LiveTV

Live

Entertainment

സുശാന്തിന്‍റെ മരണത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ 80000ലേറെ വ്യാജ അക്കൗണ്ടുകൾ: അന്വേഷണം തുടങ്ങി

മഹാരാഷ്ട്ര സര്‍ക്കാരിനെയും മുംബൈ പൊലീസിനെയും അപകീര്‍ത്തിപ്പെടുത്തുക എന്നതായിരുന്നു ഈ അക്കൌണ്ടുകളുടെ ലക്ഷ്യമെന്നാണ് മുംബൈ പൊലീസിന്‍റെ കണ്ടെത്തല്‍.

സുശാന്തിന്‍റെ മരണത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ 80000ലേറെ വ്യാജ അക്കൗണ്ടുകൾ: അന്വേഷണം തുടങ്ങി

നടൻ സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളിൽ 80000ത്തിലേറെ വ്യാജ അക്കൗണ്ടുകൾ സൃഷ്ടിക്കപ്പെട്ടെന്ന് മുംബൈ പൊലീസ്. മഹാരാഷ്ട്ര സര്‍ക്കാരിനെയും മുംബൈ പൊലീസിനെയും അപകീര്‍ത്തിപ്പെടുത്തുക എന്നതായിരുന്നു ഈ അക്കൌണ്ടുകളുടെ ലക്ഷ്യമെന്നാണ് മുംബൈ പൊലീസിന്‍റെ കണ്ടെത്തല്‍.

ജസ്റ്റിസ് ഫോര്‍ സുശാന്ത്, എസ്എസ്ആര്‍ തുടങ്ങിയ ഹാഷ്ടാഗുകളുമായാണ് വ്യാജ അക്കൌണ്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത്. വ്യാജൻമാർക്കെതിരെ നടപടിയെടുക്കാൻ മുംബൈ പോലീസ് കമ്മീഷണർ നിര്‍ദേശം നല്‍കി. സൈബര്‍ സെല്ലിനോട് ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്താനും ആവശ്യപ്പെട്ടിട്ടുണ്ട്.

മിഷിഗണ്‍ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലും നടന്‍റെ മരണം രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കാന്‍ ബിജെപി ഗൂഢാലോചന നടത്തിയെന്ന് കണ്ടെത്തിയിട്ടുണ്ട്. ജൂണ്‍ 14 മുതല്‍ സെപ്തംബര്‍ 12 വരെയുള്ള സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകള്‍ പരിശോധിച്ചാണ് ഈ നിഗമനത്തില്‍ എത്തിയത്. ബിഹാര്‍ തെരഞ്ഞെടുപ്പ് ഉള്‍പ്പെടെ മുന്നില്‍ക്കണ്ടുള്ള ബിജെപിയുടെ ഗൂഢാലോചനയായിരുന്നു ഇതെന്നാണ് ഉയരുന്ന വിമര്‍ശനം. ഒപ്പം കോവിഡ് പ്രതിസന്ധി, അതിഥി തൊഴിലാളികളുടെ ദുരിതങ്ങള്‍ തുടങ്ങിയ പ്രശ്നങ്ങളില്‍ നിന്ന് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ഈ കേസ് അന്വേഷണത്തിലേക്ക് ചുരുക്കാനാണ് ബിജെപി ശ്രമിച്ചതെന്നും ആരോപണം ഉയര്‍ന്നിരുന്നു.

ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ അന്വേഷണം സിബിഐക്ക് കൈമാറി. അന്വേഷണത്തില്‍ ഇതുവരെ സുശാന്തിന്‍റെ മരണം കൊലപാതകമാണെന്നതിന് തെളിവ് ലഭിച്ചിട്ടില്ല. എയിംസിലെ ഡോക്ടര്‍മാരുടെ സംഘവും നടന്‍റെ മരണം ആത്മഹത്യയാണെന്നാണ് റിപ്പോര്‍ട്ട് നല്‍കിയത്.