LiveTV

Live

Entertainment

ബാലസുബ്രഹ്മണ്യത്തിന് ആദരം അർപ്പിച്ച് ഗാനം; വൈറലായതിനു പിന്നാലെ യൂട്യൂബിൽ നിയമക്കുരുക്ക്

മലേഷ്യൻ ചാനൽ പ്രക്ഷേപണം ചെയ്ത എസ്.പി.ബി.യുടെ അഭിമുഖത്തിൽ നിന്നുള്ള ഭാഗം ഉപയോഗിച്ചുവെന്ന് ആരോപിച്ചാണ് കോപ്പിറൈറ് ക്ലെയിം

ബാലസുബ്രഹ്മണ്യത്തിന് ആദരം അർപ്പിച്ച് ഗാനം; വൈറലായതിനു പിന്നാലെ യൂട്യൂബിൽ  നിയമക്കുരുക്ക്

അന്തരിച്ച പ്രശസ്ത ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിന് ആദരം അർപ്പിച്ച് നിർമിച്ച പാട്ടിനു നിയമക്കുരുക്ക്. രാജീവ്‌ ഗോവിന്ദന്റെ വരികൾക്ക് രാഹുൽ രാജ് സംഗീതം നിർവഹിച്ച 'അഞ്ജലി പ്രാണാഞ്ജലി' എന്ന ഗാനം ആണ് കോപ്പിറൈറ് ആരോപിച്ച് യൂട്യൂബ് പിൻവലിച്ചത്. ഗാനം ഒരുലക്ഷത്തിൽപരം വ്യൂസ്‌ നേടി മുന്നേറുമ്പോഴാണ്‌ സംഭവം.

മലേഷ്യയിൽ നിന്നുള്ള യൂട്യൂബ് ചാനൽ ആണ് വിഡിയോയുടെ അവകാശത്തിനായി ക്ലെയിം ചെയ്തത്. മലേഷ്യൻ ചാനൽ പ്രക്ഷേപണം ചെയ്ത എസ്.പി.ബി.യുടെ അഭിമുഖത്തിൽ നിന്നുള്ള ഭാഗം ഉപയോഗിച്ചുവെന്ന് ആരോപിച്ചാണ് കോപ്പിറൈറ് ക്ലെയിം. അവർ ഉപയോഗിച്ച 22 സെക്കന്റ് വരുന്ന ശകലം ഈ ഗാനത്തിൽ ഉൾപ്പെടുത്തിയെന്ന പരാതിയെ തുടർന്നാണ് യൂട്യൂബ് വീഡിയോ നീക്കം ചെയ്തത്.

ഗാനമേളയ്ക്കായി 15 രൂപ പ്രതിഫലം വാങ്ങി പാടിയിരുന്ന കാലഘട്ടത്തെ കുറിച്ച് എസ്.പി ബാലസുബ്രഹ്മണ്യം പറയുന്ന 22 സെക്കന്റ് ദൈർഘ്യമുള്ള അഭിമുഖ ശകലമാണ് 'അഞ്ജലി പ്രാണാഞ്ജലി' എന്ന ഗാനത്തിനിടയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

വീഡിയോയുടെ ഭാഗം ഉപയോഗിച്ചതിന് ഭീമമായ തുകയാണ് മലേഷ്യൻ യൂട്യൂബ് ചാനൽ ആവശ്യപ്പെട്ടതെന്ന് സംഗീത സംവിധായകൻ രാഹുൽ രാജ് പറഞ്ഞു

'സാമ്പത്തിക ലക്ഷ്യം വച്ചല്ല ഞങ്ങൾ ഇത് ചെയ്തത്. പക്ഷേ അദ്ദേഹത്തിന്റെ ആരാധകർ എന്ന് പറയുന്നവർ പോലും ആ വീഡിയോയുടെ പേരിൽ കോപ്പിറൈറ് ആരോപിച്ച് ഡോളറുകൾ ആവശ്യപ്പെടുന്നുവെന്നത് തീർത്തും ദുഃഖകരമായ കാര്യമാണ്'. രാഹുൽ രാജ് പറഞ്ഞു