LiveTV

Live

Entertainment

സുശാന്ത് സിംഗ് കേസില്‍ വ്യാജ ട്വീറ്റ്; ആജ് തക്ക് ചാനലിന് ഒരു ലക്ഷം പിഴ ശിക്ഷ

വാര്‍ത്താ ചാനലുകളായ സീ ന്യൂസ്, ന്യൂസ് 24 എന്നിവര്‍ക്കെതിരെയും എന്‍.ബി.എസ്.എ നടപടിയെടുത്തിട്ടുണ്ട്.

സുശാന്ത് സിംഗ് കേസില്‍ വ്യാജ ട്വീറ്റ്; ആജ് തക്ക് ചാനലിന് ഒരു ലക്ഷം പിഴ ശിക്ഷ

ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്‍പുതിന്‍റെ മരണത്തോടനുബന്ധിച്ചുള്ള കേസില്‍ വ്യാജ ട്വീറ്റ് പ്രചരിപ്പിച്ചതിന് ന്യൂസ് ബ്രോഡ്കാസ്റ്റിങ് സ്റ്റാന്‍റേര്‍ഡ്സ് അതോറിറ്റി ആജ് തക്ക് ചാനലിന് ഒരു ലക്ഷം പിഴ ശിക്ഷ വിധിച്ചു. പിഴ ശിക്ഷക്ക് പുറമെ പരസ്യമായി ടെലിവിഷനിലൂടെ മാപ്പ് പറയാനും എന്‍.ബി.എസ്.എ ഉത്തരവിട്ടതായി ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്തു.

സുശാന്ത് സിംഗ് കേസിനോടനുബന്ധിച്ചുള്ള ട്വീറ്റോ രേഖയോ ടെലിവിഷനില്‍ സംപ്രേക്ഷണം ചെയ്യുന്നതിന് മുമ്പ് വേണ്ടത്ര ജാഗ്രത കാണിച്ചില്ലെന്ന് എന്‍.ബി.എസ്.എ ഒക്ടോബര്‍ ആറിന് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ഈ കേസുമായി ബന്ധപ്പെട്ട പ്രോഗ്രാമുകളുടെ വീഡിയോകള്‍, വെബ് സൈറ്റില്‍ നിന്നും യൂ ട്യൂബില്‍ നിന്നും എത്രയും പെട്ടെന്ന് നീക്കം ചെയ്യാനും ഉത്തരവില്‍ ആവശ്യപ്പെടുന്നുണ്ട്.

ടെലിവിഷനിലൂടെ മാപ്പ് അപേക്ഷിക്കേണ്ട ഉള്ളടക്കം, സമയം, തിയ്യതി എന്നിവയെക്കുറിച്ച് അറിയിക്കാമെന്നും അതോറിറ്റി പറഞ്ഞു. മാപ്പ് അപേക്ഷ ടി.വിയില്‍ സംപ്രേക്ഷണം ചെയ്തതിന്‍റെ സി.ഡി രേഖ ഏഴ് ദിവസത്തിനുള്ളില്‍ അതോറിറ്റിയെ ഏല്‍പ്പിക്കാനും ഉത്തരവില്‍ പറയുന്നുണ്ട്.

ആജ് തക്കിന് പുറമേ എന്‍.ബി.എസ്.എയുടെ മാര്‍ഗനിര്‍ദ്ദേശം അത്യന്തം മോശമായ രീതിയില്‍ ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടി ഇന്ത്യ ടി.വി ന്യൂസിനെതിരെയും അതോറിറ്റി നടപടി സ്വീകരിച്ചു. സുശാന്ത് സിംഗ് രജ്പുത് മരിച്ചുകിടക്കുന്ന മൃതദേഹം സംപ്രേക്ഷണം ചെയ്തതിനാണ് ഇന്ത്യാ ടി.വി ന്യൂസിനെതിരെ നടപടി. ഇവര്‍ മാപ്പ് പറയണമെന്ന് അതോറിറ്റി ആവശ്യപ്പെട്ടു. മറ്റു വാര്‍ത്താ ചാനലുകളായ സീ ന്യൂസ്, ന്യൂസ് 24 എന്നിവര്‍ക്കെതിരെയും എന്‍.ബി.എസ്.എ നടപടിയെടുത്തിട്ടുണ്ട്. ഈ രണ്ടു ചാനലുകളും അവര്‍ സംപ്രേക്ഷണം ചെയ്ത പ്രത്യേക പരിപാടികളുടെ പേരില്‍ ടി.വിയിലൂടെ പരസ്യമായി മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു. ന്യൂസ് നാഷന്‍, എ.ബി.പി ന്യൂസ് എന്നിവരെ ശാസിച്ചതായും ന്യൂസ് ലോണ്ട്രി റിപ്പോര്‍ട്ട് ചെയ്യുന്നു.

രാജ്യത്തെ വാര്‍ത്താ ചാനലുകളുടെ സ്വാതന്ത്രൃ സംഘടനയാണ് എന്‍.ബി.എസ്.എ. എന്‍.ബി.എക്ക് കീഴിലുള്ള എന്‍.ബി.എസ്.എയുടെ ഇപ്പോഴത്തെ പ്രസിഡന്‍റ് ഇന്ത്യ ടി.വിയുടെ എഡിറ്റര്‍ ഇന്‍ ചീഫായ രജത് ശര്‍മ്മയാണ്.

കഴിഞ്ഞ ഏതാനു മാസങ്ങളായി ബോളിവുഡ് നടന്‍ സുശാന്ത് സിംഗിന്‍റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങളിലാണ് ദേശീയ മാധ്യമങ്ങള്‍. മുംബൈ പൊലീസ് ആത്മഹത്യയാണെന്ന് പറഞ്ഞെങ്കിലും സുശാന്തിന്‍റെ പഴയ കാമുകി റിയ ചക്രബര്‍ത്തിക്കെതിരെ കുടുംബം ബിഹാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. നിലവില്‍ സി.ബി.ഐ, ഇ.ഡി, നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ എന്നിവയടക്കം മൂന്ന് കേന്ദ്ര ഏജന്‍സികളാണ് സുശാന്തിന്‍റെ മരണം അന്വേഷിക്കുന്നത്.

നേരത്തെ സെപ്റ്റംബര്‍ 3ന് ബോംബൈ ഹൈക്കോടതി വാര്‍ത്താ ചാനലുകളുടെ റിപ്പോര്‍ട്ടിങിനെ വിമര്‍ശിച്ച് രംഗത്തുവന്നിരുന്നു.