LiveTV

Live

Entertainment

സഞ്ജു നന്നായി കളിക്കുമ്പോൾ എടുത്തുയർത്തിക്കോ; പക്ഷേ മോശമായി കളിക്കുമ്പോൾ താഴെയിട്ട് മെതിക്കരുത്; അപേക്ഷയുമായി മണിക്കുട്ടൻ

ആദ്യ രണ്ട് കളികൾ കഴിഞ്ഞപ്പോൾ സഞ്ജുവിനെ ആകാശം മുട്ടെ ഉയർത്തിയവർ പലരും ഇപ്പോൾ സഞ്ജുവിനെ വിമർശിക്കാനും മുന്നിലുണ്ട്

സഞ്ജു നന്നായി കളിക്കുമ്പോൾ എടുത്തുയർത്തിക്കോ; പക്ഷേ മോശമായി കളിക്കുമ്പോൾ  താഴെയിട്ട് മെതിക്കരുത്; അപേക്ഷയുമായി മണിക്കുട്ടൻ

ഒന്നുകില്‍ അങ്ങേയറ്റം,അല്ലെങ്കില്‍ ഇങ്ങേയറ്റം താരങ്ങളെ ആരാധിക്കുന്ന കാര്യത്തില്‍ മലയാളികളുടെ മനോഭാവം ഇങ്ങിനെയാണ്. വാനോളം പൊക്കിയിട്ട് എന്തെങ്കിലും ചെറിയ പിശകുണ്ടായാല്‍ അപ്പോള്‍ താഴെയിടും. മലയാളി ക്രിക്കറ്റ് താരമായ സഞ്ജു സാംസണെയും ഇങ്ങിനെയാണ് മലയാളി ആഘോഷിച്ചത്. സഞ്ജുവിനെതിരെ ഇപ്പോള്‍ ഉയരുന്ന ആരോപണങ്ങള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടന്‍ മണിക്കുട്ടന്‍

മണിക്കുട്ടന്റെ കുറിപ്പ് വായിക്കാം

പ്രിയപ്പെട്ട സഞ്ജു ,ഒരു നന്ദി പറഞ്ഞ് കൊണ്ട് തുടങ്ങട്ടെ, ക്രിക്കറ്റിനോട് അധികം താത്പര്യമില്ലാത്ത എൻ്റെ അച്ഛനെ പോലും രാജസ്ഥാൻ റോയൽസ് കളിക്കുന്ന ദിവസം അദേഹത്തിന്റെ ഇഷ്ട്ട ചാനൽ പരിപാടികൾ മാറ്റി വച്ച് ഐ.പി.എൽ കാണാൻ പ്രേരിപ്പിക്കുന്നതിന് ഒരുപാട് നന്ദി. മലയാളി കുടുംബങ്ങൾക്കിടയിൽ പോലും ക്രിക്കറ്റ് എന്ന ഗെയിമിന് ഇത്രയധികം ജനപ്രീതി നൽകാൻ സഞ്ജുവിന് സാധിക്കുന്നതിൽ ഒരു മലയാളി എന്ന നിലയിൽ , സഞ്ജുവിനെ പല തവണ കാണാനും സംസാരിക്കാനും സാധിച്ച ഒരു തിരുവനന്തപുരംകാരനെന്ന നിലയിൽ അഭിമാനമുണ്ട്.

ഒരു സുഹൃത്ത് എന്നതിലുപരി സഞ്ജു സാംസൺ എന്ന ക്രിക്കറ്ററുടെ ആരാധകൻ കൂടിയാണ് ഞാൻ . ഒരു ക്രിക്കറ്റർ എന്ന നിലയിൽ , പക്വതയോടെ സംസാരിക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ , നന്മയുള്ള ഒരു മനുഷ്യൻ എന്ന നിലയിൽ എല്ലാ മലയാളികളെയും പോലെ സഞ്ജുവിനെ ഞാനും ഇഷ്ട്ടപെടുന്നു. എല്ലാ ഫീൽഡിലും തിളങ്ങി നിൽക്കുന്നവർക്ക് ഒരു നല്ല സമയവും മോശം സമയവും കാണും. ഈ ഐ.പി.എൽ സഞ്ജുവിന്റേതാകും എന്ന തോന്നൽ ജനിപ്പിക്കുന്നതായിരുന്ന ആദ്യ രണ്ട് കളികളിലെയും സഞ്ജുവിൻറെ പ്രകടനം. പക്ഷേ നിർഭാഗ്യവശാൽ തുടർന്നുള്ള കളികളിൽ എന്തുകൊണ്ടോ അത് തുടരാൻ സാധിച്ചില്ല. പക്ഷേ വരുന്ന കളികളിൽ സഞ്ജു ശക്തമായി തിരിച്ച് വരും എന്നതിൽ ഒരു സംശയവുമില്ല. ആദ്യ രണ്ട് കളികൾ കഴിഞ്ഞപ്പോൾ സഞ്ജുവിനെ ആകാശം മുട്ടെ ഉയർത്തിയവർ പലരും ഇപ്പോൾ സഞ്ജുവിനെ വിമർശിക്കാനും മുന്നിലുണ്ട്. ഇതൊക്കെ എല്ലാ ഫീൽഡിലും ഉള്ള കാര്യമാണ്. ഒരു മലയാളി രാജ്യം അറിയുന്ന രീതിയിൽ വളരുക എന്നത് എളുപ്പമുള്ള കാര്യമല്ല. എതിർപ്പുകൾ ഉണ്ടാകും. തടയാനുള്ള നീക്കങ്ങൾ ഉണ്ടാകും. അത് എതിർ വിഭാഗത്തിൽ നിന്ന് മാത്രമല്ല കൂടെയുള്ളവരിൽ നിന്ന് പോലും ഉണ്ടാകും.

ഐ.പി.എൽ മത്സരങ്ങൾക്കിടയിൽ കാണിക്കുന്ന പരസ്യങ്ങളിൽ ഒരു കണ്ണാടി കമ്പനിയുടെ പരസ്യമുണ്ട്. അതിലെ ഒരു പരസ്യത്തിൽ സഞ്ജുവും അമിത് മിശ്രയും ചേർന്ന് ഒരു ക്യാച്ച് മിസ് ചെയ്യുന്നത് കാണിക്കുന്നുണ്ട്. തിരിഞ്ഞ് നടക്കുന്ന സഞ്ജുവിനെ ദേഷ്യത്തോടെ നോക്കുന്ന അമിത് മിശ്ര. പൊതുവിൽ ഇത് കാണുന്നവർക്ക് പ്രത്യേകിച്ചൊന്നും തോന്നില്ല.പൊളാർഡിനെയൊക്കെ വച്ചും ഇവർ പരസ്യം ചെയ്തല്ലോ പിന്നെന്താ കുഴപ്പം എന്ന് നിഷ്കളങ്കമായി തോന്നാം. പക്ഷേ ഫീൽഡിങ്ങിൽ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച കളിക്കാരിലൊരാളായ സഞ്ജു അപൂർവമായി നടത്തിയ ആ മിസ് ക്യാച്ച് പരസ്യ രൂപത്തിൽ വീണ്ടും വീണ്ടും കാണിച്ച് ജനങ്ങൾക്കിടയിൽ സഞ്ജുവിനെ ഒരു മോശം ഫീൽഡറാക്കി കാണിക്കാനുള്ള ശ്രമം നടക്കുന്നില്ലേ എന്നെനിക്ക് തോന്നാറുണ്ട്. രാജസ്ഥാൻ റോയൽസിന് വേണ്ടി സഞ്ജു ഒരു മികച്ച ഫീൽഡിങ് പ്രകടനം കാഴ്ച വച്ച ശേഷം വരുന്ന ഇടവേളയിൽ ഇത്തരമൊരു പരസ്യം വരുന്നത് എത്രത്തോളം അരോചകമാണെന്ന് ചിന്തിച്ചിട്ടുണ്ടോ ? പരസ്യങ്ങള്‍ താരങ്ങളുടെ മനോവീര്യം കെടുത്താത്തവയാകാമല്ലോ ? എത്രയോ ബ്രാന്‍ഡുകള്‍ നല്ല രീതിയില്‍ പരസ്യങ്ങള്‍ ചെയ്യുന്നുണ്ട്. ധോണിയെ പോലൊരാള്‍ കളമൊഴിഞ്ഞ സാഹചര്യത്തില്‍ ആ സ്ഥാനത്തേയ്ക്ക് സാധ്യത കല്‍പ്പിക്കപ്പെടുന്ന ഒരാളെ താഴ്ത്തിക്കെട്ടുന്നത് മര്യാദയല്ല.സഞ്ജുവിനെ ധോണിയ്ക്ക് പകരമുള്ള ഒരാൾ എന്നൊന്നും പറയുന്നില്ല. അങ്ങനെ ആരെങ്കിലും ആരുടെയെങ്കിലുമൊക്കെ പകരമാകുമെന്ന് തോന്നുന്നില്ല. സച്ചിനും ദ്രാവിഡും ധോണിയും യുവരാജ്ഉം സേവാങ്ങും ഗാംഗുലിയുമൊക്കെ ലെജന്ഡ്സ് ആണ്. അവർക്കൊന്നും ആരും പകരമാകില്ല. സഞ്ജുവിന് സ്വന്തമായി ഐഡന്റിറ്റി ഉണ്ട്. അതിൽ മുന്നോട്ട് വരാൻ സഞ്ജുവിന് നമ്മൾ പരമാവധി പിന്തുണ നൽകണം എന്ന് മാത്രം.