LiveTV

Live

Entertainment

ബിഹാര്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പി.എം നരേന്ദ്ര മോദിയുടെ റീ റീലിസ്; തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

എത്രയും പെട്ടെന്ന് സിനിമയുടെ പ്രദര്‍ശനം നിര്‍ത്തിവെക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും സാകേത് ഗോഖലെ തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ച കത്തില്‍ പറയുന്നു.

ബിഹാര്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പി.എം നരേന്ദ്ര മോദിയുടെ റീ റീലിസ്; തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പി.എം നരേന്ദ്ര മോദി സിനിമ റീ റീലിസ് ചെയ്യുന്നതിനെതിരെ വിവരാവകാശ പ്രവര്‍ത്തകന്‍ സാകേത് ഗോഖലെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി. സിനിമയുടെ റീ റിലീസ് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്‍റെ ലംഘനമാണെന്നും 2019ലെ ലോക് സഭാ തെരഞ്ഞെടുപ്പ് സമയത്തും കമ്മീഷന് ഇത്തരത്തില്‍ പരാതി ലഭിച്ചിരുന്നതായും സാകേത് ഗോഖലെ ചൂണ്ടിക്കാട്ടി. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പെരുമാറ്റ ചട്ടം കഴിഞ്ഞമാസം 25ന് തന്നെ നിലവില്‍ വന്നതായും വരുന്ന ഒക്ടോബര്‍ 15ന് പി.എം നരേന്ദ്ര മോദി വീണ്ടും റീലിസ് ചെയ്യുന്നത് നഗ്നമായ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനമാണെന്നും എത്രയും പെട്ടെന്ന് പ്രദര്‍ശനം നിര്‍ത്തിവെക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും സാകേത് ഗോഖലെ തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ച കത്തില്‍ പറയുന്നു.

ലോക് ഡൗണിന് ശേഷമുള്ള ആദ്യ തിയേറ്റര്‍ റിലീസ് ആയാണ് പി.എം നരേന്ദ്ര മോദി സിനിമ വീണ്ടും പുറത്തിറങ്ങുന്നത്. വിവേക് ഒബ്‌റോയ് ആണ് ചിത്രത്തില്‍ മോദിയായെത്തുന്നത്. ഒമുങ് കുമാറാണ് സംവിധാനം ചെയ്യുന്നത്. മേരി കോം, സരബ്ജിത്ത്, ഭൂമി എന്നീ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് ഒമുങ്. വിവേക് ഒബ്‌റോയിയുടെ പിതാവും പ്രശസ്ത നിര്‍മാതാവുമായ സുരേഷ് ഒബ്‌റോയിയും സന്ദീപ് സിങും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. 2019 മേയിലായിരുന്നു ചിത്രം ആദ്യമായി തിയേറ്ററുകളിലെത്തിയിരുന്നത്.