LiveTV

Live

Entertainment

'ജനാധിപത്യത്തേക്കാള്‍ നല്ലത് ഏകാധിപത്യം, എല്ലാവരെയും വോട്ട് ചെയ്യാന്‍ അനുവദിക്കരുത്'; വിവാദ പ്രസ്താവനയുമായി വിജയ് ദേവരകൊണ്ട

ഒരു മാസം മുമ്പ് പുറത്തിറക്കിയ അഭിമുഖത്തിൽ നിന്നും നീക്കം ചെയ്ത ഭാഗങ്ങൾ ആണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്

'ജനാധിപത്യത്തേക്കാള്‍ നല്ലത് ഏകാധിപത്യം, എല്ലാവരെയും വോട്ട് ചെയ്യാന്‍ അനുവദിക്കരുത്'; വിവാദ പ്രസ്താവനയുമായി വിജയ് ദേവരകൊണ്ട

മുഴുവന്‍ ജനങ്ങളെയും വോട്ട് ചെയ്യാന്‍ അനുവദിക്കരുതെന്നും ജനാധിപത്യത്തെക്കാള്‍ ഏറ്റവും മികച്ചത് ഏകാധിപത്യമാണെന്നും തെലുഗ് സൂപ്പര്‍താരം വിജയ് ദേവരകൊണ്ട. ഫിലിം കമ്പാനിയന് വേണ്ടി ഭരദ്വാജ് രംഗനും അനുപമ ചോപ്രയുടെ ചേര്‍ന്ന് നടത്തിയ അഭിമുഖത്തിലാണ് താരം വിവാദ പരാമര്‍ശം നടത്തിയത്. ഒരു മാസം മുമ്പ് പുറത്തിറക്കിയ അഭിമുഖത്തിൽ നിന്നും നീക്കം ചെയ്ത ഭാ​ഗങ്ങൾ ആണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

പല തെന്നിന്ത്യന്‍ താരങ്ങളെയുംപോലെ ഭാവിയില്‍ രാഷ്ട്രീയത്തിലേക്ക് വരുമോ എന്ന അഭിമുഖകാരന്‍റെ ചോദ്യത്തിനാണ് ദേവരകൊണ്ട ഇത്തരത്തില്‍ മറുപടി നല്‍കിയത്. രാഷ്ട്രീയ പ്രവര്‍ത്തനത്തിന് വേണ്ട ക്ഷമ തനിക്കില്ലെന്നും നിലവിലെ രാഷ്ട്രീയ വ്യവസ്ഥയ്ക്ക് എന്തെങ്കിലും അർഥമുള്ളതായി തനിക്ക് തോന്നുന്നില്ലെന്നും ദേവരകൊണ്ട പറഞ്ഞു. രാജ്യത്തെ എല്ലാ പൗരൻമാരെയും വോട്ട് ചെയ്യാന്‍ അനുവദിക്കരുതെന്നാണ് തന്‍റെ പക്ഷമെന്ന് ഒരു വിമാനത്തിന്‍റെ ഉദാഹരണം കാണിച്ച് ദേവരകൊണ്ട പങ്കുവെക്കുന്നു.

വിജയ് ദേവരകൊണ്ടയുടെ വാക്കുകള്‍:

രാഷ്ട്രീയ പ്രവര്‍ത്തനത്തിനുവേണ്ട ക്ഷമ എനിക്കില്ല. മറ്റൊരു തരത്തിൽ പറയുകയാണെങ്കിൽ നിലവിലെ രാഷ്ട്രീയ വ്യവസ്ഥയ്ക്ക് എന്തെങ്കിലും അർഥമുള്ളതായി എനിക്ക് തോന്നുന്നില്ല. അതുപോലെയാണ് തെരഞ്ഞെടുപ്പുകളുടെ കാര്യവും. രാജ്യത്തെ എല്ലാ പൗരൻമാരെയും വോട്ട് ചെയ്യാന്‍ അനുവദിക്കരുതെന്നാണ് എന്റെ പക്ഷം. ഉദാഹരണത്തിന് നിങ്ങള്‍ മുംബൈയ്ക്ക് പോകാന്‍ ഒരു വിമാനത്തില്‍ കയറുന്നുവെന്ന് കരുതുക. അതിലെ എല്ലാ യാത്രക്കാരും ചേര്‍ന്നാണോ പെെലറ്റിനെ തിരഞ്ഞെടുക്കുന്നത്. അതിന് നല്ല ഏജൻസികളുണ്ട്. ഏത് കമ്പനിയുടേതാണോ ആ വിമാനം അവരാണ് അത് പറപ്പിക്കാന്‍ ഏറ്റവും അനുയോജ്യനായ വ്യക്തിയെ തിരഞ്ഞെടുക്കുന്നത്.

വോട്ട് ലഭിക്കാൻ പണവും വില കുറഞ്ഞ മദ്യവുമൊക്കെ കൊടുക്കുന്ന പരിഹാസ്യമായ കാഴ്ചകളാണ് നാം കാണുന്നത്. വോട്ട് ചെയ്യാൻ പണക്കാരെ മാത്രം അനുവദിക്കണമെന്നല്ല എന്‍റെ വാദം. വിദ്യാസമ്പന്നരായ, ഒരു ശക്തിയ്ക്കും സ്വാധീനിക്കാനാവാത്ത മധ്യവര്‍ഗ്ഗത്തെയാണ് വോട്ട് ചെയ്യാന്‍ അനുവദിക്കേണ്ടത്. പണത്തിനും സ്വാധീനത്തിനും വഴങ്ങി വോട്ട് ചെയ്യുന്നവരില്‍ പലര്‍ക്കും ആര്‍ക്കാണ് വോട്ട് ചെയ്യുന്നതെന്നോ എന്തിനുവേണ്ടിയാണ് വോട്ട് ചെയ്യുന്നതെന്നോ പോലും അറിയില്ല. അതുകൊണ്ടാണ് എല്ലാവരെയും അതിന് അനുവദിക്കരുതെന്ന് പറയുന്നത്.

പണവും മദ്യവുമുപയോഗിച്ച് വോട്ട് വാങ്ങുന്ന ഒരു തെരഞ്ഞെടുപ്പില്‍ ഞാന്‍ സ്ഥാനാര്‍ഥിയായി നിൽക്കില്ല. ഇപ്പോഴുള്ള വ്യവസ്ഥയ്ക്ക് പകരം ഏകാധിപത്യമായാല്‍ അത് തെറ്റല്ലെന്നും ഞാന്‍ ചിന്തിക്കുന്നു. അതാണ് മുന്നോട്ടു പോവാനുള്ള ഒരു വഴി. സമൂഹത്തില്‍ എന്തെങ്കിലും മാറ്റം സംഭവിക്കണമെങ്കിൽ അതാണ് നല്ലത്. 'മിണ്ടാതിരിക്കൂ, എനിക്ക് നല്ല ഉദ്ദേശങ്ങളാണ് ഉള്ളത്. നിങ്ങൾക്ക് ഗുണകരമാവുന്ന കാര്യങ്ങള്‍ എന്തെന്ന് നിങ്ങള്‍ക്കുതന്നെ അറിയില്ലായിരിക്കാം. അതെനിക്കറിയാം. അതിനായി അഞ്ചോ പത്തോ വര്‍ഷം കാത്തിരിക്കുക. ഫലം ലഭിക്കും,' ഇങ്ങനെ പറയുന്ന ഒരാളാണ് അധികാരത്തിൽ വരേണ്ടത്- വിജയ് ദേവേരക്കൊണ്ട പറയുന്നു.