LiveTV

Live

Entertainment

തമിഴ് വികാരം ആളിക്കത്തിയതോടെ മുത്തയ്യ അഭ്യര്‍ഥിച്ചു, വിജയ് സേതുപതി പിന്മാറി

നല്ലൊരു കരിയര്‍ മുന്നിലുള്ള സേതുപതി താന്‍ കാരണം പ്രശ്നത്തിലാകരുതെന്ന് മുത്തയ്യ മുരളീധരന്‍ പ്രതികരിച്ചു

തമിഴ് വികാരം ആളിക്കത്തിയതോടെ മുത്തയ്യ അഭ്യര്‍ഥിച്ചു, വിജയ് സേതുപതി പിന്മാറി

ശ്രീലങ്കൻ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന 800 എന്ന സിനിമയില്‍ നിന്ന് വിജയ് സേതുപതി പിൻമാറി. തമിഴ്നാട്ടില്‍ കടുത്ത പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ വിജയ് സേതുപതിയോട് ചിത്രത്തിൽ നിന്ന് പിൻമാറണമെന്ന് മുരളീധരൻ തന്നെ അഭ്യർഥിക്കുകയായിരുന്നു. പിന്നാലെയാണ് മുരളീധരനാകാനില്ലെന്ന് വിജയ് സേതുപതി വ്യക്തമാക്കിയത്.

തമിഴ് വംശജനായിട്ടും മുരളീധരന്‍ വഞ്ചനാപരമായ നിലപാടാണ് ശ്രീലങ്കയില്‍ തമിഴര്‍ കൂട്ടക്കുരുതി ചെയ്യപ്പെട്ട കാലത്ത് സ്വീകരിച്ചതെന്നാണ് തമിഴ്നാട്ടില്‍ ഒരു വിഭാഗത്തിന്‍റെ അഭിപ്രായം. 30 വർഷത്തോളം നീണ്ട ആഭ്യന്തര യുദ്ധത്തിൽ പ്രധാന പങ്ക് വഹിച്ച ശ്രീലങ്കൻ പ്രധാനമന്ത്രി മഹീന്ദ രാജപക്സെയെ മുരളീധരന്‍ പിന്തുണച്ചുവെന്നും ഇവര്‍ ആരോപിക്കുന്നു. 2009 ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ വര്‍ഷമാണെന്ന് മുരളീധരന്‍ പണ്ടുപറഞ്ഞതും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. 2009 യുദ്ധം അവസാനിച്ച വര്‍ഷമായതിനാലാണ്, രണ്ട് ഭാഗത്തെയും രക്തച്ചൊരിച്ചില്‍ നിന്ന വര്‍ഷമായതിനാലാണ് ഏറ്റവും സന്തോഷം നിറഞ്ഞ വര്‍ഷമെന്ന് പറഞ്ഞതെന്ന് മുത്തയ്യ വിശദീകരിക്കുകയുണ്ടായി. എന്നാല്‍ തമിഴര്‍ കൊല്ലപ്പെട്ട വര്‍ഷമാണ് ഏറ്റവും സന്തോഷം നിറഞ്ഞ വര്‍ഷമെന്ന് താന്‍ പറഞ്ഞതെന്ന വിധത്തില്‍ പ്രസ്താവന വളച്ചൊടിക്കപ്പെട്ടതാണെന്നും മുത്തയ്യ പ്രതികരിച്ചു.

തമിഴ് വികാരം ആളിക്കത്തിയതോടെ മുത്തയ്യ അഭ്യര്‍ഥിച്ചു, വിജയ് സേതുപതി പിന്മാറി

വിജയ് സേതുപതി മുരളീധരന്‍ ആയി അഭിനയിക്കുമെന്ന പ്രഖ്യാപനം വന്നതോടെ സേതുപതിക്കെതിരെ ബഹിഷ്കരാണാഹ്വാനം ഉണ്ടായി. 'ഷെയിം ഓൺ യൂ', 'ബോയ്കോട്ട് വിജയ് സേതുപതി' തുടങ്ങിയ ഹാഷ്​ഗാടുകൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു. തമിഴ് വംശജരെ കൊന്നൊടുക്കിയ ശ്രീലങ്കയിൽ നിന്നുള്ള ക്രിക്കറ്റ് താരത്തിന്‍റെ ജീവിതം പറയുന്ന സിനിമയിൽ ഒരു തമിഴ്നാട്ടുകാരൻ അഭിനയിക്കുന്നത് അപമാനമാണെന്നാണ് സോഷ്യല്‍ മീഡിയയിലും പുറത്തും വിമര്‍ശനങ്ങളുണ്ടായത്.

മുതിര്‍ന്ന സംവിധായകന്‍ ഭാരതിരാജ ഉള്‍പ്പെടെയുള്ളവര്‍ വിജയ് സേതുപതി മുരളീധരന്‍ ആകുന്നതില്‍ എതിര്‍പ്പ് ഉന്നയിച്ചു. തമിഴര്‍ കൊല്ലപ്പെട്ടുകൊണ്ടിരുന്നപ്പോള്‍ മുരളീധരന്‍ വീണ വായിക്കുകയായിരുന്നുവെന്നാണ് ഭാരതിരാജ പ്രതികരിച്ചത്. സ്വന്തം ജനത മരിക്കുമ്പോള്‍ ചിരിച്ചയാള്‍ കായിക ജീവിതത്തില്‍ എന്തൊക്കെ നേട്ടങ്ങളുണ്ടാക്കിയിട്ടും എന്ത് കാര്യമെന്നും ഭാരതിരാജ ചോദിച്ചു.

നല്ലൊരു കരിയര്‍ മുന്നിലുള്ള സേതുപതി താന്‍ കാരണം പ്രശ്നത്തിലാകരുതെന്ന് മുത്തയ്യ മുരളീധരന്‍ പ്രതികരിച്ചു. അനാവശ്യ തടസ്സങ്ങള്‍ കലാകാരന്‍ എന്ന നിലയിലെ അദ്ദേഹത്തിന്‍റെ യാത്രയില്‍ ഉണ്ടായിക്കൂടാ എന്നും മുരളീധരന്‍ പറഞ്ഞു. പിന്നാലെയാണ് അതുകഴിഞ്ഞു എന്നും പറഞ്ഞ് സേതുപതി ചിത്രത്തില്‍ നിന്ന് പിന്മാറിയത്.

തമിഴ് വികാരം ആളിക്കത്തിയതോടെ മുത്തയ്യ അഭ്യര്‍ഥിച്ചു, വിജയ് സേതുപതി പിന്മാറി

ശ്രീലങ്കൻ തമിഴനായി ജനിച്ചത് തന്റെ തെറ്റാണോ എന്നാണ് എതിര്‍പ്പ് ഉയര്‍ത്തിയവരോടുള്ള മുരളീധരന്‍റെ ചോദ്യം. തന്റെ ജീവിതത്തെ കുറിച്ച് അറിയാത്തവർ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി തന്നെ തമിഴരെ വഞ്ചിച്ചവനെന്ന് മുദ്രകുത്തുന്നു. അത് വേദനിപ്പിക്കുന്നു. തന്‍റെ ജീവിതം സിനിമയാക്കാന്‍ സമ്മതിച്ചതുതന്നെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച മാതാപിതാക്കള്‍, അധ്യാപകർ, പരിശീലകർ, സഹകളിക്കാർ എന്നിവരുടെ സംഭാവനകളെ പുറത്തറിയിക്കാനുള്ള അവസരമാകുമല്ലോ എന്ന് കരുതിയാണെന്നും അദ്ദേഹം പറഞ്ഞു.

ഇതൊരു സ്പോര്‍ട്സ് സിനിമ എന്ന നിലയ്ക്കാണ് അവതരിപ്പിക്കാന്‍ ഉദ്ദേശിച്ചതെന്നും തമിഴ് വികാരം ഒരുതരത്തിലും വ്രണപ്പെടുത്തില്ലെന്നും ചിത്രത്തിന്‍റെ നിര്‍മാതാക്കള്‍ പ്രതികരിച്ചു. ഇനി സിനിമ തന്നെ ഉപേക്ഷിക്കുമോ അതോ മറ്റൊരു നായകനെ കണ്ടെത്തി സിനിമയുമായി മുന്നോട്ടുപോകുമോ എന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടില്ല.