LiveTV

Live

Entertainment

ലൈംഗികാതിക്രമത്തിന് ഉത്തരവാദികള്‍ സ്ത്രീകള്‍, വീട്ടിലിരുന്നാല്‍ മതിയെന്ന് 'ശക്തിമാന്‍'; പ്രതിഷേധം

സ്ത്രീകള്‍ പുറത്തുപോയി ജോലി ചെയ്യാന്‍ തുടങ്ങിയതോടെയാണ് ലൈംഗികാതിക്രമങ്ങള്‍ തുടങ്ങിയതെന്നാണ് മുകേഷ് ഖന്ന പറഞ്ഞത്

ലൈംഗികാതിക്രമത്തിന് ഉത്തരവാദികള്‍ സ്ത്രീകള്‍, വീട്ടിലിരുന്നാല്‍ മതിയെന്ന് 'ശക്തിമാന്‍'; പ്രതിഷേധം

ശക്തിമാന്‍ ഫെയിം മുകേഷ് ഖന്ന നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം. സ്ത്രീകള്‍ പുറത്തുപോയി ജോലി ചെയ്യാന്‍ തുടങ്ങിയതോടെയാണ് ലൈംഗികാതിക്രമങ്ങള്‍ തുടങ്ങിയതെന്നാണ് മുകേഷ് ഖന്ന പറഞ്ഞത്. ഒരു അഭിമുഖത്തിലായിരുന്നു മുകേഷ് ഖന്നയുടെ വിവാദ പരാമര്‍ശം.

‘പുരുഷനോട് തോളോട് തോള്‍ ചേര്‍ന്ന് സ്ത്രീകളും ജോലിക്ക് പോകാൻ തുടങ്ങിയതോടെയാണ് ഈ മീ ടൂ പ്രശ്നങ്ങളും തുടങ്ങിയത്. വീട് പരിപാലിക്കുക എന്നതാണ് സ്ത്രീകളുടെ ഉത്തരവാദിത്വം. പുരുഷന്മാര്‍ക്ക് തുല്യരാണ് തങ്ങളെന്നാണ് സ്ത്രീകള്‍ ചിന്തിക്കുന്നത്. ഒപ്പത്തിനൊപ്പം നില്‍ക്കണമെന്ന് ചിന്തിക്കുന്നതാണ് പ്രശ്നം’– മുകേഷ് ഖന്ന അഭിപ്രായപ്പെട്ടു.

സ്ത്രീവിമോചനത്തെ കുറിച്ച് ആളുകള്‍ സംസാരിക്കുന്നു. സ്ത്രീകള്‍ പുറത്തിറങ്ങുമ്പോള്‍ കുട്ടികളാണ് ഏറ്റവും കൂടുതല്‍ കഷ്ടപ്പെടുന്നത്. അവര്‍ക്ക് അമ്മയുടെ പരിചരണം കിട്ടാതാവും. കുട്ടികള്‍ ദിവസം മുഴുവന്‍ ടിവി കാണാന്‍ തുടങ്ങും. പുരുഷന്‍ ചെയ്യുന്നത് മുഴുവന്‍ തനിക്കും ചെയ്യണമെന്ന് സ്ത്രീ ഇന്ന് ചിന്തിക്കുന്നു. എന്നാല്‍ നമ്മള്‍ മനസ്സിലാക്കേണ്ടത് പുരുഷന്‍ പുരുഷനാണെന്നും സ്ത്രീ സ്ത്രീ ആണെന്നുമാണ്.

ശക്തിമാന്‍റെ പ്രതികരണം നിരാശപ്പെടുത്തിയെന്ന് സോഷ്യല്‍ മീഡിയ പ്രതികരിച്ചു. അദ്ദേഹത്തിന്റെ ദുഷിച്ച മനോഭാവമാണ് ഈ പ്രസ്താവനയിലൂടെ പുറത്തുവന്നതെന്ന് ഒരാള്‍ വിമര്‍ശിച്ചു. ശക്തിമാനെ കാണാനായി വെറുതെ ചെറുപ്പത്തില്‍ കുറേ സമയം കളഞ്ഞു എന്നാണ് മറ്റൊരാളുടെ കമന്‍റ്.