കാണാപ്പണികളെ ഇനിയും വേണ്ടവിധത്തില്‍ പരിഗണിക്കാത്ത സമൂഹം തന്നെയാണിത്. സ്മൃതി വെങ്കട്ട് എന്ന നടി വളരെ ഭംഗിയായി ആ രംഗം ചെയ്തിട്ടുണ്ട്.

ആള്‍ദൈവ തട്ടിപ്പും ആത്മീയ കച്ചവടവും തുറന്നുകാട്ടി മൂക്കുത്തി അമ്മന്‍

90കളില്‍ തമിഴ് സിനിമകളിലുണ്ടായ അമ്മന്‍ സിനിമകളുടെ പാറ്റേണില്‍ അല്ല മൂക്കുത്തി അമ്മനെ ചിത്രീകരിച്ചിരിക്കുന്നത്. രമ്യ കൃഷ്ണന്‍, ഭാനുപ്രിയ, മീന ഒക്കെയായിരുന്നു അക്കാലത്തെ പ്രധാന അമ്മന്‍മാര്‍. നല്ലത് - ചീത്ത എന്ന ബൈനറിയില്‍ ദുഷ്ടശക്തികളെ നിഗ്രഹിക്കുന്ന സൂപ്പര്‍ പവര്‍ അല്ല നയന്‍താരയുടെ മൂക്കുത്തി അമ്മനില്‍ കാണാന്‍ കഴിയുന്നത്. മൂക്കത്തി അമ്മന്‍ എന്ന ടൈറ്റില്‍ കഥാപാത്രത്തെ കുറിച്ച് പറയുകയാണെങ്കില്‍, തമിഴകത്തെ ലേഡി സൂപ്പര്‍സ്റ്റാറിന്റെ സ്വാധീനം എങ്ങനെ സിനിമയ്ക്ക് അനുകൂലമാക്കി മാറ്റാം എന്നാണ് അണിയറ പ്രവര്‍ത്തകര്‍ ചിന്തിച്ചതെന്ന് തോന്നുന്നു. മനുഷ്യരെ പോലെ സംസാരിക്കുന്ന ഒരു സുഹൃത്തായിട്ടാണ് ദേവിയെ സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. മനുഷ്യര്‍ക്കും ദൈവത്തിനുമിടയില്‍ ആള്‍ദൈവം എന്ന ബ്രോക്കര്‍ ആവശ്യമില്ലെന്നും ഭയമായിരിക്കരുത് ഭക്തിയുടെ അടിസ്ഥാനമെന്നും അമ്മന്‍ പറയുമ്പോള്‍, ആ വാക്കുകള്‍ക്ക് ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയുന്നു. പ്രേക്ഷകരുടെ മനം കവരുന്ന വിധത്തില്‍ നയന്‍താരയ്ക്ക് ആ വേഷം ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്.

ആള്‍ദൈവ തട്ടിപ്പും ആത്മീയ കച്ചവടവും തുറന്നുകാട്ടി മൂക്കുത്തി അമ്മന്‍

പക്ഷേ ആദ്യാവസാനം കോമഡി ട്രാക്കില്‍ ഓടുന്നതിനാല്‍ മുന്നോട്ടുവെച്ച പ്രമേയത്തിന്റെ ഗൗരവം പലയിടങ്ങളിലും ചോര്‍ന്നുപോകുന്നുണ്ട്. സ്പൂഫിനും ഗൗരവമേറിയ സിനിമയ്ക്കും ഇടയില്‍ പെട്ട് തിരക്കഥ പലപ്പോഴും ദുര്‍ബലമാകുന്നു. പ്രേക്ഷകരെ സന്തോഷിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്യണം, നല്ലൊരു സന്ദേശമെന്നത് ബോണസ് ആണ് എന്നാണ് സിനിമയെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടെന്ന് ബാലാജി ഒരു അഭിമുഖത്തില്‍ വ്യക്തമാക്കുകയുണ്ടായി. സംവിധായകന്‍ ഈ സിനിമയില്‍ സ്വന്തം നയത്തോട് നീതി പുലര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ദൈവത്തില്‍ വിശ്വസിക്കുകയും ആള്‍ദൈവങ്ങളെ വിശ്വസിക്കാതിരിക്കുകയും ചെയ്യുന്ന, ഒരു ഭാഗത്ത് ഹീറോയും മറുഭാഗത്ത് പരാജയപ്പെട്ടവനുമായ കുറേക്കൂടി അഭിനയ സാധ്യതയുള്ള കഥാപാത്രമായ ഏംഗല്‍സ് രാമസ്വാമിയോട് നടന്‍ എന്ന നിലയില്‍ ബാലാജി നീതി പുലര്‍ത്തിയോ എന്ന് ചോദിച്ചാല്‍ ഇല്ല. എങ്കിലും ഭക്തിയെ ജനങ്ങളില്‍ ഭിന്നിപ്പുണ്ടാക്കാനും രാഷ്ട്രീയത്തില്‍ വഴിവിട്ട ഇടപെടലുകള്‍ നടത്താനും കോര്‍പറേറ്റ് ഇടപാടുകള്‍ക്ക് മറയാക്കാനും ദുരുപയോഗിക്കുന്ന ആള്‍ദൈവങ്ങളെ കുറിച്ച് ചില ചോദ്യങ്ങള്‍ ഉന്നയിച്ചു എന്നതാണ് സിനിമയുടെ സമകാലിക പ്രസക്തി.