LiveTV

Live

Entertainment

വിജയ് സേതുപതിയുടെ ഫാന്‍സ് അസോസിയേഷന്‍ പ്രസിഡന്‍റ് ആകുന്നതിനെ ചൊല്ലി തര്‍ക്കം: സംസ്ഥാന പ്രസിഡന്‍റിനെ വെട്ടിക്കൊന്നു

വിജയ് സേതുപതി ഫാൻസ് അസോസിയേഷൻ പുതുച്ചേരി പ്രസിഡന്‍റ് മണികണ്ഠനാണ് കൊല്ലപ്പെട്ടത്.

വിജയ് സേതുപതിയുടെ ഫാന്‍സ് അസോസിയേഷന്‍ പ്രസിഡന്‍റ്  ആകുന്നതിനെ ചൊല്ലി തര്‍ക്കം:  സംസ്ഥാന പ്രസിഡന്‍റിനെ വെട്ടിക്കൊന്നു

ഫാന്‍സ് അസോസിയേഷന്‍ പ്രസിഡന്‍റ് ആകുന്നതിനെ ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് നടൻ വിജയ് സേതുപതിയുടെ ആരാധക സംഘടനയുടെ സംസ്ഥാന പ്രസിഡന്‍റിനെ വെട്ടിക്കൊലപ്പെടുത്തി. വിജയ് സേതുപതി ഫാൻസ് അസോസിയേഷൻ പുതുച്ചേരി പ്രസിഡന്‍റ് മണികണ്ഠനാണ് കൊല്ലപ്പെട്ടത്. 36 വയസ്സായിരുന്നു. ഞായറാഴ്ച രാത്രിയിൽ നെല്ലിക്കുപ്പത്തായിരുന്നു സംഭവം. ഇരുചക്രവാഹനത്തിൽ വീട്ടിലേക്ക് പോകുന്നതിനിടെ അക്രമികൾ തടഞ്ഞുനിർത്തി മൂർച്ചയേറിയ ആയുധം കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചതിനുശേഷം കടന്നുകളയുകയായിരുന്നു. പിന്നീട് പോലീസെത്തിയാണ് മണികണ്ഠനെ ആശുപത്രിയിൽ എത്തിച്ചത്. പെയിന്‍റിംഗ് ജോലിക്കാരനാണ് കൊല്ലപ്പെട്ട മണികണ്ഠന്‍.

ഫാന്‍സ് അസോസിയേഷന്‍റെ പുതുച്ചേരി സംസ്ഥാന പ്രസിഡന്‍റ് സ്ഥാനത്തിനായി മണികണ്ഠനും രാജശേഖർ എന്നയാളും തമ്മിൽ തർക്കമുണ്ടായിരുന്നു. രാജശേഖർ അടക്കം മൂന്ന് പേരാണ് കൊലപാതകത്തിന് പിന്നില്‍. ഇവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ആറ് മാസം കഴിഞ്ഞാല്‍ സ്ഥാനം ഒഴിയണമെന്ന ധാരണയിലാണ് മണികണ്ഠനെ പ്രസിഡന്‍റാക്കിയത്. എന്നാല്‍ പിന്നീട് മണികണ്ഠന്‍ സ്ഥാനം ഒഴിയാന്‍ തയ്യാറായില്ല. ഇതാണ് ഇരുവര്‍ക്കുമിടയില്‍ തര്‍ക്കത്തിന് കാരണമായത്. പലതവണ മണികണ്ഠനും രാജശേഖറും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാൻ ചർച്ച നടന്നിരുന്നു. പ്രസിഡന്‍റ് സ്ഥാനമെന്ന നിലപാടിൽ രാജശേഖർ വിട്ടുവീഴ്ച ചെയ്തില്ല. അതിനിടയ്ക്ക് ഇരുവരും തമ്മില്‍ പലപ്പോഴും വാക്കേറ്റമുണ്ടാകുകയും ചെയ്തു. കൊലപ്പെടുത്തുമെന്ന് രാജശേഖർ ഭീഷണിപ്പെടുത്തിയതായും പറയപ്പെടുന്നു. ഫാന്‍സ് അസോസിയേഷനില്‍ പ്രസിഡന്‍റ് സ്ഥാനം ലഭിക്കാതിരുന്നതിനെത്തുടർന്ന് രാജശേഖർ സ്വന്തമായി ഒരു പുതിയ ആരാധകസംഘടനയുണ്ടാക്കിയിരുന്നു. പക്ഷേ, ഇതിന് അംഗീകാരം ലഭിച്ചിരുന്നില്ല.