LiveTV

Live

Entertainment

മൂന്ന് പുരസ്കാരങ്ങളുമായി ഞെട്ടിച്ച് 'വാസന്തി'; ആരാണ് റഹ്‍മാന്‍ ബ്രദേഴ്സ്? സിനിമ തിരഞ്ഞ് പ്രേക്ഷകര്‍!

സജാസ് റഹ്‍മാനും ഷിനോസ് റഹ്‍മാനുമാണ് പുരസ്കാരം ലഭിച്ച ആ റഹ്‍മാന്‍ ബ്രദേഴ്സ്

മൂന്ന് പുരസ്കാരങ്ങളുമായി ഞെട്ടിച്ച് 'വാസന്തി'; ആരാണ് റഹ്‍മാന്‍ ബ്രദേഴ്സ്? സിനിമ തിരഞ്ഞ് പ്രേക്ഷകര്‍!

50ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ ഏവരെയും ഞെട്ടിച്ചത് വാസന്തി എന്ന ചിത്രത്തിന്‍റെ പ്രകടനമാണ്. അധികം എവിടെയും കേട്ടിരുന്നിട്ടില്ലാത്ത പരസ്യങ്ങളിലോ സമൂഹമാധ്യമങ്ങളിലോ കാണാതിരുന്ന 'വാസന്തി' എന്ന സിനിമ ഏതെന്ന ആകാക്ഷയായിരുന്നു മിക്കവര്‍ക്കും. സിനിമയുടെ സംവിധായക പദവിയിലിരിക്കുന്ന റഹ്‍മാന്‍ ബ്രദേഴ്സ് ആരെന്ന ചോദ്യവും പലരും പല സിനിമാ ഗ്രൂപ്പുകളിലും മാറി മാറി ചോദിച്ചു.

റഹ്‍മാന്‍ ബ്രദേഴ്സ്
റഹ്‍മാന്‍ ബ്രദേഴ്സ്

സജാസ് റഹ്‍മാനും ഷിനോസ് റഹ്‍മാനുമാണ് പുരസ്കാരം ലഭിച്ച ആ റഹ്‍മാന്‍ ബ്രദേഴ്സ്. മുമ്പേ നാടകങ്ങളിലൂടെ പ്രശസ്തരാണ് റഹ്‍മാന്‍ ബ്രദേഴ്സ്. കളിപ്പാട്ടക്കാരന്‍ എന്ന നാടകം സംവിധാനം ചെയ്തിട്ടുണ്ട്. മികച്ച ചിത്രത്തിനടക്കം മൂന്ന് പ്രധാന പുരസ്കാരങ്ങളാണ് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര സമിതി 'വാസന്തി'ക്ക് നല്‍കിയിരിക്കുന്നത്. മികച്ച സ്വഭാവ നടിയായി ചിത്രത്തിലെ പ്രധാന വേഷം കൈകാര്യം ചെയ്ത സ്വാസിക വിജയ്‍ക്കും ചിത്രത്തിന്‍റെ തിരക്കഥക്ക് റഹ്‍മാന്‍ ബ്രദേഴ്സിനും(സജാസ് റഹ്‍മാന്‍, ഷിനോസ് റഹ്‍മാന്‍) സംസ്ഥാന പുരസ്കാരം ലഭിച്ചു.

വിൽസൻ പിക്ച്ചേഴ്സിന്റെ ബാനറിൽ നടന്‍ സിജു വിൽസൻ നിർമ്മിച്ച് റഹ്മാൻ ബ്രദേഴ്സ് സംവിധാനം ചെയ്ത ചിത്രം വാസന്തി എന്ന ഒറ്റയാള്‍ കഥപാത്രത്തിന്‍റെ ജീവിതത്തിലൂടെയാണ് കഥ പറയുന്നത്. 1960ല്‍ ഇന്ദിരപാര്‍ത്ഥസാരഥി എഴുതിയ ലെയേഴ്സ് ഓഫ് ബ്ലാങ്കറ്റ് (Porvai Porthiya Udalgal) എന്ന തമിഴ് നാടകത്തിന്‍റെ ചലച്ചിത്ര ആവിഷ്ക്കാരമാണ് 'വാസന്തി'യെന്ന് ഷിനോസ് റഹ്‍മാന്‍ പറയുന്നു. നാടകവും സിനിമും ചേര്‍ന്നതാണ് സിനിമയെന്നും അദ്ദേഹം പറഞ്ഞു.

വാസന്തിയുടെ 25 മുതല്‍ 35 വരെയുള്ള കാലഘട്ടമാണ് സിനിമയില്‍ പറയുന്നത്. ഈ കാലത്തിനിടയില്‍ അവള്‍ കാണുന്ന മനുഷ്യരും അവരുടെ സ്വഭാവവൈവിധ്യങ്ങളും ചിത്രം ചര്‍ച്ച ചെയ്യുന്നു. നാടകവും ജീവിതവും ഇടകലരുന്ന ചിത്രത്തിന്‍റെ വേറിട്ട അവതരണ ശൈലിയാണ് പുരസ്കാര നേട്ടത്തിന് അര്‍ഹമാക്കിയത്. 'വ്യത്യസ്തമായ ജീവിതസാഹചര്യങ്ങളിലൂടെ കടന്നുപോവേണ്ടി വരുന്ന പെണ്‍കുട്ടിയുടെ സഹനവും അതിജീവനവും നാടകം, സിനിമ എന്നീ സങ്കേതങ്ങളുടെ സര്‍ഗാത്മകമായ സമ്മിശ്രണത്തിലൂടെ ആവിഷ്‌കരിക്കുന്ന സിനിമ'; എന്നാണ് ജൂറി വാസന്തിയെ വിലയിരുത്തുന്നത്.

അസ്വാഭാവികമായ ജീവിത സാഹചര്യങ്ങളില്‍ പെട്ടുപോകുന്ന ഒരു പെണ്‍കുട്ടിയുടെ അതിജീവനശ്രമങ്ങളുടെ തീവ്രവും ഹൃദയസ്പര്‍ശിയുമായ ഭാവാവിഷ്‌കാരം എന്നാണ് ജൂറി സ്വാസിക വിജയ്‍യുടെ അഭിനയ തികവിനെ അടയാളപ്പെടുത്തിയത്.

സ്വാസികക്ക് പുറമേ ശബരീഷ്, സിജു, വിനോദ് തോമസ് എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. കെട്ട്യോളാണ് എന്‍റെ മാലാഖ എന്ന ചിത്രത്തിന് ക്യാമറ ചലിപ്പിച്ച അഭിലാഷ് ശങ്കർ ആണ് വാസന്തിയുടെയും ഛായാഗ്രഹണം നിര്‍വ്വഹിച്ചത്. നേരം, പ്രേമം എന്നീ ചിത്രങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വ്വഹിച്ച രാജേഷ് മുരുകേഷന്‍ ആണ് ഈ ചിത്രത്തിന്‍റെയും സംഗീത സംവിധാനവും സൗണ്ട് ഡിസൈനും. പ്രൊഡക്‌ഷന്‍ ഡിസൈന്‍ ശ്രീജിത്ത് ശ്രീ, അഭിലാഷ് ബാലന്‍. വസ്ത്രാലങ്കാരം- സുനിത, സൗണ്ട് മിക്‌സ്-ഗണേഷ് മാരാര്‍, കളറിസ്റ്റ്-ലിജു പ്രഭാകര്‍, സ്റ്റില്‍ ഫോട്ടോഗ്രഫി രാജേഷ് നടരാജന്‍, അനൂപ് കുരുവിള, പ്രൊഡക്‌ഷന്‍ സപ്പോര്‍ട്ട്-ജദീര്‍ ജംഗോ, രതീഷ് രാമചന്ദ്രന്‍, ഷറഫുദ്ദീന്‍ എന്നിവരാണ്. ചിത്രത്തിലെ രണ്ട് ഗാനങ്ങള്‍ ഇത് വരെ പുറത്തുവന്നിട്ടുണ്ട്.

നേരത്തെ ജയ്പൂര്‍ ചലച്ചിത്രോല്‍സവത്തില്‍ പ്രദര്‍ശിപ്പിച്ച സിനിമ കേരളത്തില്‍ പുറത്തിറങ്ങാന്‍ വൈകുമെന്നാണ് അറിയാന്‍ സാധിച്ചത്.