LiveTV

Live

Entertainment

നിര്‍ത്തിയിടത്ത് നിന്നും വീണ്ടും തുടങ്ങുന്നു; ആര്‍.ആര്‍.ആര്‍ ഷൂട്ടിംഗ് പുനരാരംഭിച്ചതായി രാജമൌലി

ഷൂട്ടിംഗ് തുടങ്ങി കുറച്ചുകഴിഞ്ഞപ്പോഴേക്കും കോവിഡ് മൂലം ചിത്രീകരണം നിര്‍ത്തിവയ്ക്കേണ്ടി വന്നു

നിര്‍ത്തിയിടത്ത് നിന്നും വീണ്ടും തുടങ്ങുന്നു; ആര്‍.ആര്‍.ആര്‍ ഷൂട്ടിംഗ് പുനരാരംഭിച്ചതായി രാജമൌലി

ബാഹുബലിക്ക് ശേഷം എസ്.രാജമൌലിയുടെ പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധാകര്‍. കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടായിരുന്നു ആര്‍.ആര്‍.ആര്‍ എന്ന സിനിമയുടെ പ്രഖ്യാപനം. ഷൂട്ടിംഗ് തുടങ്ങി കുറച്ചുകഴിഞ്ഞപ്പോഴേക്കും കോവിഡ് മൂലം ചിത്രീകരണം നിര്‍ത്തിവയ്ക്കേണ്ടി വന്നു. മാസങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ വീണ്ടും ആര്‍.ആര്‍.ആര്‍ സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. രാജമൌലി തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. ഇതിന്റെ ഒരു വീഡിയോ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടുണ്ട്.

300 കോടി ബഡ്ജറ്റിൽ ഒരുക്കുന്ന ചിത്രമാണ് ആർ ആർ ആർ. രൗദ്രം രണം രുദിരം ( ആര്‍ആര്‍ആര്‍) എന്നാണ് ചിത്രത്തിന്റെ പേര്. ബാഹുബലിക്ക് ശേഷം അദ്ദേഹം ഒരുക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ അണിയറ പ്രവർത്തകർ നേരത്തെ പുറത്തുവിട്ടിരുന്നു. ജൂനിയര്‍ എൻ.ടി.ആര്‍., രാംചരണ്‍ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ആലിയ ഭട്ട്, അജയ് ദേവ്ഗൺ എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്ന ഈ ചിത്രം പറയുന്നത് 1920കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്യ സമരസേനാനികളുടെ കഥയാണ്.

ബാഹുബലിക്ക് പിന്നിൽ പ്രവർത്തിച്ച ആളുകൾ തന്നെയാണ് ഈ ചിത്രത്തിലും പ്രവർത്തിക്കുന്നത്.

ഛായാഗ്രഹണം കെ.കെ. സെന്തിൽകുമാറും, പ്രൊഡക്‌ഷൻ ഡിസൈനിങ് സാബു സിറിലും, കഥ വി. വിജയേന്ദ്ര പ്രസാദും സംഗീതം കീരവാണിയും വിഎഫ്എക്സ് വി. ശ്രീനിവാസ് മോഹനനും, എഡിറ്റിങ് ശ്രീകർ പ്രസാദുംകോസ്റ്റ്യൂം രാമ രാജമൗലിയും നിർവഹിക്കുന്നു.